Latest NewsNewsFootballSports

അഞ്ചടിച്ച് മെസി: അർജന്റീനയ്ക്ക് തകർപ്പൻ ജയം

മാഡ്രിഡ്: എസ്റ്റോണിയ്‌ക്കെതിരായ സൗഹൃദ മത്സരത്തിൽ അർജന്‍റീനയ്‌ക്ക് തകർപ്പൻ ജയം. എതിരില്ലാത്ത അഞ്ച് ഗോളിന് അർജന്‍റീന എസ്റ്റോണിയയെ പരാജയപ്പെടുത്തി. സൂപ്പർ താരം ലയണൽ മെസിയാണ് അ‌ഞ്ച് ഗോളും നേടിയത്. 7, 45, 47, 71, 76 മിനിറ്റുകളിലായിരുന്നു മെസിയുടെ ഗോളുകൾ. കരിയറിലെ 56-ാം ഹാട്രിക്കാണ് എസ്റ്റോണിയ്‌ക്കെതിരെ മെസി നേടിയത്.

ജയത്തോടെ, തോൽവി അറിയാതെ 33 മത്സരങ്ങൾ പൂർത്തിയാക്കാനും അർജന്‍റീനയ്‌ക്ക് കഴിഞ്ഞു. യൂറോ കപ്പ് ജേതാക്കളായ ഇറ്റലിയ്‌ക്കെതിരെ ഫൈനലിസിമ കിരീടം നേടിയ ടീമിൽ എട്ട് മാറ്റം വരുത്തിയാണ് അർജന്‍റീന ഇറങ്ങിയത്. മെസി, റോഡ്രിഗോ ഡി പോൾ, നഹ്വൽ മൊളീന എന്നിവർ ഒഴികെയുള്ളവർക്കെല്ലാം കോച്ച് ലിയണൽ സ്‌കലോണി വിശ്രമം നൽകി. ബ്രസീലിനെതിരായാണ് അർജന്‍റീനയുടെ അടുത്ത സന്നാഹ മത്സരം.

എസ്റ്റോണിയക്കെതിരായ അഞ്ച് ഗോൾ നേട്ടത്തോടെ ഫുട്ബോളിൽ അപൂർവ നേട്ടം മെസി സ്വന്തമാക്കി. ക്ലബിലും അന്താരാഷ്ട്ര ഫുട്ബോളിലും അഞ്ച് ഗോൾ നേടുന്ന ആദ്യ താരം എന്ന റെക്കോർഡാണ് മെസ്സി പേരിലാക്കിയത്. 2012ലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ ബയർ ലെവർക്യൂസനെതിരെ മെസി അഞ്ച് ഗോൾ നേടിയിരുന്നു. ബാഴ്സലോണയ്ക്ക് വേണ്ടിയായിരുന്നു മെസിയുടെ ഗോളുകൾ. പത്ത് വർഷത്തിന് ശേഷം അർജന്‍റീനയ്‌ക്കൊപ്പം മെസി അഞ്ച് ഗോൾ നേട്ടം ആവർത്തിച്ചു.

Read Also:- ഭക്ഷ്യവിഷബാധ: അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങൾ!

കൂടാതെ, അന്താരാഷ്ട്ര ഫുട്ബോളിൽ മെസിക്ക് 86 ഗോളായി. ടോപ് സ്കോറർമാരുടെ പട്ടികയിൽ ഹങ്കറിയുടെ ഫെറങ്ക് പുഷ്കാസിനെ മറികടന്ന് നാലാം സ്ഥാനത്ത് എത്താനും മെസിക്ക് കഴിഞ്ഞു. 117 ഗോളുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഒന്നാം സ്ഥാനത്ത്. 80 ഗോളുമായി ഇന്ത്യൻ നായകൻ സുനിൽ ഛേത്രി ആറാം സ്ഥാനത്തുണ്ട്. എസ്റ്റോണിയക്കെതിരായ അഞ്ച് ഗോളോടെ 1100 ഗോളിൽ പങ്കാളിത്തമുള്ള ആദ്യ താരമെന്ന നേട്ടവും മെസി സ്വന്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button