
പനജി: വര്‍ഷങ്ങളായി ഗോവയില്‍ ഹിന്ദുക്കളുടെ മതപരിവര്‍ത്തനം തുടരുന്ന സാഹചര്യത്തിൽ അധികാരമേറ്റ് നൂറ് ദിവസത്തിനുള്ളില്‍ മതം മാറ്റം നിര്‍ത്തലാക്കിയെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്.
സര്‍ക്കാര്‍ നൂറ് ദിവസം പൂര്‍ത്തിയാക്കുന്ന പരിപാടിയിലാണ് സാവന്ത് ഇക്കാര്യം വ്യക്തമാക്കിയത്. ഗോവയിലെ ബി.ജെ.പി സര്‍ക്കാര്‍ ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരാണെന്നും പ്രമോദ് സാവന്ത് അവകാശപ്പെട്ടു. 100 ദിവസത്തിനിടെ സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികള്‍ അടങ്ങിയ ലിസ്റ്റും മുഖ്യമന്ത്രി പുറത്ത് വിട്ടു.
‘കടുത്ത നിലപാടാണ് മതം മാറ്റത്തിനെതിരെ ബി.ജെ.പി സര്‍ക്കാര്‍ എടുത്തിട്ടുള്ളത്. നേരത്തെ, സംസ്ഥാനത്ത് ഹിന്ദുക്കളുടെ മതപരിവര്‍ത്തനം നടക്കാറുണ്ടായിരുന്നു. എന്നാല്‍, അത് ഇപ്പോള്‍ നിര്‍ത്തലാക്കി. വര്‍ഷങ്ങളായി നടക്കുന്ന മതപരിവര്‍ത്തനമാണ് അവസാനിപ്പിച്ചത്. പോര്‍ച്ചുഗീസ് ഭരണ കാലത്ത് നശിപ്പിക്കപ്പെട്ട ക്ഷേത്രങ്ങളും പൈതൃക സ്ഥലങ്ങളും പുനരുദ്ധരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി 20 കോടി രൂപയും നീക്കിവച്ചിരുന്നു’- പ്രമോദ് സാവന്ത് പറഞ്ഞു.
Read Also: ചാഞ്ചാട്ടത്തിനൊടുവിൽ ഇടിവ്, രണ്ടാം ദിനം വിപണി നഷ്ടത്തിൽ അവസാനിച്ചു
എന്നാൽ, 2012 മുതല്‍ തുടര്‍ച്ചയായി ഗോവയില്‍ ബി.ജെ.പിയാണ് ഭരിക്കുന്നത്. 11ാം നിയമസഭയില്‍ ആദ്യത്തെ രണ്ടര വര്‍ഷം മനോഹര്‍ പരീഖറും അടുത്ത രണ്ട് വര്‍ഷം ലക്ഷികാന്ത് പര്‍സേക്കറുമായിരുന്നു ഗോവ മുഖ്യമന്ത്രിമാര്‍. പിന്നീട് 2017ല്‍ വീണ്ടും ബി.ജെ.പി അധികാരത്തില്‍ എത്തുകയും മനോഹര്‍ പരീഖര്‍ മുഖ്യമന്ത്രിയാകുകയും ചെയ്തു. കാലാവധി പൂര്‍ത്തിയാക്കും മുമ്പ് അദ്ദേഹം മരണപ്പെട്ടതിനെത്തുടര്‍ന്ന് പ്രമോദ് സാവന്തിനെ മുഖ്യമന്ത്രിയായി ബി.ജെ.പി നിയോഗിച്ചു. 2022 മാര്‍ച്ചില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 13ാം നിയമസഭയില്‍ മുഖ്യമന്ത്രിയായി പ്രമോദ് സാവന്തിനെ ബിജെപി വീണ്ടും നിയോഗിക്കുകയായിരുന്നു.
Post Your Comments