KeralaLatest News

ഇന്ത്യൻ ഭരണഘടനയോടു കാട്ടിയത് വ്യാജമായ കൂറെന്ന് പറഞ്ഞ സജി ചെറിയാന് നിയമസഭയിൽ കാലുകുത്താൻ യോഗ്യതയില്ല: വി മുരളീധരൻ

തിരുവനന്തപുരം: ഭരണഘടനയെ വിമർശിച്ച് നടത്തിയ പ്രസംഗം വിവാദമായതോടെ രാജി വെച്ച സജി ചെറിയാനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയിൽ സിപിഎം ഏരിയ കമ്മിറ്റി കഴിഞ്ഞ ഞായറാഴ്ച സംഘടിപ്പിച്ച പരിപാടിയിലായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസംഗം. ഏറ്റവും കൂടുതൽ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് ഇന്ത്യയുടേതെന്നും ബ്രിട്ടിഷുകാർ പറഞ്ഞു കൊടുത്തത് ഇന്ത്യക്കാർ എഴുതിവച്ചെന്നുമായിരുന്നു പരാമർശം.

ഈ പരാമർശങ്ങൾ സൃഷ്ടിച്ച രാഷ്ട്രീയക്കൊടുങ്കാറ്റാണ് സജി ചെറിയാന്റെ രാജിയിലേക്കു നയിച്ചത്. രാജിയില്ലെന്ന് അവസാന നിമിഷം വരെ ആവർത്തിച്ച സജി ചെറിയാൻ, ഒടുവിൽ ബുധനാഴ്ച വൈകിട്ട് വാർത്താ സമ്മേളനം വിളിച്ചാണ് രാജിവയ്ക്കുന്നതായി അറിയിച്ചത്. പിന്നാലെ സജി ചെറിയാനെതിരെ കേസെടുക്കാൻ കീഴ്‌വായ്പൂര് സ്റ്റേഷൻ ഹൗസ് ഓഫിസർക്ക് തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഉത്തരവു നൽകി. ഇതുപ്രകാരം കേസും രജിസ്റ്റർ ചെയ്തു.

മന്ത്രി സ്ഥാനത്ത് നിന്നും രാജി വെച്ചതോടെ സജി ചെറിയാന് ഇനി എം എൽ എ ആയി തുടരാൻ ആകുമോ എന്നുള്ളതാണ് പ്രധാന ചോദ്യം. ഹോണർ ആക്ട് ലംഘിച്ചതിനാൽ സജി ചെറിയാൻ ക്രിമിനൽ നടപടി നേരിടേണ്ട സാഹചര്യം ഉണ്ടെന്നും എംഎൽഎ സ്ഥാനവും രാജി വെക്കേണ്ടി വരുമെന്നും ചില നിയമ വിദഗദ്ധർ പറയുന്നു. ഇതേ അഭിപ്രായം തന്നെയാണ് കേന്ദ്രമന്ത്രി വി മുരളീധരനും പറയുന്നത്.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം:

ഭരണഘടനയ്ക്ക് എതിരായ പ്രസംഗത്തിൽ മാപ്പുപറയാത്ത മുൻമന്ത്രിയും മൗനം ആയുധമാക്കിയ മുഖ്യമന്ത്രിയും സിപിഎമ്മിന്‍റെ ഭരണഘടനാസ്നേഹത്തിൻ്റെ കാപട്യം വിളിച്ചു പറയുന്നു.” ഭരണഘടന നിയമ പുസ്തകം മാത്രമല്ല ജീവിതത്തിന്‍റെ ചാലകശക്തിയാണെന്നും കാലഘട്ടത്തിന്‍റെ ആത്മാവാണെന്നും” റിപ്പബ്ലിക് ദിന സന്ദേശമെഴുതുന്ന പിണറായി വിജയൻ, സജി ചെറിയാനെ പിന്തുണയ്ക്കുന്നതാണോ വൈരുധ്യാത്മക ഭൗതികവാദം !?

ഭരണഘടനയോട് തെല്ലെങ്കിലും കൂറുണ്ടെങ്കിൽ സജി ചെറിയാനോട് പൊതുസമൂഹത്തിന് മുൻപിൽ മാപ്പ് പറയണമെന്ന് പിണറായി വിജയനും സീതാറാം യച്ചൂരിയും ആവശ്യപ്പെടണം. ഭരണഘടനയ്ക്ക് പോറലുണ്ടാക്കുന്നവരും അവരെ സംരക്ഷിക്കുന്നവരും ജനാധിപത്യ ഇടത്ത് നിന്ന് മാറിനിൽക്കുക തന്നെ വേണം. ഇന്ത്യൻ ഭരണഘടനയോടു കാട്ടിയത് ‘വ്യാജമായ കൂറെന്ന് ‘ വിളിച്ചു പറഞ്ഞ സജി ചെറിയാന് നിയമസഭയിൽ കാലുകുത്താൻ യോഗ്യതയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button