KeralaLatest NewsIndia

കരച്ചിൽ കേട്ട് അയൽക്കാർ എത്തി കതക് തട്ടിയപ്പോഴും പ്രതി ഉള്ളിൽ! മനോരമയുടെ കൊലപാതകത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങളും

തിരുവനന്തപുരം: കേശവദാസപുരത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മനോരമയെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ചാണെന്ന് പോസ്റ്റുമോർട്ടം പരിശോധനയിൽ വ്യക്തമായി. കൊലപാതകവുമായി ബന്ധപ്പെട്ട നിർണായക സിസിടിവി ദൃശ്യങ്ങളും പൊലീസിന് കിട്ടി. പ്രതിയായ ആദം അലി മനോരമയുടെ മൃതദേഹം കല്ല് കെട്ടി കിണറ്റിൽ താഴ്ത്തുന്നതാണ് ദൃശ്യം. ദൃശ്യത്തിൽ ഇയാൾ ഒറ്റയ്ക്കാണ് ഈ കൃത്യം നിർവഹിക്കുന്നത്.

എന്നാൽ പ്രതിക്ക് സഹായം ലഭിച്ചിരുന്നോയെന്നത് വ്യക്തമല്ല. മനോരമയുടെ വീടിന് തൊട്ടടുത്തുള്ള മറ്റൊരു വീട്ടിലെ സിസിടിവിയിലാണ് കൊലപാതകത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. ഇയാൾ റെയിൽവെ സ്റ്റേഷനിലെത്തിയ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. വൈകുന്നേരം അഞ്ച് മണിയോടെയാണ് പ്രതി ഇവിടെയെത്തിയതെന്നാണ് വിവരം. ആദം അലിക്കൊപ്പം താമസിച്ചിരുന്ന അഞ്ചുപേർ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. എന്നാൽ ഇവർക്ക് സംഭവത്തിൽ യാതൊരു പങ്കും ഉള്ളതായി സൂചനയില്ല.

ആദം അലി തലസ്ഥാന ന​ഗരം വിട്ട് പോയോ എന്ന കാര്യത്തിൽ പൊലീസിന് ഇതുവരെ ഉറപ്പില്ല. മനോരമയുടെ മൃതദേഹത്തിന്റെ കഴുത്തിൽ തുണി കൊണ്ട് ഇറുക്കിയ പാടുണ്ട്. മൃതദേഹത്തിന്റെ കാലിൽ ഇഷ്ടികയും കെട്ടിവച്ചിരുന്നു. ഇന്നലെ വൈകിട്ട് മനോരമയുടെ വീട്ടിൽ നിന്ന് നിലവിളി കേട്ടിരുന്നു. ശബ്ദം കേട്ട് അയൽവാസികൾ ഈ വീട്ടിലെത്തി കതകിൽ തട്ടി. ആരും കതക് തുറന്നില്ല. ഇതോടെ നാട്ടുകാർ മടങ്ങി പോയി. എന്നാൽ വീടിനുള്ളിൽ തന്നെയുണ്ടായിരുന്ന കൊലയാളി ഇതിന് ശേഷമാണ് മൃതദേഹം തൊട്ടടുത്ത വീട്ടിലെ കിണറ്റിൽ കൊണ്ടിട്ടതെന്നാണ് പൊലീസ് പറയുന്നത്.

മോഷണത്തിനിടെ മനോരമയെ കൊലപ്പെടുത്തിയെന്നാണ് ആദ്യം കരുതിയത്. എന്നാൽ നഷ്ടപ്പെട്ടെന്ന് കരുതിയ 60000 രൂപ മനോരമയുടെ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തിയതോടെ, പ്രതിയുടെ ഉദ്ദേശം മോഷണം തന്നെയായിരുന്നോ അല്ല മറ്റെന്തെങ്കിലും ആയിരുന്നോ എന്ന സംശയം ഉയർന്നു. മാനഭംഗ ശ്രമമായിരുന്നോ കൊലപാതകത്തിന് പിന്നിലെന്നാണ് ഇപ്പോൾ പൊലീസ് അന്വേഷിക്കുന്നത്. മനോരമയെ കൊലപ്പെടുത്തിയ ശേഷം തന്റെ ഫോൺ സിം മാറ്റാനായി ആദം അലി സുഹൃത്തുക്കളെ വിളിച്ചിരുന്നതായി മനസിലായി. ഉള്ളൂരിൽ നിന്നാണ് ഇയാൾ സുഹൃത്തുക്കളെ വിളിച്ചത്.

കൊലപാതകത്തിന് രണ്ട് ദിവസം മുൻപ് പ്രതി പബ്ജി ഗെയിമിൽ തോറ്റ ദേഷ്യത്തിൽ തന്റെ തന്നെ മൊബൈൽ ഫോൺ തല്ലിപ്പൊട്ടിച്ചിരുന്നു. ഇന്നലെ മകളുടെ വർക്കലയിലെ വീട്ടിൽ നിന്നും മടങ്ങിയെത്തിയ മനോരമയുടെ ഭർത്താവാണ് ഭാര്യയെ കാണാനില്ലെന്ന വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇതര സംസ്ഥാന തൊഴിലാളികൾ കഴിഞ്ഞ അയൽവീട്ടിൽ ഒരാളെ കാണാനില്ലെന്ന് വ്യക്തമായി.

നാല് മണിയോടെ അടുപ്പിച്ച് വീട്ടിൽ നിന്നും കരച്ചിൽ കേട്ടെന്ന നാട്ടുകാരുടെ മൊഴി കൂടെ ആയപ്പോൾ മനോരമയെ ആരെങ്കിലും അപായപ്പെടുത്തിയോ എന്നായിരുന്നു സംശയം. തുടർന്ന് തിരച്ചിൽ നടത്തിയപ്പോഴാണ് തൊട്ടടുത്ത മറ്റൊരു വീട്ടിലെ കിണറ്റിൽ മനോരമയുടെ മൃതദേഹം കണ്ടെത്തിയത്. പട്ടാപ്പകൽ തലസ്ഥാന നഗരത്തിന്റെ മധ്യത്തിൽ ആയിരുന്നു കൊലപാതകം അരങ്ങേറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button