ArticleLatest NewsWriters' Corner

ജോസഫ് സ്റ്റാലിന്റെ ഓർഡർ നമ്പർ 227 : ക്രൂരമായ, കുപ്രസിദ്ധമായ ആ സുഗ്രീവാജ്ഞ എന്തായിരുന്നു.?

സീതയെ കണ്ടെത്താതെ തിരിച്ചു വരുന്നവരെ വധിച്ചു കളയുമെന്നുള്ള വാനര രാജാവിന്റെ കല്പന പോലെ, സൈനിക ചരിത്രത്തിലെ സുഗ്രീവാജ്ഞയാണ് ഓർഡർ നമ്പർ 227 എന്ന കുപ്രസിദ്ധമായ ഉത്തരവ്. ഇത് പുറപ്പെടുവിച്ചത് സാക്ഷാൽ ജോസഫ് സ്റ്റാലിനാണ്. “ഒരു ചുവടു പോലും പിന്നോട്ടില്ല” എന്നർത്ഥമുള്ള, റഷ്യൻ ഭാഷയിലെ “നി ഷാഗു നസ(ദ്)” എന്ന വരികളായിരുന്നു ഈ കല്പനയുടെ മൂലമന്ത്രം. ആഗോള യുദ്ധചരിത്രത്തിലെ ഏറ്റവും ശക്തമായ ഉത്തരവുകളിലൊന്നായാണ് ഓർഡർ നമ്പർ 227 കണക്കാക്കപ്പെടുന്നത്.

രണ്ടാംലോക മഹായുദ്ധത്തിൽ, സഖ്യകക്ഷികളും അച്ചുതണ്ട് ശക്തികളും തമ്മിൽ കിഴക്കൻ മുന്നണിയിൽ നടന്ന പോരാട്ടങ്ങളിൽ സൈനികർ ഭയചകിതരായി തിരിഞ്ഞോടിയതിനാൽ സോവിയറ്റ് യൂണിയന് വൻനഷ്ടം സംഭവിച്ചു. ഡോൺ നദിയുടെ തീരപ്രദേശമായ വൊറോണേസും , വടക്കൻ കോക്കസസിന്റെ കവാടപ്രദേശങ്ങളും ശത്രുക്കൾ കൈയടക്കാൻ ഇതു കാരണമായി. ഇക്കാര്യമറിഞ്ഞ സ്റ്റാലിൻ കോപം കൊണ്ട് ജ്വലിച്ചു.
ഇതേ തുടർന്ന്, 28 ജൂലൈ 1944ന് ജോസഫ് സ്റ്റാലിൻ പുറപ്പെടുവിച്ച ഉത്തരവാണ് ഓർഡർ നമ്പർ 227.

ഓരോ സൈനിക യൂണിറ്റിലും ഒന്നു മുതൽ മൂന്നു വരെ പീനൽ ബറ്റാലിയനുകൾ രൂപീകരിക്കാൻ അദ്ദേഹം കൽപ്പന നൽകി. എന്തെങ്കിലും കുറ്റത്തിന് മിലിട്ടറി കോടതി കുറ്റക്കാരെന്ന് വിധിച്ച സൈനികരെ മാത്രം ഉൾപ്പെടുത്തി രൂപം നൽകുന്ന ബറ്റാലിയനുകളാണ് പീനൽ ബറ്റാലിയനുകൾ. സ്റ്റാലിന്റെ കല്പനപ്രകാരം, ഇനിമുതൽ ഇവരുടെ സ്ഥിരം സ്ഥാനം, യുദ്ധത്തിലേർപ്പെടുന്ന മിലിറ്ററി ഗ്രൂപ്പിന്റെ ഏറ്റവും മുന്നിലായിരിക്കും. അത്യന്തം അപകടകരമായ, ആത്മഹത്യാപരമായ മിഷനുകൾക്ക്‌ ഇവരെയായിരിക്കും നിയോഗിക്കുക. ഏതാണ്ട് നാലു ലക്ഷത്തി മുപ്പതിനായിരം പേർ ഈ കാലയളവിൽ പീനൽ ബറ്റാലിയനിൽ അംഗങ്ങളായി എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

മരണം പതിയിരിക്കുന്ന സ്ഥലങ്ങളിൽ ഇത്തരം ചാവേർ ദൗത്യങ്ങളിലേർപ്പെടുന്ന നല്ലൊരു ശതമാനം പട്ടാളക്കാരും കൊല്ലപ്പെട്ടിരുന്നു. അതു കൊണ്ടു തന്നെ, പട്ടാളക്കാർ യുദ്ധഭൂമി ഉപേക്ഷിച്ച് ഓടാനുള്ള സാധ്യതകൾ അധികമാണെന്ന് മനസ്സിലാക്കിയ സ്റ്റാലിൻ, ‘ബ്ലോക്കിങ് ഡിറ്റാച്ച്മെന്റ്സ്’ എന്ന പ്രത്യേകമൊരു മിലിറ്ററി ട്രൂപ്പ് കൂടി രൂപീകരിക്കാൻ കൽപ്പന പുറപ്പെടുവിച്ചു. മുൻപിൽ നിന്ന് യുദ്ധം ചെയ്യാൻ നിയോഗിക്കപ്പെട്ട പീനൽ ബറ്റാലിയന്റെ തൊട്ടുപിറകിലായിരുന്നു ഇവരുടെ സ്ഥാനം. സോവിയറ്റ് പോരാളികൾ ശത്രുക്കളെ പേടിച്ച് തിരിഞ്ഞോടിയിരുന്നത് തടയുകയായിരുന്നു ‘ബ്ലോക്കിങ് ഡിറ്റാച്ച്മെന്റ്സിനു രൂപം നൽകിയതിലൂടെ സ്റ്റാലിൻ ലക്ഷ്യമിട്ടത്. അഥവാ, ആരെങ്കിലും പേടി മൂലം തിരിഞ്ഞോടുകയോ യുദ്ധമുന്നണിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുകയോ ചെയ്താൽ രണ്ടാമതൊന്നാലോചിക്കാതെ അവരെ വെടിവച്ചു കൊല്ലാൻ ബ്ലോക്കിങ് ഡിറ്റാച്ച്മെന്റ്സ് കമാൻഡർമാർക്ക് നിർദേശം ലഭിച്ചു.

ആത്മവിശ്വാസം കെടുത്തുന്ന രീതിയിൽ സംസാരിക്കുകയോ, സൈനികർക്കിടയിൽ ഭയം വളർത്തുന്ന രീതിയിൽ എന്തെങ്കിലും പരാമർശിക്കുകയോ ചെയ്യുന്നവരെയും സ്പോട്ടിൽ തന്നെ വെടിവെച്ചു കൊല്ലാൻ സ്റ്റാലിൻ മേലുദ്യോഗസ്ഥർ മുഖേന ഇവർക്ക് കൽപ്പന നൽകി. യുദ്ധമുഖത്ത് സമൂലമായ പരിഷ്കരണങ്ങൾ കൊണ്ടുവന്ന കുപ്രസിദ്ധമായ ഈ കല്പനയാണ് ഓർഡർ നമ്പർ 227. .

യാതൊരു കാരണവശാലും യുദ്ധമുഖത്തു നിന്നും സൈന്യത്തെ പിൻവലിക്കാൻ കമാൻഡർമാർക്ക് അധികാരമുണ്ടായിരുന്നില്ല. അങ്ങനെ ചെയ്ത സൈനിക ഓഫീസർമാരെല്ലാം പദവി പോലും പരിഗണിക്കാതെ കോർട്ട് മാർഷലിനു വിധേയരാവുകയും, ചിലപ്പോൾ സ്വയം പീനൽ ബറ്റാലിയനെന്ന ചാവേർ സ്‌ക്വാഡിൽ അംഗമാവേണ്ടി വരികയും ചെയ്തിരുന്നു.

അതിക്രൂരമായി തന്നെ ഓർഡർ 227 നടപ്പിലാക്കപ്പെട്ടു. വിമുഖതയോടെയാണെങ്കിലും, മനസ്സ് കല്ലാക്കി സോവിയറ്റ് പട്ടാളക്കാർക്ക്‌ തങ്ങളുടെ തന്നെ സഹപ്രവർത്തകർക്കു നേരെ ട്രിഗറമർത്തേണ്ടി വന്നു. ആദ്യ മൂന്ന് മാസങ്ങൾക്കുള്ളിൽത്തന്നെ 1,000 പേർ കൊല്ലപ്പെട്ടു. ഏറ്റവും അവസാനം ലഭ്യമായ കണക്കുകൾ കാണിക്കുന്നത് 1,80,000 സ്വന്തം പട്ടാളക്കാരെ സോവിയറ്റ് സൈനികർക്ക് കൊല്ലേണ്ടി വന്നുവെന്നാണ്. സ്റ്റാലിൻഗ്രാഡിൽ, ആഴ്ചകൾക്കുള്ളിൽ മാത്രം കൊല്ലപ്പെട്ടത് 15,000 പേരാണ്.

സൈനികരിലെ മരണഭയം ഇല്ലാതാക്കുക മാത്രമല്ല, ദേശസ്നേഹം ആളിക്കത്തിക്കുകയും വിജയസാധ്യത വർദ്ധിപ്പിക്കുകയും കൂടിയായിരുന്നു സ്റ്റാലിൻ ലക്ഷ്യമിട്ടത്. അതുവരെയുള്ള മറ്റ് ഓർഡറുകൾ പോലെ, ഓർഡർ 227 പത്രങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടില്ല. എന്നാൽ, ഓരോ സോവിയറ്റ് സൈനിക ഗ്രൂപ്പുകൾക്ക് മുൻപിലും അത് വായിച്ചു കേൾപ്പിക്കപ്പെട്ടു. എന്തായാലും വെടിയേറ്റ് മരിക്കും, എന്നാൽപ്പിന്നെ അതൊരു ഭീരുവായി തിരിഞ്ഞോടിക്കൊണ്ടാവരുത് എന്നുറപ്പിച്ച റഷ്യൻ സൈനികർ യുദ്ധമുന്നണിയിൽ ധീരമായി പോരാടി.

ഐതിഹാസികമായ സ്റ്റാലിൻഗ്രാഡ് യുദ്ധത്തിലെ അനിതരസാധാരണമായ വിജയത്തിന്റെ പ്രധാന കാരണം, ജോസഫ് സ്റ്റാലിൻ പുറപ്പെടുവിച്ച ഉഗ്രമായ ഈ കൽപ്പനയായിരുന്നു.”ദ് പ്രൈസ് ഓഫ് വേൾഡ് വാർ II വിക്ടറി” അഥവാ, രണ്ടാം ലോക മഹായുദ്ധ വിജയത്തിന് കൊടുക്കേണ്ടി വന്ന വില എന്നായിരുന്നു ചരിത്രകാരന്മാർ ഈ സൈനിക ഉത്തരവിനെ വിശേഷിപ്പിച്ചത്.

കുറച്ചു കാലത്തിനു ശേഷം 29 ഒക്ടോബർ 1944 ന്, ഓർഡർ നമ്പർ 349-ലൂടെ ജോസഫ് സ്റ്റാലിൻ കുപ്രസിദ്ധമായ തന്റെ ഉത്തരവ് പിൻവലിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button