CinemaLatest NewsBollywoodNewsIndiaEntertainment

IIFA Awards 2022: നാല് പുരസ്കാരം സ്വന്തമാക്കി അവാർഡിൽ തിളങ്ങി ‘ഷേര്‍ഷാ’ – ആരാണ് ഷേർഷാ?

2022 ലെ ഐ.ഐ.എഫ്‌.എ പുരസ്കാര വേദിയിൽ തിളങ്ങിയത് സിദ്ധാർഥ് മൽഹോത്ര വേഷമിട്ട ‘ഷേര്‍ഷാ’ ആണ്. മികച്ച സിനിമ, മികച്ച സംവിധായകന്‍, മികച്ച സംഗീതം, മികച്ച തിരക്കഥ എന്നീ വിഭാ​ഗങ്ങളിലാണ് ചിത്രത്തിന് പുരസ്കാരം ലഭിച്ചത്. ‘ഷേര്‍ഷാ’യുടെ തിരക്കഥാകൃത്ത് സന്ദീപ്‌ ശ്രീവാസ്‌തവ ആണ്. ഇന്ത്യൻ ആര്‍മി ക്യാപ്റ്റനായിരുന്ന വിക്രം ബത്രയുടെ ജീവിത കഥ പറഞ്ഞ സിനിമയാണ് ‘ഷേര്‍ഷാ’. വിഷ്‍ണുവര്‍ദ്ധൻ സംവിധാനം ചെയ്ത ചിത്രത്തിൽ സിദ്ധാര്‍ഥ് മല്‍ഹോത്രയാണ് നായകനായി എത്തിയത്.

ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഓഗസ്റ്റ് 12നാണ് ചിത്രം റിലീസ് ചെയ്തത്. വിക്രം ബത്രയായും അദ്ദേഹത്തിന്റെ ഇരട്ടസഹോദരൻ വിശാലായും സിദ്ധാര്‍ഥ് മല്‍ഹോത്ര വേഷമിട്ടു. സന്ദീപ ശ്രീവാസ്‍തവയാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയത്. വിക്രം ബത്രയുടെ കുടുംബവുമായി കൂടിക്കാഴ്‍ച നടത്തിയ ശേഷമാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര സിനിമയ്‍ക്കായി തയ്യാറായത്. ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റിയ ചിത്രം കഴിഞ്ഞ വർഷത്തെ മികച്ച സിനിമകളിൽ ഒന്നായിരുന്നു.

ആരാണ് ക്യാപ്റ്റൻ വിക്രം ബത്ര?

1999ലെ കാർഗിൽ യുദ്ധസമയത്ത് പാക് പട്ടാളം കയ്യേറിയ പോയിന്റ് 5140 തിരികെ പിടിക്കാൻ നിയോഗിക്കപ്പെട്ടത് ക്യാപ്‌റ്റൻ വിക്രം ബത്രയുടെ സംഘമാണ്. ജൂൺ 1, 1999, യുദ്ധം ആരംഭിച്ചു കഴിഞ്ഞിരുന്നു. അസാമാന്യ ധൈര്യത്തിന്റെ പേരിൽ ‘ഷേർഷാ’ എന്ന് വിളിപ്പേര് നേടിയ അദ്ദേഹം ശത്രുക്കളെ അപ്രതീക്ഷിതമായി ആക്രമിക്കാനാണ് തീരുമാനിച്ചത്. പാറക്കൂട്ടങ്ങൾക്കിടയിലൂടെ മുകളിലേക്ക് കയറിയ ബത്രയും സംഘവും ശത്രുക്കളുടെ തൊട്ട് താഴെ എത്തിയപ്പോൾ മലമുകളിൽ നിന്ന് ശക്തമായ മെഷീൻ ഗൺ ആക്രമണമുണ്ടായി.

പോയിന്റില്‍ എത്തിയ ആ കമാന്‍ഡോയ്ക്ക് റേഡിയോയിൽ തീവ്രവാദി കമാൻഡറുടെ സംഭാഷണം ലഭിച്ചു, ‘ഷേർ ഷാ, നിങ്ങള്‍ എന്തിന്നു വന്നു, നിങ്ങളിവിടെനിന്നും ജീവനോടെ തിരിച്ചു പോവില്ല..!!!!’

‘ആരാണ് മുകളില്‍ നില്‍ക്കുക എന്ന് ഒരു മണിക്കൂറില്‍ കാണാം..’ എന്ന് ഷേര്‍ ഷാ മറുപടി കൊടുത്തു.

മുകളിലെത്തിയ അവർ ശത്രുക്കളുടെ നേർക്ക് ഗ്രനേഡുകൾ എറിഞ്ഞു. തുടർന്ന് നടന്ന പോരാട്ടത്തിൽ അദ്ദേഹം നാല് ശത്രു സൈനീകരെ വധിച്ചു. ഈ ആക്രമണത്തിൽ മാരകമായി മുറിവ് പറ്റിയിട്ടും പതറാതെ അദ്ദേഹം സഹപ്രവർത്തകരെ നയിക്കുകയും അവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ബത്രയിൽ നിന്നും പ്രചോദനമുൾക്കൊണ്ട ഇന്ത്യൻ സൈനീകർ മികച്ച പോരാട്ടം നടത്തി ജൂൺ 20ന് പുലർച്ചെ 3.30ഓടെ പോയിന്റ് 5140 തിരിച്ച് പിടിച്ചു.

ഈ പോരാട്ടത്തിൽ 8 പാകിസ്ഥാൻ പട്ടാളക്കാർ കൊല്ലപ്പെടുകയും അവരുടെ മെഷീൻ ഗണ്ണുകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പോയിന്റ് 5140 വിജയത്തിനു ശേഷം ഷേര്‍ഷാ എന്ന ആ കമാന്‍ഡോ വിജയശ്രീലാളിതനായി ഉറക്കെ വിളിച്ചു പറഞ്ഞു, ഈ ‘ഹൃദയം കൂടുതൽ ആഗ്രഹിക്കുന്നു’.

പോയിന്റ് 5140 തിരിച്ചു പിടിച്ചതോടെ, ശ്രീനഗര്‍ -ലേഹ് ഹൈവേ ക്ലിയറായി, ടൈഗർ ഹിൽസും തിരികെ നേടാന്‍ സാധിച്ചു. രണ്ട് ദിവസത്തെ വിശ്രമത്തിന് ശേഷം ഷേര്‍ഷായ്ക്ക് കിട്ടിയ ദൗത്യം പോയിന്റ് 4750 തിരിച്ചുപിടിക്കുകയായിരുന്നു. കമാന്‍ഡോകളുമായി തിരിച്ച ഷേര്‍ഷായ്ക്ക് കിട്ടിയ ശത്രുസൈന്യത്തിന്‍റെ വെല്ലുവിളി ‘നിങ്ങളുടെ ശവം കൊണ്ടുപോകാന്‍ ആരും ബാക്കി കാണുകയില്ല’ എന്നതായിരുന്നു.

‘ഞങ്ങളെപ്പറ്റി നിങ്ങള്‍ വിഷമിക്കേണ്ട. നിങ്ങളുടെ രക്ഷയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കൂ… .എന്നായിരുന്നു ഷേര്‍ഷാ നല്‍കിയ മറുപടി.

അല്പസമയത്തിനകം പോയിന്‍റ് 4750 യും തിരിച്ചുപിടിച്ചു. പക്ഷേ ജൂലൈ 7 1999ന് ശത്രുസൈന്യം തിരിച്ചടിച്ചു. ഇരുവശവും അഗാധഗർത്തങ്ങൾ നിറഞ്ഞ അവിടെ എത്തിച്ചേരാനുള്ള ഏക വഴി ശത്രുക്കളുടെ നിയന്ത്രണത്തിലായിരുന്നു. അതിനെതിരെ ശക്തമായി പ്രതികരിച്ച ഇന്ത്യന്‍ സൈന്യത്തിലെ നവീന്‍ എന്ന സൈനികന് കാലിന് മുറിവേറ്റു. അവനെ രക്ഷിക്കാന്‍ വന്ന ഷേര്‍ഷായെ നവീന്‍ തടഞ്ഞെങ്കിലും ഷേര്‍ഷാ പറഞ്ഞു,
‘നിനക്ക് ഭാര്യയും കുട്ടികളുമുണ്ട്, നീ പിറകിലേക്ക് മാറി നില്‍ക്ക്’.

രക്ഷാപ്രവര്‍ത്തനത്തിനിടെ ഷേര്‍ഷായ്ക്ക് മാരകമായി മുറിവേറ്റു. 5 ശത്രുക്കളെക്കൂടി കൊന്നൊടുക്കി വിജയം സുനിശ്ചിതമാക്കിയിട്ടാണ് അദ്ദേഹം വീരമൃത്യു അടഞ്ഞത്. ഒന്നുകിൽ ഞാൻ ത്രിവർണ്ണ പതാക ഉയർത്തിയിട്ടു തിരിച്ചുവരും അല്ലെങ്കിൽ അല്ലെങ്കിൽ അത് പുതച്ച് തിരികെ വരും. ഇതായിരുന്നു ബത്ര പോരാട്ടത്തിനിടയിൽ പറഞ്ഞത്. അദ്ദേഹത്തിന്‍റെ ഈ ധൈര്യത്തിന് ധീരതയ്ക്കുള്ള രാജ്യത്തെ പരമോന്നത കീര്‍ത്തിമുദ്രയായ പരംവീര്‍ ചക്ര നല്‍കി ഭാരതം ഇദ്ദേഹത്തെ ആദരിച്ചു.

shortlink

Related Articles

Post Your Comments


Back to top button