ArticleKarkkidakam

കര്‍ക്കടകത്തിലെ സുഖചികിത്സ എന്തിന് ? ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം

കര്‍ക്കടകം പിറക്കാന്‍ ഇനി അധിക ദിവസങ്ങളില്ല. ഇനി സുഖചികിത്സയെ കുറിച്ച് ഓര്‍ക്കാനുള്ള സമയം. നമ്മുടെ ശരീരത്തിനുള്ള റീ ചാര്‍ജാണ് കര്‍ക്കടക മാസത്തിലെ സുഖചികിത്സ. കടുത്ത വേനല്‍ച്ചൂടിനു ശേഷം വര്‍ഷപാതവും ശീതപാതവും അളപാതവും കഴിഞ്ഞ് ശുദ്ധപാതം എത്തുന്ന കര്‍ക്കടകം സുഖചികിത്സയ്ക്കും ആരോഗ്യ പരിപാലനത്തിനും യോജിച്ച മാസമാണ്. ഇത്രയും കാലത്തെ അലച്ചിലും അധ്വാനവും തളര്‍ത്തിയ ശരീരത്തിന് ഉണര്‍വും ഊര്‍ജവും നല്‍കും കര്‍ക്കടക ചികില്‍സ.

ആരോഗ്യ കാര്യത്തിലും ആത്മീയ കാര്യത്തിലും ഏറെ പ്രാധാന്യമുള്ള മാസമാണ് കര്‍ക്കടകം. മഴക്കാലത്ത് ശരീരത്തില്‍ വാതം പ്രകോപിതമാകും. ശരീരത്തില്‍ അധികമുള്ള വാതദോഷത്തെ പുറത്തുകളയാന്‍ വേണ്ടിയാണ് കര്‍ക്കടക ചികിത്സ. മസാജ്, ധാര, പൊടിക്കിഴി, പച്ചക്കിഴി, ഉധ്വര്‍ത്തനം തുടങ്ങിയവയാണ് ഇതില്‍ പ്രധാനം. സുഖ ചികിത്സയ്ക്കു മൂന്നു ദിവസം മുതല്‍ ഒരു മാസം വരെ നീളുന്ന വിവിധ പാക്കേജുകളുണ്ട്. വീട്ടില്‍ വച്ചു തന്നെ ചെയ്യാവുന്ന ലഘുചികിത്സയാണ് എണ്ണതേച്ചുകുളി.

ആയുര്‍വേദ ആശുപത്രികളിലും മര്‍മ ചികിത്സാലയങ്ങളിലും കര്‍ക്കടക മാസ ചികിത്സകളായ ഉഴിച്ചിലും പിഴിച്ചിലും ഔഷധക്കഞ്ഞി വിതരണവും സജീവമാണ്. പ്രായഭേദമെന്യേ മുതിര്‍ന്നവര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെല്ലാം സുഖചികിത്സ നടത്താം. വിശ്രമവും പഥ്യവുമാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. ഒരു ചികിത്സാ രീതി നിശ്ചയിച്ചു കഴിഞ്ഞാല്‍ ഇടയ്ക്കു വച്ചു നിര്‍ത്താന്‍ പറ്റില്ല.

എണ്ണതേച്ചുള്ള കുളി

എണ്ണതേച്ചുള്ള കുളി (അഭ്യംഗസ്നാനം) ആണ് വീട്ടില്‍ തന്നെ ചെയ്യാവുന്ന സുഖചികിത്സ. പേശികള്‍ക്കും എല്ലുകള്‍ക്കും സംഭവിക്കുന്ന രൂപമാറ്റങ്ങള്‍, സ്ഥാനഭ്രംശങ്ങള്‍, രക്തയോട്ടത്തിലുണ്ടാകുന്ന കുറവ് തുടങ്ങിയവ പരിഹരിക്കാന്‍ എണ്ണതേച്ചുള്ള കുളി ഉത്തമമാണ്. ശരീരപ്രകൃതി മനസ്സിലാക്കി വേണം ഏതു തരത്തിലുള്ള തൈലമാണ് ഉപയോഗിക്കേണ്ടതെന്നു തീരുമാനിക്കാന്‍. ഇതിന് ആയുര്‍വേദ വിദഗ്ധന്റെ സഹായം തേടണം.

ഉഴിച്ചിലും തിരുമ്മലും

നാഡീ ഞരമ്പുകളെ ഉണര്‍ത്തി ഊര്‍ജസ്വലത നല്‍കുന്നതിനുള്ള ചികിത്സകളാണ് ഉഴിച്ചിലും തിരുമ്മലും. വാതരോഗ ശമനത്തിനും ശരീരത്തിലെ മാലിന്യം വിയര്‍പ്പ്, മലം, മൂത്രം എന്നിവ വഴി പുറന്തള്ളുന്നതിനും ഏറെ സഹായകമാണ് ഇത്. ഉഴിച്ചില്‍ നടത്തുമ്പോള്‍ പ്രത്യേക ചിട്ടകള്‍ പാലിക്കേണ്ടിവരും. ഏഴു ദിവസം മുതല്‍ 14 ദിവസം വരെയാണ് ഈ ചികിത്സ നടത്തേണ്ടത്. ഔഷധ ഇലകള്‍ നിറച്ച കിഴികള്‍ ഉപയോഗിച്ചു തൈലങ്ങള്‍ ശരീരത്തില്‍ തിരുമ്മി പിടിപ്പിക്കുന്നതാണ് തിരുമ്മല്‍. ചെറുചൂടുള്ള തൈലം തിരുമ്മി പിടിപ്പിക്കാം. ഇതിനു പുറമെ നവരക്കിഴി ചികിത്സ, ഇലക്കിഴി ചികിത്സ, വസ്തിനസ്യം തുടങ്ങിയവ വിദഗ്ധ വൈദ്യന്മാരുടെ മേല്‍നോട്ടത്തില്‍ ചെയ്യാവുന്ന സുഖചികിത്സകളാണ്.

ഔഷധക്കഞ്ഞി

പൊതുവെ ദഹനശക്തി കുറയുന്ന സമയമായതിനാല്‍ ദഹനം ത്വരിതപ്പെടുത്തുന്നതിനും വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങളുടെ ബുദ്ധിമുട്ടുകളില്‍നിന്നു രക്ഷ തരുന്നതിനും ഒട്ടേറെ ഔഷധക്കൂട്ടുകളടങ്ങിയ കര്‍ക്കടക കഞ്ഞി ഉത്തമമാണ്. അരിയാറ്, ചെറുപയര്‍, നല്ല ജീരകം, കരിംജീരകം, പെരുംജീരകം, ആശാളി, ഉലുവ, കൊത്തമല്ലി, കരിങ്കുറിഞ്ഞി, അയമോദകം, കുറുന്തോട്ടി, മഞ്ഞള്‍, ചുക്ക്, ശതകുപ്പ, ഏലത്തരി, ജാതി പത്രി, കരയാമ്പൂ, തക്കോലം, നറുനീണ്ടി (നന്നാറി), ഓരില, മൂവില, അടപതിയന്‍, നിലപ്പന, വയല്‍ചുള്ളി, പുത്തരിച്ചുണ്ട, തഴുതാമ, ചങ്ങലവരണ്ട തുടങ്ങിയവ ഔഷധങ്ങള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന കഷായത്തിലാണ് കഞ്ഞി തയാറാക്കുന്നത്. കഷായം അരിച്ചെടുത്ത് അതില്‍ നവര അരി വേവിച്ചെടുത്ത് പശുവിന്‍ പാലിലോ ആട്ടിന്‍ പാലിലോ തേങ്ങാപ്പാലിലോ ചേര്‍ത്ത് കഴിക്കാം. നവര അരി ഇല്ലെങ്കില്‍ പഴയ നെല്ലിന്റെ തവിടു കളയാത്ത മട്ടപ്പച്ചരി ഉപയോഗിക്കാം. രാവിലെ വെറും വയറ്റില്‍ കഴിക്കുന്നതാണ് ഉത്തമം. വൈകുന്നേരവും കഴിക്കാം. തുടര്‍ച്ചയായി ഒരു മാസം ഉപയോഗിക്കുന്നതു ഗുണം ചെയ്യുമെങ്കിലും 10, 20, 30, 40 ദിവസം എന്നിങ്ങനെ ആവശ്യം പോലെ ഔഷധക്കഞ്ഞി സേവിക്കുന്നവരുണ്ട്. ഔഷധക്കഞ്ഞിയും ച്യവനപ്രാശ്യവുമെല്ലാം നമ്മുടെ ആമാശയത്തിന്റെ പ്രവര്‍ത്തനത്തെ കൃത്യതയുള്ളതാക്കാന്‍ സഹായിക്കും.

ലൈംഗിക ഉണര്‍വ്

ആരോഗ്യകരമായ ലൈംഗിക ജീവിതത്തിനും കര്‍ക്കടക ചികിത്സ ഗുണം ചെയ്യും. കര്‍ക്കടക ചികിത്സ ശരീരത്തിലെ ഓരോ നാഡികളിലൂടെയുമുള്ള രക്തയോട്ടം വര്‍ധിക്കാന്‍ സഹായകമാകും. പേശികള്‍ക്കു ബലമേറും. ലൈംഗിക സംതൃപ്തിയുടെ പ്രധാന ഘടകങ്ങളാണിവയെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.

പഥ്യം

മത്സ്യ, മാംസാഹാരങ്ങള്‍ ഉപേക്ഷിക്കല്‍ മാത്രമല്ല പഥ്യം. ആയുര്‍വേദ വിധിപ്രകാരം രോഗത്തിനും ഔഷധത്തിനും ചേരുന്നതും ചേരാത്തതുമായവ തിരിച്ചറിഞ്ഞുകൊണ്ടുള്ള ഭക്ഷണക്രമത്തെയാണു പഥ്യം എന്നു പറയുന്നത്. ചില രോഗങ്ങള്‍ ഉള്ളവര്‍ക്കു ചില ഭക്ഷണ പദാര്‍ഥങ്ങള്‍ ചേരില്ല. ചില മരുന്നുകള്‍ ഉപയോഗിക്കുമ്പോഴും ചില ഭക്ഷണങ്ങള്‍ ഉപേക്ഷിക്കേണ്ടി വരും. ഇവ ഒഴിവാക്കി, ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന ഭക്ഷണക്രമം പിന്തുടരുന്നതിനെയാണ് പഥ്യം എന്നു പറയുന്നത്. മിതമായ ഭക്ഷണമാണ് അഭികാമ്യം. കര്‍ക്കടകത്തിലെ സുഖചികിത്സാ കാലത്ത്, ദഹിക്കാന്‍ വിഷമമുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ ഒഴിവാക്കാനാണു ഡോക്ടര്‍മാര്‍ പറയുക. എരിവ്, ചവര്‍പ്പ്, കയ്പ് തുടങ്ങിയ രുചികള്‍ ഒഴിവാക്കണമെന്നു പറയുന്നതും പഥ്യത്തിന്റെ ഭാഗമാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പഴകിയ അരി കൊണ്ടുള്ള ആഹാരം കഴിക്കുക.

മാംസരസം (സൂപ്പ്) ഉപയോഗിക്കുക.

ചെറുപയര്‍ കൊണ്ടുള്ള സൂപ്പ് കഴിക്കുക.

നാട്ടില്‍ കിട്ടുന്ന പത്ത് ഇലക്കറികള്‍ കഴിക്കുക.

ആയാസമുള്ള ജോലികള്‍ ഒഴിവാക്കുക.

മധുര രസം, എരിവ് എന്നിവ ഒഴിവാക്കാം.

തൈര് ഒഴിവാക്കാം. മോര് ധാരാളമായി ഉപയോഗിക്കാം.

കുളിക്കുന്നതിനു മുന്‍പ് ധന്വന്തരം, ബലാശ്വഗന്ധാദി തൈലങ്ങള്‍ ദേഹത്തു പുരട്ടാം.

മത്സ്യം, മാംസം, മുട്ട എന്നിവയൊക്കെ ഒഴിവാക്കണം.

പകലുറക്കം, വ്യായാമം എന്നിവ കുറയ്ക്കണം.

മദ്യം, പുകവലി, മറ്റ് ലഹരി പദാര്‍ത്ഥങ്ങള്‍ എന്നിവ വര്‍ജിക്കണം.

shortlink

Related Articles

Post Your Comments


Back to top button