Latest NewsNewsLife StyleHealth & Fitness

മാനസിക സമ്മര്‍ദ്ദവും ഉത്കണ്ഠയുമകറ്റാൻ

മാനസിക സമ്മര്‍ദ്ദവും ഉത്കണ്ഠയുമൊക്കെ ഇന്ന് പലരും നേരിടുന്ന ഒരു പ്രശ്‌നമാണ്. മാനസിക സമ്മര്‍ദ്ദം ഏറുന്നതും അനാവശ്യമായ ഉത്കണ്ഠയുമൊക്കെ നമ്മുടെ ആരോഗ്യത്തെ തന്നെ പ്രതികൂലമായി ബാധിക്കും എന്നതില്‍ സംശയം വേണ്ട. ജോലിഭാരവും വൈകാരികമായ പ്രശ്‌നങ്ങളും ഇന്നത്തെ ജീവിതരീതിയുമൊക്കെയാണ് ഇതിന്റെ പ്രധാന കാരണം.

മാനസിക സമ്മര്‍ദ്ദം കൂടുതല്‍ അനുഭവിക്കുന്നത് സ്ത്രീകളാണെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന്, ഏകാഗ്രത നഷ്ടമാകുക, പ്രകോപനം, ശരീരവേദന, തലവേദന, വിശപ്പില്‍ ഉണ്ടാകുന്ന ഗുരുതരമായ മാറ്റങ്ങള്‍, മാനസിക സ്ഥിതിയിലെ വ്യതിയാനങ്ങള്‍ എന്നിവ ഉണ്ടാകുന്നു. ഈ അവസ്ഥ പിന്നീട് വിഷാദരോഗമായി വരെ മാറാനുള്ള സാധ്യതകള്‍ ഏറെയാണ്. നിങ്ങള്‍ ഉപയോഗിക്കുന്ന എണ്ണ, പെര്‍ഫ്യൂം എന്നിവയുടെ ഗന്ധം മാനസിക പിരിമുറുക്കത്തെയും ഉത്കണ്ഠയെയും കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അരോമാതെറാപ്പിയില്‍ വരുന്ന ചികിത്സാരീതിയാണ് ഇത്.

Read Also : ഹിമാചൽ പ്രദേശിൽ മേഘസ്ഫോടനം: മനാലിയിലെ പാലം ഒഴുകിപ്പോയി

ഉഴിച്ചിലിന്റെ സമയത്ത് രോഗശമനത്തിനുവേണ്ടി സുഗന്ധമുള്ള എണ്ണകളും, സസ്യങ്ങളുടെ നീരും പുരട്ടുന്ന ചികിത്സാരീതിയാണ് അരോമാതെറാപ്പി. മാനസിക പിരിമുറുക്കം, ഉത്കണ്ഠ എന്നിവ അമിതമാകുമ്പോള്‍ വാസനയുളള എണ്ണയോ പെര്‍ഫ്യൂമോ മണക്കുന്നത് ഏറെ ഗുണം ചെയ്യും. മാനസിക പിരിമുറക്കത്തെ കുറയ്ക്കാനും മനസ്സിന് സന്തോഷം പകരാനും സുഗന്ധത്തിന് കഴിവുണ്ട്. ജേണല്‍ ഓഫ് അഡ്വാന്‍സിഡ് നേഴ്‌സിങിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുളളത്. തലച്ചോറിലെ വികാരങ്ങളുടെ കേന്ദ്രമായ അമിഗ്ഡലയില്‍ സുഗന്ധം നേരിട്ട് ഇടപെടുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. ഇങ്ങിനെ സുഗന്ധമുളവാക്കുന്ന ഫലത്തെ തടയാന്‍ തലച്ചോറിലെ ചിന്താകേന്ദ്രങ്ങള്‍ക്ക് കഴിയാത്തതിനാല്‍ ആശ്വാസം ഉടന്‍ അനുഭവിക്കാനാവും. അതിനാല്‍, ഇനി ടെന്‍ഷന്‍ വരുമ്പോള്‍ അല്‍പ്പനേരം പൂന്തോട്ടത്തിലേക്കിറങ്ങൂ… വിവിധ തരം പൂക്കളുടെ സുഗന്ധം നിങ്ങളിലെ മാനസിക സമ്മര്‍ദ്ദത്തെ കുറയ്ക്കും എന്നതില്‍ സംശയം വേണ്ട.

സുഗന്ധം പ്രസരിപ്പിക്കുന്ന എല്ലാ വീട്ടുജോലിക്കും ടെന്‍ഷന്‍ കുറയ്ക്കാനുള്ള കഴിവുണ്ടെന്നും പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കൊളംബിയ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലെ ഗവേഷകരാണ് ഇക്കാര്യം കണ്ടെത്തിയത്. തുണി കഴുകുന്നത് പോലെയുളള ജോലികള്‍ ചെയ്യുന്നത് മനസ്സിന് സന്തോഷം നല്‍കുമെന്നും പഠനം പറയുന്നു. തുണി കഴുകാനായി ഉപയോഗിക്കുന്ന സോപ്പിന്റെ ഗന്ധമാണ് മനസ്സിന് സമാധാനവും സന്തോഷവും നല്‍കുന്നതത്രേ. സുഗന്ധ ചികില്‍സ അഥവാ അരോമതെറാപ്പിയുടെ സാധ്യതകളിലേക്ക് വെളിച്ചം വീശുന്ന ഈ പഠനത്തിന് നേതൃത്വം നല്‍കിയത് ഡോ. മെഹ്മത് ഓസാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button