News

സിലിണ്ടർ ഷേപ്പിലുള്ള എന്തും നിങ്ങൾ ശിവലിംഗമാണെന്ന് പറഞ്ഞ് ആരാധിക്കുമോ: നുപുർ ശർമ്മയ്ക്ക് പിന്തുണയുമായി ശങ്കു ടി ദാസ്

നുപുർ ശർമ്മയുടെ ചോരയ്ക്ക് വേണ്ടിയുള്ള മുറവിളി

ബിജെപി നേതാവ് നുപുർ ശർമ്മ പ്രവാചക നിന്ദ നടത്തിയെന്ന് ആരോപിച്ച് പ്രതിഷേധങ്ങൾ ഉയരുകയാണ്. ഗ്യാൻവ്യാപി വിഷയത്തിൽ ടൈംസ് നൗ ചാനലിൽ നടന്ന ചർച്ചയിൽ പങ്കെടുത്ത നുപുർ ശർമ്മ പറഞ്ഞ ചില വാചകങ്ങൾ പ്രവാചകനെ നിന്ദിക്കുന്നത് ആണെന്നാണ് വിമർശനം. വിവാദങ്ങൾ ശക്തമായതോടെ പാർട്ടി അംഗത്വത്തിൽ നിന്നും നുപുർ ശർമ്മയെ പുറത്താക്കുകയും ചെയ്തു. ഇപ്പോഴിതാ, നുപുർ ശർമ്മയ്ക്ക് പിന്തുണയുമായി ശങ്കു ടി ദാസ്. നുപുർ ശർമ്മ പ്രവാചക നിന്ദ നടത്തി എന്ന് ആരോപിക്കുന്നവരൊന്നും അവർ നടത്തിയ നിന്ദാകരമായ പരാമർശം എന്താണെന്ന് പറയാൻ തയ്യാറാകാതെ, അവരുടെ ചോരയ്ക്കായി മുറവിളി കൂട്ടുകയാണെന്ന് ശങ്കു ടി ദാസ് പറയുന്നു.

read also: ‘മതഭ്രാന്തന്മാർക്ക് സ്മാരകങ്ങള്‍ നിര്‍മ്മിക്കുന്ന നിങ്ങളെപ്പോലെയല്ല ഞങ്ങള്‍’: പാകിസ്താനെ കണ്ടം വഴി ഓടിച്ച് ഇന്ത്യ

കുറിപ്പ് പൂർണ്ണ രൂപം

നുപുർ ശർമ്മ പ്രവാചക നിന്ദ നടത്തി എന്ന് ആരോപിക്കുന്നവരൊന്നും അവർ നടത്തിയ നിന്ദാകരമായ പരാമർശം എന്താണെന്ന് പറയാൻ തയ്യാറല്ല. പകരം അവരുടെ ചോരയ്ക്കായി മുറവിളി കൂട്ടുകയാണ്.

യഥാർത്ഥത്തിൽ ടൈംസ് നൗ ചാനലിൽ ഗ്യാൻവ്യാപി വിഷയത്തിൽ നടന്ന ചർച്ചയിൽ പങ്കെടുക്കുക ആയിരുന്നു നുപുർ ശർമ്മ.

ചർച്ചയിൽ മുസ്ലിം പക്ഷത്തിന്റെ പ്രതിനിധി ആയി പങ്കെടുത്ത ആൾ കാശി വിശ്വേശ്വരനെയും ജ്യോതിർ ലിംഗത്തെയും കഠിനമായി അധിക്ഷേപിക്കുന്ന പരാമർശങ്ങൾ ആണ് നടത്തിയത്.
നിങ്ങൾ ശിവലിംഗം എന്ന് പറയുന്നത് ഞങ്ങൾ കാലും മുഖവും കഴുകാൻ ഉപയോഗിക്കുന്ന വാട്ടർ ഫൗണ്ടൻ ആണെന്ന് പറയുകയും, ശിവലിംഗത്തെ റോഡ് സൈഡിലെ പോളുകളോടും പാർക്കിംഗ് ബൊള്ളാർഡുകളോടും ഒക്കെ ഉപമിക്കുകയും, സിലിണ്ടർ ഷേപ്പിലുള്ള എന്ത് കിട്ടിയാലും നിങ്ങൾ ശിവലിംഗമാണെന്ന് പറഞ്ഞു കൊണ്ട് പോയി ആരാധിക്കുമോ എന്ന മട്ടിൽ ശിവലിംഗാരാധന എന്ന സമ്പ്രദായത്തെ തന്നെ പരിഹസിക്കുകയും ചെയ്തു.
ഈ അപമാനിക്കൽ കേട്ട് സഹികെട്ടിട്ടാണ് ഒടുക്കം നുപുർ ശർമ രൂക്ഷമായ ഭാഷയിൽ തന്നെ തിരിച്ചടിക്കുന്നത്.

‘നിങ്ങൾ ഹിന്ദു മതത്തിന്റെ വിശ്വാസങ്ങളേയും ആരാധനാ രീതികളെയും ഒക്കെ ആക്ഷേപിക്കുന്നത് പോലെ ഞാൻ നിങ്ങളുടെ മത വിശ്വാസത്തെ പറ്റി തിരിച്ചു പറഞ്ഞാൽ നിങ്ങൾ സഹിക്കുമോ? അങ്ങനെയെങ്കിൽ പറക്കുന്ന കുതിരപ്പുറത്ത് കയറി പ്രവാചകൻ ചന്ദ്രനിലേക്ക് പോയതിനെ പറ്റിയും, അറുപത് വയസ്സിൽ ആറ് വയസ്സുള്ള ആയിഷയെ വിവാഹം ചെയ്തതിനെ പറ്റിയും, ഒമ്പത് വയസ്സിൽ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതിനെ പറ്റിയും, 88:20 വാക്യത്തിൽ ഭൂമി പരന്നതാണെന്ന് പറഞ്ഞതിനെ പറ്റിയും ഒക്കെ ഞാനും പറയട്ടെ? നിങ്ങൾ കേട്ടിരിക്കുമോ?’ എന്നാണ് അവർ ചോദിച്ചത്.

അതോടെ നുപുർ ശർമ്മ പ്രവാചക നിന്ദ നടത്തി എന്നായി. യഥാർത്ഥത്തിൽ അവർ ആരെയും നിന്ദിക്കുകയല്ല, ആരും ആരെയും നിന്ദിക്കരുത് എന്ന് പറയുകയും, അങ്ങനെ തുടങ്ങിയാൽ എല്ലാവർക്കും പറയാൻ എല്ലാ മതത്തിലും പലതുമുണ്ടാവും എന്ന് ചൂണ്ടി കാണിക്കുകയും, ബഹുമാനം എന്നത് ഏകപക്ഷീയമല്ല, പരസ്പരം വേണ്ടതാണെന്ന് ഓർമിപ്പിക്കുകയും ആണ് ചെയ്തത്.

പക്ഷെ അതോടെ നുപുർ ശർമ്മയുടെ ചോരയ്ക്ക് വേണ്ടിയുള്ള മുറവിളി തുടങ്ങി.
അതെ ചർച്ചയിൽ കാശിയിലെ ജ്യോതിർ ലിംഗത്തെ അധിക്ഷേപിച്ച് സംസാരിച്ചയാൾക്കെതിരെ ഇപ്പോഴും ആർക്കും ഒരു രോഷവുമില്ല.

ശിവലിംഗം കണ്ടെത്തി എന്ന വാർത്ത വന്ന ദിവസം മുതൽക്ക് ശിവ ഭഗവാനെ ഹീനമായി ആക്ഷേപിച്ച് ആയിരക്കണക്കിന് പോസ്റ്റുകൾ ഒരു വിഭാഗം സോഷ്യൽ മീഡിയയിൽ നിറച്ചതിന്റെ പേരിൽ ഒരു കേസുമില്ല.
ശിവന്റെ കല്യാണ സാധനം എന്ന നിന്ദ്യമായ ഭാഷയിൽ വരെ ഒരു രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന നേതാവ് ജ്യോതിർലിംഗത്തെ പരാമർശിച്ചതിൽ പോലും ഒരു പ്രതിഷേധവുമില്ല.
പക്ഷെ നുപുർ ശർമ്മയുടെ പ്രവാചക നിന്ദ അന്താരാഷ്ട്ര പ്രശ്നമാണ്.

ആയിരക്കണക്കിന് വധ ഭീഷണികളും ബലാത്സംഗ ആഹ്വാനങ്ങളും കുടുംബത്തെ ആക്രമിക്കാനുള്ള മുറവിളികളും ഒക്കെയാണ് അവർക്ക് നേരെ ഉണ്ടായത്. കാൺപൂരിൽ നൂറുകണക്കിനാളുകൾ പങ്കെടുത്ത കലാപം പോലുമുണ്ടായി.

മോഡിയുടെ വലംകൈ പ്രവാചക നിന്ദ നടത്തി എന്ന പ്രചാരണം ഗൾഫ് രാജ്യങ്ങളിൽ നടത്തി അവിടെ ഇന്ത്യാ ബഹിഷ്കരണത്തിനുള്ള സംഘടിത ശ്രമം നടന്നു. ഖത്തറും സൗദിയും ഇറാനും ഒക്കെ ഇന്ത്യൻ പ്രതിനിധികളെ വിളിച്ചു വരുത്തി അതൃപ്തി അറിയിക്കുന്ന സാഹചര്യം പോലും സൃഷ്ടിച്ചു.
സത്യത്തിൽ നുപുർ ശർമ്മ പറഞ്ഞതിൽ എന്താണ് പ്രവാചക നിന്ദയുള്ളത് എന്ന് പോലും എനിക്ക് മനസ്സിലായിട്ടില്ല.

അവർ പറഞ്ഞ കാര്യങ്ങളൊന്നും ഭാവനാ സൃഷ്ടികൾ അല്ല, ഖുർആനിലും ഹദീസിലും പറയുന്നത് തന്നെയാണ്. ഇസ്ലാമിക വിശ്വാസത്തിന്റെ ഭാഗമായതും ഗ്രന്ഥങ്ങളിൽ പ്രസ്താവിച്ചിട്ടുള്ളതുമായ കാര്യങ്ങൾ പൊതു വേദിയിൽ പരസ്യമായി പറയുന്നതെങ്ങനെയാണ് നിന്ദ ആവുന്നത്?

പക്ഷെ നുപുർ ശർമ്മ പ്രവാചക നിന്ദ നടത്തിയിരിക്കുന്നു. നഗ്നയായ സരസ്വതി ദേവിയേയും സീതാ ദേവിയേയും ലക്ഷ്മി ദേവിയേയും ഒക്കെ വരച്ചതിനു കേസ് വന്നപ്പോൾ എം.എഫ്. ഹുസൈൻ കടന്നു കളഞ്ഞത് ഖത്തറിലേക്കാണ്.

മതനിന്ദ വെച്ച് പൊറുപ്പിക്കാത്ത ഖത്തർ അന്ന് ചെയ്തത് ഹുസൈനെ ഇന്ത്യയിലേക്ക് മടക്കി അയക്കലല്ല, അയാൾക്ക് ഖത്തർ പൗരത്വം കൊടുത്ത് മരണം വരെ സംരക്ഷിക്കുകയാണ്. ആ ഖത്തർ ഇന്ന് നുപുർ ശർമ്മക്കെതിരെ കർശനമായി നടപടി ആവശ്യപ്പെട്ടു മുന്നിലുണ്ട്. കാരണം നുപുർ ശർമ്മ നടത്തിയത് പ്രവാചക നിന്ദയാണ്.

ഈ മാസമാണ് പ്രവാചകനെ പരിഹസിച്ചു എന്ന പേരിൽ നൈജീരിയയിലെ ഒരു പെൺകുട്ടിയെ അവളുടെ സഹപാഠികൾ തന്നെ ചേർന്നു സ്‌കൂളിലിട്ട് അടിച്ചും തീയിട്ടും കൊന്നത്. പ്രവാചക നിന്ദ ആരോപിച്ച് ഒരു ടീനേജ് പെൺകുട്ടിയെ വിടാതെ ആക്രമിച്ച ആറ് യുവാക്കളെ ഫ്രാൻസിലെ കോടതി കഴിഞ്ഞ ദിവസമാണ് ജയിലിലേക്കയച്ചത്. ഇക്കാര്യങ്ങളിൽ ഒന്നും ഒരു ഗൾഫ് രാജ്യവും ഇന്ന് വരെ പ്രതികരിക്കുകയോ അക്രമങ്ങളെ അപലപിക്കുകയോ ചെയ്തിട്ടില്ല.

പക്ഷെ ഇന്ത്യൻ സർക്കാരിന്റെ പ്രതിനിധി പോലുമല്ലാത്ത നുപുർ ശർമ്മയുടെ ഒരു ചാനൽ ചർച്ചയിലെ പ്രസ്താവനയുടെ പേരിൽ ഇന്ത്യയെ അപലപിക്കാൻ അവർക്കൊക്കെ ഭയങ്കര ഉത്സാഹമാണ്.
അതിന്റെ പേരിൽ ഈ മാസം വീറ്റ് എക്സ്പോർട്ട് ബാൻ പോലും മറികടന്നു അവർക്ക് ഗോതമ്പു നൽകി സഹായിച്ച ഇന്ത്യയെന്ന സുഹൃത്തിനെ ബഹിഷ്കരിക്കാൻ പോലും അവരൊക്കെ ഒരുക്കമാണ്.
കാരണം പ്രവാചക നിന്ദ എന്ന് പറഞ്ഞാൽ പിന്നെ നിയമമൊക്കെ വേറെയാണ്.
ഈ പ്രവണത വകവെച്ചു കൊടുക്കുകയെന്നാൽ അതിനർത്ഥം ഇസ്ലാമിക് ബുള്ളിയിങ്ങിന് തല കുനിച്ചു കൊടുക്കുക എന്നതാണ്. എല്ലാവരും തുല്യരായിരിക്കുമ്പോൾ തന്നെ ചിലർ മാത്രം അധികം തുല്യരാണെന്ന് സമ്മതിച്ചു കൊടുക്കുക എന്നാണ്.

എല്ലാ വിശ്വാസങ്ങളും വിമർശനത്തിന് അർഹരായിക്കുമ്പോളും ഒരു വിഭാഗത്തിന്റെ വിശ്വാസം മാത്രം വിമർശനത്തിന് പോയിട്ട് സ്പർശനത്തിനു പോലും അതീതമാണെന്ന് അംഗീകരിക്കുക എന്നാണ്.
അക്ഷരാർത്ഥത്തിൽ, ആത്മാഭിമാനം പണയം വെച്ച് ഭയന്ന് ജീവിക്കുക എന്നതാണ്.
അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ നുപുർ ശർമ്മയ്‌ക്കൊപ്പം ഉറച്ചു നിൽക്കുക എന്നതായിരുന്നു ആർജ്ജവമുള്ളൊരു സമൂഹത്തിന്റെ ബാധ്യത.

പക്ഷെ അവർ വിശ്വസിച്ചു പ്രവർത്തിച്ച പാർട്ടി പോലും സമ്മർദ്ധത്തിന് വഴങ്ങി അവരെ കയ്യൊഴിയുകയും വേട്ടക്കാർക്ക് എറിഞ്ഞു കൊടുക്കുകയും ചെയ്തു എന്നത് ലജ്ജാകരവും നിരാശപ്പെടുത്തുന്നതുമാണ്.
ഈ നടപടിയോടെ നുപുർ ശർമ്മ നടത്താത്ത പ്രവാചക നിന്ദ അവർ നടത്തിയെന്ന് ബിജെപി പോലും തത്വത്തിൽ അംഗീകരിക്കുകയും, അവരെ കുറ്റക്കാരിയായി വിധിക്കുകയും, പിന്തുണ കൊടുക്കേണ്ട സമയത്ത് അവരെ ഒറ്റപ്പെടുത്തുകയും ആണ് ചെയ്തിരിക്കുന്നത്.

അവർക്കും കുടുംബത്തിനും വധഭീഷണിയുള്ള സമയത്ത് അവരുടെ വീട്ടുവിലാസം വരെ കാണിച്ചുള്ള സസ്പെൻഷൻ ഓർഡർ പുറത്തു വിട്ടതിനൊന്നും യാതൊരു ന്യായീകരണവുമില്ല.
ഞാൻ എന്തായാലും നുപുർ ശർമ്മയ്‌ക്കൊപ്പമാണ്.

ഭീഷണിപ്പെടുത്തി വായടപ്പിക്കുന്ന മതഭ്രാന്തിന് എതിരെയാണ്.
ഏകപക്ഷീയമാവുന്ന പ്രിവിലേജുകൾക്ക് എതിരെയാണ്.
നിർഭയരായി ജീവിക്കാനുള്ള അവകാശത്തിനൊപ്പമാണ്.
#IStandWithNupurSharma

shortlink

Related Articles

Post Your Comments

Related Articles


Back to top button