കൊല്ലം: വിരണ്ടോടിയ പോത്ത് ദേശീയപാതയിൽ പരിഭ്രാന്തി സൃഷ്ടിച്ചതോടെ വാഹന ഗതാഗതം മുക്കാൽ മണിക്കൂറോളം തടസപ്പെട്ടു. കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം. കഴിഞ്ഞ ദിവസം രാവിലെ 7.30 ഓടെ പുത്തൻതെരുവ് ജംഗ്ഷനിൽ നിന്ന് പോത്ത് ദേശീയപാതയിലൂടെ വവ്വാക്കാവ് ഭാഗത്തേക്ക് ഓടിയെത്തുകയായിരുന്നു. പോത്ത് വിരണ്ടോടിയതോടെ ബൈക്ക് ഉപേക്ഷിച്ച് പലരും ഓടിരക്ഷപ്പെടുകയായിരുന്നു.
പോത്ത് റോഡിൽ നിന്ന് മാറാതായതോടെ മത്സ്യത്തൊഴിലാളികൾ എത്തിയാണ് പ്രശ്നം പരിഹരിച്ചത്.. ഇതിനിടെ ദേശീയ പാതയിലൂടെ വന്ന കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസ് പോത്തിന്റെ ദേഹത്ത് തട്ടി. ഇതോടെ പോത്ത് കൂടുതൽ വിരണ്ട് ദേശീയപാതയിൽ തന്നെ നിലയുറപ്പിക്കുകയായിരുന്നു. തുടർന്നാണ് ഗതാഗതം പൂർണമായും തടസപ്പെടുന്ന അവസ്ഥയുണ്ടായത്.
ഒടുവിൽ, തഴവ കടത്തൂർ സ്വദേശി നവാസ്, സിയാദ് എന്നിവർ ചേർന്നാണ് പോത്തിനെ സാഹസികമായി കീഴ്പ്പെടുത്തിയത്. ഇവർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തു. പോത്തിനെ വാഹനത്തിൽ കൊണ്ടുപോകും വഴി ലോറിയിൽ നിന്ന് റോഡിൽ വീണതാണെന്ന് കരുതുന്നു. പോത്തിന്റെ ഉടമസ്ഥർ ആരും ഇതുവരെ എത്തിയിട്ടില്ല.
Post Your Comments