KeralaLatest NewsNews

‘ഖാദി പഴയ ഖാദിയല്ല’: ഓണം ഖാദിമേളയ്ക്ക് തുടക്കം

 

തൃശ്ശൂര്‍: ‘ഖാദി പഴയ ഖാദിയല്ല’ എന്ന സന്ദേശം ഉയര്‍ത്തി നവീന ഫാഷനിലുള്ള ഖാദി വസ്ത്രങ്ങളും വൈവിധ്യമാര്‍ന്ന ഗ്രാമ വ്യവസായ ഉല്‍പന്നങ്ങളും വിപണയിലിറക്കി ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി ഖാദി ബോര്‍ഡ്. കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ‘ഓണം ഖാദി മേള 2022’ ജില്ലാതല ഉദ്ഘാടനം ദേവസ്വം, പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. ആധുനിക കാലത്ത് ഖാദി മേഖലയെ എപ്രകാരം ശക്തിപ്പെടുത്താം എന്ന തിരിച്ചറിവാണ് ഇത്തരം മേളകളെന്ന് മന്ത്രി പറഞ്ഞു. കൈത്തറി ഉല്‍പന്നങ്ങള്‍ക്ക് ന്യായമായ വിലയും തൊഴിലാളികള്‍ക്ക് ലാഭവും കിട്ടണം. തൊഴിലാളികള്‍ക്ക് പ്രോത്സാഹനം നല്‍കി അവരെ ഈ മേഖലയില്‍ തന്നെ പിടിച്ചുനിര്‍ത്താനായി പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനുള്ള ശ്രമങ്ങളും ബോര്‍ഡിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്ന് മന്ത്രി ഓര്‍മ്മിപ്പിച്ചു.

 

ഖാദിത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം വേതനം കുടിശ്ശിക ഉള്‍പ്പെടെ ഓണത്തിനുമുമ്പ് നല്‍കുമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ പറഞ്ഞു.

 

ആഗസ്റ്റ് 15ന് എല്ലാ ജില്ലകളിലും ഖാദി ഉപഭോക്താക്കളുടെ സംഗമം സംഘടിപ്പിക്കുന്നുണ്ട്. എല്ലാവരിലേയ്ക്കും ഖാദി ഉല്‍പന്നങ്ങള്‍ എത്തിക്കുകയാണ് ബോര്‍ഡ് പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. മേളയുടെ ആദ്യ വില്‍പനയും സമ്മാന കൂപ്പണ്‍ വിതരണവും അദ്ദേഹം നിര്‍വ്വഹിച്ചു.

 

ആഴ്ചയിലൊരിക്കല്‍ ഖാദി വസ്ത്രമെന്ന സര്‍ക്കാര്‍ ഉത്തരവ് ഖാദി മേഖലയ്ക്ക് വരുത്തിയ മാറ്റത്തിന്റെ ചുവടുപിടിച്ചാണ് കൂടുതല്‍ കരുത്തോടെ ഖാദി വിപണിയിലെത്തുന്നത്. ഓണം ഖാദി മേളയോടനുബന്ധിച്ച് സെപ്റ്റംബര്‍ 7 വരെ ഖാദി ഉല്‍പന്നങ്ങള്‍ക്ക് 30% ഗവ.റിബേറ്റ് ഉണ്ടായിരിക്കും.

 

പ്രൊഫ.ജോസഫ് മുണ്ടശ്ശേരി സ്മാരക ഹാളില്‍ നടന്ന ചടങ്ങില്‍ പി ബാലചന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് സെക്രട്ടറി ഡോ. കെ.എ രതീഷ്, കേരള ഖാദി ഗ്രാമ വ്യവസായ അസോസിയേഷന്‍ പ്രസിഡന്റ് സി.ബി ഗീത, ജില്ലാ ഖാദി ഗ്രാമ വ്യവസായ കാര്യാലയം പ്രോജക്ട് ഓഫീസര്‍ എസ് സജീവ് എന്നിവര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button