KeralaLatest News

സ്കൂൾ ബസിൽനിന്ന് എൽകെജി വിദ്യാർഥി തെറിച്ചു വീണിട്ടും സംഭവമറിയാതെ ബസിലുള്ളവർ : കുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കടുത്തുരുത്തി : ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിൽനിന്ന് എൽകെജി വിദ്യാർഥി എമർജൻസി വാതിലിലൂടെ തെറിച്ചു വീണു. സ്കൂൾ ബസ് ഡ്രൈവറും ജീവനക്കാരനും സംഭവമറിഞ്ഞതു പിന്നാലെ കാറിലെത്തിയ യുവാവ് ബസ് തടഞ്ഞുനിർത്തിയപ്പോഴാണ്. റോഡിലുരഞ്ഞ് മുഖത്തും കാലിനും പരുക്കേറ്റ 4 വയസ്സുകാരനെ സമീപത്തുള്ള ഒരു അധ്യാപികയും കാറിലുണ്ടായിരുന്ന യുവാവും സ്‌കൂൾ വാനിലെ പ്രവർത്തകരും ചേർന്ന് മുട്ടുചിറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വീട്ടിലേക്കുള്ള യാത്രയിൽ സ്കൂൾ ബസിന്റെ പിൻസീറ്റിലിരുന്ന കുട്ടി ഉറങ്ങിപ്പോകുകയും നിലത്തുവീണ് പിൻവശത്തെ എമർജൻസി വാതിലിലേക്കു തെറിച്ചു വീഴുകയും ചെയ്തു. വാതിലിന് അരികിലെ കമ്പിയിൽ പിടിത്തംകിട്ടിയ കുട്ടി അതിൽ തൂങ്ങിക്കിടക്കുന്നതു കണ്ട കാറിലുള്ള യുവാവ് ഹോൺ മുഴക്കിയെങ്കിലും ബസിലുള്ളവർ ശ്രദ്ധിച്ചില്ല. ഇതിനിടെ കുട്ടി പിടിവിട്ട് റോഡിൽ വീഴുകയും ചെയ്തു. ഉടനെ തന്നെ കാറിലെ യാത്രികൻ സ്കൂൾ ബസ് തടയുകയും അപകടവിവരം ഡ്രൈവറെ അറിയിക്കുകയും ചെയ്തു.

സ്കൂൾ ബസിൽ ഡ്രൈവറെ കൂടാതെ ഒരു ജീവനക്കാരൻകൂടി ഉണ്ടായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് കടുത്തുരുത്തി – പിറവം റോഡിൽ അലരിക്കു സമീപമാണു സംഭവം. കടുത്തുരുത്തി സ്വദേശികളുടെ മകനാണ് തലനാരിഴയ്ക്ക് അദ്‌ഭുതകരമായി രക്ഷപ്പെട്ടത്. ആശുപത്രിയിൽനിന്നുള്ള അറിയിപ്പ് ലഭിച്ചതിനെ തുടർന്നു സ്കൂൾ പ്രിൻസിപ്പലിനെയും ബസ് ജീവനക്കാരെയും കുട്ടികളുടെ മാതാപിതാക്കളെയും വിളിച്ചുവരുത്തി പൊലീസ് മൊഴിയെടുത്തു. സാധാരണ സ്‌കൂൾ ബസുകളിൽ ഡ്രൈവറും ജീവനക്കാരനും കൂടാതെ ഒരു ആയ കൂടി ഉണ്ടാവാറുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button