Latest NewsIndia

കശ്മീരിൽ വീണ്ടും പാക് ടണൽ കണ്ടെത്തി: നുഴഞ്ഞു കയറിയ 2 ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ സാംബ മേഖലയിൽ അതിർത്തിക്ക് സമീപം പാക്ക് തുരങ്കം കണ്ടെത്തി. പാകിസ്ഥാനിൽ നിന്ന് നുഴഞ്ഞുകയറിയ രണ്ട് ജെയ്‌ഷെ മുഹമ്മദ് ഭീകരരെ സുരക്ഷാ സേന വധിച്ചതിന് പിന്നാലെയാണ്, അതിർത്തി കടക്കാനുള്ള തുരങ്കം ബിഎസ്എഫ് കണ്ടെത്തിയത്. ബോർഡർ ഔട്ട്‌പോസ്റ്റ് ഏരിയയായ ചക് ഫക്വിറയിൽ വൈകുന്നേരം 5.30 ഓടെയാണ് തുരങ്കം ശ്രദ്ധയിൽപ്പെട്ടത്. വൈകിട്ട് മേഖലയിൽ പരിശോധന നടത്തുകയായിരുന്നു ബിഎസ്എഫ്. ഇതിനിടെയാണ് ടണൽ ശ്രദ്ധയിൽപ്പെട്ടത്.

മണ്ണിനടിയിൽ ചെറിയ കുഴിയാണ് സുരക്ഷാ സേന ആദ്യം കണ്ടത്. തുടർന്ന്, സ്ഥലത്തെ മണ്ണ് മാറ്റി നോക്കിയപ്പോഴാണ് ടണലാണെന്ന് വ്യക്തമായത്. സുരക്ഷാ സേനയുടെ ശ്രദ്ധയിൽപ്പെടാതിരിക്കാൻ മണ്ണും പ്ലാസ്റ്റിക് ചാക്കുകളും ഉപയോഗിച്ച് ടണൽ മറച്ചിരുന്നു. പാകിസ്ഥാൻ പോസ്റ്റിന് എതിർവശത്തായി, ഇന്ത്യൻ അതിർത്തിയിൽ നിന്ന് 150 മീറ്ററും, അതിർത്തി വേലിയിൽ നിന്ന് 50 മീറ്റർ അകലെയാണ് പാക്ക് തുരങ്കം നിർമ്മിച്ചിരിക്കുന്നത്. ഇരുട്ടായതിനാൽ സുരക്ഷാ സേനയ്‌ക്ക് ടണലിൽ വിശദമായ പരിശോധന നടത്താൻ കഴിഞ്ഞിട്ടില്ല.

ടണലിന് ഏകദേശം 150 മീറ്റളോളം നീളം ഉണ്ടെന്ന് ബിഎസ്എഫ് വ്യക്തമാക്കി. അതിർത്തി കടക്കാനായി ഭീകരർ നിർമ്മിച്ച ടണലാണ് ഇതെന്നാണ് വിവരം. സംഭവത്തിൽ, അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ടണലിന്റെ പരിസരം സുരക്ഷാ സേനയുടെ നിരീക്ഷണത്തിലാണ്. തുരങ്കത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. നുഴഞ്ഞുക്കയറ്റം ശക്തമായതോടെ സ്ഥലത്ത് വൻ പരിശോധന നടന്നുവരികയാണ്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button