NewsIndiaTravel

അ‌മർനാഥിലെ സ്വയംഭൂ ശിവലിംഗം… നിഗൂഡമാണ് ഈ ഗുഹാക്ഷേത്രം

അ‌മർനാഥ്..... പരമേശ്വര പുണ്യം തേടി ഒരു യാത്ര

അമരത്വത്തെ സൂചിപ്പിക്കുന്ന അമർ എന്ന വാക്കും ഈശ്വരനെ സൂചിപ്പിക്കുന്ന നാഥ് എന്ന വാക്കും, ഇതാണ് അമർനാഥ്. ലോകത്തിലെ ഏറ്റവും നിഗൂഢമായ ആരാധനാകേന്ദ്രത്തിലൊന്നായി അമർനാഥിനെ കരുതുന്നു.
ശ്രീനഗറിൽനിന്നും 145km അകലെ കശ്മീരിലെ അനന്തനാഗ് ജില്ലയിലാണ് അമർനാഥ് ഗുഹാക്ഷേത്രം. മഞ്ഞിൽ രൂപം കൊണ്ടിട്ടുള്ള സ്വയംഭൂവായ ശിവലിംഗം അ‌മർനാഥിലേത്. സമുദ്രനിരപ്പിൽനിന്ന് 3888 അടി ഉയരത്തിൽ 150 അടി ഉയരവും 90 അടി വീതിയുമുളള പ്രകൃതിനിർമിത ക്ഷേത്രമായ അമർനാഥിന് ഒരു ഐതിഹ്യമുണ്ട്. ദേവന്മാരുടെ ആഗ്രഹപ്രകാരം ശ്രാവണമാസത്തിലെ പൗർണമി മുതൽ കൃഷ്ണപക്ഷത്തിലെ അമാവാസി വരെ മഹാദേവൻ ഈ ഗുഹയിൽ ലിംഗരൂപത്തിൽ പ്രത്യക്ഷനായി അനുഗ്രഹിക്കുന്നുവെന്നാണു വിശ്വാസം.

ഒരിക്കൽ പാർവതീ ദേവി മഹാദേവനോട് അദ്ദേഹത്തിന്റെ അമരത്വത്തിന്റെ രഹസ്യം വെളിപ്പെടുത്താൻ ആവശ്യപ്പെട്ടുവെന്നും, തന്റെ അമരത്വത്തിന്റെ രഹസ്യം കേൾക്കുന്നവർക്ക് വീണ്ടും ജന്മമെടുക്കേണ്ടി വരുന്നതിനാൽ ഭഗവാൻ ദേവിയെയും കൂട്ടി ഹിമാലയത്തിന്റെ ഒഴിഞ്ഞകോണിലേക്ക് യാത്ര തിരിച്ചു​വെന്നും പറയപ്പെടുന്നു. പോകും വഴി ശിവൻ തൻറെ ശിരസ്സിലെ ഇന്ദുകല ചന്ദൻവാരിയിൽ ഉപേക്ഷിച്ചു. തൻറെ വാഹനമായ നന്ദിയെ പഹൽഗാമിലും. തുടർയാത്രയിൽ ഗണപതിയെ മഹാഗുണാസ് പർവ്വതത്തിലും പാമ്പിനെ ശേഷ്നാഗിലും ഉപേക്ഷിച്ചു. ഒടുവിൽ പഞ്ചഭൂതങ്ങളെ പഞ്ച്തർണിയിൽ ഉപേക്ഷിച്ച ശേഷം പാർവതിയേയും കൂട്ടി അമർനാഥ് ഗുഹയിൽ പ്രവേശിച്ചു. ശേഷം പാർവതിയെയും കൂട്ടി അമർനാഥ് ഗുഹയിൽ എത്തിയ മഹാദേവൻ ഗുഹയിൽ ആരും ഇല്ല എന്ന് ഉറപ്പുവരുത്തിയ ശേഷം ശിവൻ പാർവതീദേവിയോടു ആ മഹാരഹസ്യം വെളിപ്പെടുത്തി. യാദൃശ്ചികമായി രണ്ട് പ്രാവിൻറെ മുട്ടകൾ ആ ഗുഹയിൽ ഉണ്ടായിരുന്നു. മുട്ടകൾ വിരിയുകയും അമരത്വത്തിൻറെ രഹസ്യം കേൾക്കുകയും ചെയ്തതിനാൽ പ്രാവുകൾക്ക് വീണ്ടും ജന്മമെടുക്കേണ്ടി വന്നത്രെ.

ഏകദേശം 5000 വർഷത്തെ പഴക്കം ഈ ക്ഷേത്രത്തിനുണ്ടെന്ന് പറയപ്പെടുന്നു. ഒരിക്കൽ ഒരു ആട്ടിടയൻ യാദൃശ്ചികമായി അമർനാഥ് ഗുഹയിൽ അകപ്പെട്ടു. അവിടെ കണ്ടുമുട്ടിയ മുനി ആട്ടിടയന് ഒരു സഞ്ചി നിറയെ കൽക്കരി നൽകി. വീട്ടിൽ എത്തി സഞ്ചി തുറന്നുനോക്കിയപ്പോൾ കൽക്കരി മുഴുവൻ സ്വർണമായി മാറിയിരിക്കുന്നു. മുനിയോട്‌ നന്ദി പറയാനായി തിരിച്ചെത്തിയ ആട്ടിടയൻ മുനിശ്രേഷ്ഠന് പകരം മഞ്ഞിൽ രൂപം കൊണ്ട ശിവലിംഗമാണ്‌ കണ്ടത് എന്നാണ് വിശ്വാസം. ഗുഹാ ക്ഷേത്രം കണ്ടെത്തിയത് ഈ ആട്ടിടയനാണെന്നാണ് പറയുന്നത്. പിന്നീട് എല്ലാ വർഷവും സ്വയംഭൂവായ ഭഗവാനെ ആരാധിക്കാൻ ഭക്തർ എത്തി തുടങ്ങി.

ചന്ദ്രമാസത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് ശിവലിംഗം തെളിയുകയും മങ്ങുകയും ചെയ്യുന്നു. മെയ്‌ മുതൽ ഓഗസ്റ്റ്‌ വരെയുള്ള സമയത്താണ് ശിവലിംഗം ഏറ്റവും വളർച്ച പ്രാപിക്കുന്ന സമയം. ശ്രാവണമാസത്തിൽ മാത്രം രൂപം കൊള്ളുന്ന ഹിമലിംഗത്തിന്റെ ഇടതു ഭാഗത്തുള്ള മഞ്ഞു രൂപത്തെ ഗണപതിയായും വലതു ഭാഗത്തുള്ള മഞ്ഞു രൂപത്തെ പാർവതീദേവിയായും കരുതിപ്പോരുന്നു. ഗുഹാമുഖം തെക്കോട്ടായതിനാൽ സൂര്യരശ്മി ക്ഷേത്രത്തിലെ ഹിമലിംഗത്തിൽ സ്പർശിക്കില്ല. അമർനാഥ് ഗുഹാക്ഷേത്രത്തിലെ ചെറിയ ഗുഹയിൽ നിന്നെടുക്കുന്ന വിഭൂതി ഭക്തന്മാർക്കു നൽകാനുളള അവകാശം ബത്കൂത് എന്ന ഗ്രാമത്തിലെ മുസ്‌ലിം മതസ്ഥർക്കാണ്. ഇവർക്കു തന്നെയാണ് വഴിപാടുകളുടെ മൂന്നിലൊരു ഭാഗത്തിന്റെ അവകാശവും. അമർനാഥിലേക്കുള്ള പാത തെളിച്ച് തീർഥാടനം സുഗമമാക്കിയതിനാലാണു ബത്കൂതിലെ മുസ്‌ലിം മതവിശ്വാസികൾക്ക് ഈ അവകാശങ്ങൾ നൽകപ്പെട്ടത്.

വളരെ പുരാതനമായ ഗ്രന്ഥങ്ങളിൽ പോലും അമർനാഥ് ഗുഹയെ പറ്റി പരാമർശമുണ്ട്. ആറാം നൂറ്റാണ്ടിലെ നിളമാത പുരാണത്തിൽ അമർനാഥിനെ കുറിച്ച് പറയുന്നുണ്ട്. ഇതിനുപുറമേ കാശ്മീരിലെ സംസ്കാരത്തെ കുറിച്ചും ആരാധനാ രീതികളെ കുറിച്ചും ഇതിൽ കാണാം. ഇന്ത്യൻ ആർമിക്കാണ് അമർനാഥിൻറെ സുരക്ഷയുടെ പ്രധാന ചുമതല. ഇന്ത്യൻ പരാമിലിട്ടറി ഫോർസും, സി.ആർ.പി.എഫും ആണ് സുരക്ഷാചുമതലയുള്ള മറ്റ് വിഭാഗങ്ങൾ. കർശന സുരക്ഷ ഉള്ളതിനാൽ അമർനാഥ് സന്ദർശിക്കാൻ മുൻ‌കൂർ അനുമതി ആവശ്യമാണ്‌.

ശേഷ്നാഗ് തടാകമാണ് അമർനാഥിലെ മറ്റൊരാകർഷണം. പഹൽഗാമിൽ നിന്നും 27 കിലോമീറ്റർ അകലെയാണ് ഈ തടാകം സ്ഥിതിചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്നും 3658 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ തടാകം പലപ്പോഴും മഞ്ഞുമൂടി കിടക്കാറാണ് പതിവ്. അമർനാഥിലെത്തുന്ന സഞ്ചാരികളിൽ ഭൂരിഭാഗവും ശേഷ്നാഗ് തടാകം സന്ദർശിച്ചാണ് മടങ്ങാറ്.

shortlink

Related Articles

Post Your Comments


Back to top button