KeralaLatest News

ശരിക്കും ആപ്പിലായത് വിനീതല്ല, ഫിൽറ്ററിട്ട ചുവന്ന ചുണ്ട് കണ്ട് മയങ്ങിയ കാന്താരി കിളികൾക്കാണ്: അഞ്‍ജു പാർവതി

അഞ്‍ജു പാർവതി പ്രഭീഷ്

പറയാനുള്ളത് സൈബറിടങ്ങളിലെ ചതിക്കുഴികളിൽ സ്വന്തം കുഴിമാടം തോണ്ടുന്ന സ്ത്രീകളോട് മാത്രമാണ്. ഇന്നും കണ്ടു എൻ്റർടെയിൻമെൻ്റ് വല വിരിച്ച് സ്ത്രീകളെ കുരുക്കുന്ന ഒരു ചിലന്തിയെ കുറിച്ചുള്ള വാർത്ത. വാർത്തകളിലൊക്കെ സ്പഷ്ടമായി അയാൾ ചെയ്ത കുറ്റകൃത്യങ്ങളെ കുറിച്ച് റിപ്പോർട്ട് ഉണ്ടായിരുന്നുവെങ്കിലും നെറ്റിസൺസ് അഡ്രസ്സ് ചെയ്തതത് അയാളുടെ ക്രൈമായിരുന്നില്ല, മറിച്ച് അയാളുടെ ഫിൽറ്ററിട്ട മുഖത്തെ കുറിച്ചായിരുന്നു. നോക്കു… അയാൾ ഉണ്ണി മുകുന്ദനെ പോലെ തന്നെയാണ് കാണാൻ യഥാർത്ഥത്തിലെന്നു കരുതുക. അങ്ങനെയെങ്കിൽ പോലും പെൺകുട്ടികളെ ചതിയിൽ കുരുക്കാൻ അയാൾക്ക് റൈറ്റ് ഉണ്ടോ?

ഇല്ല! ക്രൈം ചെയ്യാൻ ഒരാളുടെ നിറമോ രൂപമോ അല്ലല്ലോ ഫാക്ടർ. നമ്മൾ ഗൗരവതരമായി ചർച്ച ചെയ്യേണ്ടത് സൈബറിടങ്ങളിൽ ചതിക്കുഴി കുഴിച്ച് കാത്തിരിക്കുന്ന ക്രിമിനൽസിനെ കുറിച്ചാണ്. അല്ലാതെ അവരുടെ സൗന്ദര്യത്തിലെ ഏറ്റക്കുറച്ചിലുകളല്ലാ. ഇനി മറ്റൊന്ന്, റീൽസ് കലിപ്പൻ്റെ ചതിക്കുഴിയിൽ വീണുവെന്നു പറയപ്പെടുന്ന അമ്പതിലധികം സ്ത്രീകളോടും ഒട്ടും സഹതാപമില്ല. പ്രത്യേകിച്ച് മുതിർന്ന വിവാഹിതരായ സ്ത്രീകളോട്. കാരണം സൈബറിടത്ത് ഓരോ സ്ത്രീയും സുരക്ഷിതരാവേണ്ടത് സ്വന്തം ബാധ്യതയാണ്. സ്വന്തം സുരക്ഷ എന്ന പൂട്ടും താക്കോലും കയ്യിൽ ഉള്ളിടത്തോളം ഏതൊരുവന്റെയും മോശം സമീപനങ്ങൾക്ക് തുടക്കത്തിൽ തന്നെ തടയിട്ടുകൂടേ പെണ്ണുങ്ങളേ?

വർഷങ്ങൾക്കു മുമ്പ് മൊബൈൽ ഫോൺ ഉപയോഗം തുടങ്ങിയ കാലത്ത് മിസ്ഡ് കാൾ ആയിരുന്നു ചതിക്കുഴി തീർത്തതെങ്കിൽ ഇന്ന് സോഷ്യൽ മീഡിയ വഴിയാണെന്ന് മാത്രം. എത്രയോ അനുഭവങ്ങൾ ദിനംപ്രതി വാർത്തകളിലൂടെ കണ്ടറിഞ്ഞിട്ടും പാഠം പഠിക്കാതെ അവറ്റകളുടെ വായിൽ ചെന്ന് നിന്ന് കൊടുക്കുന്നത് എന്തിനാണ്? സൈബർ യുഗം ജനകീയമായി തുടങ്ങി 10-15 വർഷങ്ങൾ ആയിട്ടും, എത്രയോ ചതിക്കുഴിയുടെ അനുഭവകഥകൾ കണ്ടിട്ടും കേട്ടിട്ടും ഈ 2022 ലും വിവാഹിതരായ സ്ത്രീകൾ ( ഉന്നത വിദ്യാഭ്യാസവും നാഗരികമായ ചുറ്റുപാടിൽ ജീവിച്ചു വളർന്നവർ വരെ ) വലയിൽ കുരുങ്ങുന്നുവെന്ന് പറഞ്ഞ് വിലപിക്കുമ്പോൾ അവരോട് തോന്നുന്നത് അവജ്ഞ മാത്രം.

കാരണം എന്നെ തല്ലേണ്ട ഞാൻ നന്നാവില്ല അമ്മാവായെന്ന ചിന്താഗതിയാണ് ഇവരിൽ പലർക്കും. അയാളെ സൂക്ഷിക്കുകയെന്ന മുന്നറിയിപ്പ് കിട്ടിയിട്ടുപ്പോലും കൂസാതെ ഫ്രോഡുകളോട് ചങ്ങാത്തം സ്ഥാപിച്ച്‌ വലയിൽ സ്വയം ചാടുന്നവരാണ് പിന്നീട് വിലപിക്കുന്നത്. വിവാഹിതയായ ഒരുവളോട് സൗഹൃദഭാഷണത്തിനപ്പുറം വീഡിയോ കോളിനും സ്വകാര്യഭാഷണത്തിനും ക്ഷണിക്കുന്ന ഏതൊരാളിന്റെയും മനസ്സ് പുണ്യാളന്റേതല്ലായെന്നു തിരിച്ചറിയുക. അവന്റെ മുന്നിൽ നിങ്ങൾ ഭർത്താവിനെ ചതിക്കുന്ന, ഭർത്താവറിയാതെ സ്വകാര്യചാറ്റിനു മുതിരുന്ന വെറുമൊരു ഭോഗവസ്തുവായ പെണ്ണ് മാത്രമാണ്. ബസ് സ്റ്റാൻഡ് ശാന്തയുടെ വില മാത്രമേ നിങ്ങൾക്ക് അവൻ നല്കുന്നുള്ളൂ. അങ്ങനൊരു പെണ്ണിനെ ചതിക്കാൻ അവനൊരു മനസാക്ഷിക്കുത്തും ഉണ്ടാവേണ്ടതില്ല.

കാരണം ഇന്ന് ഭർത്താവിനെ ചതിക്കുന്ന നിങ്ങൾ നാളെ അവനെയും വിട്ട് പുതിയ മേച്ചിൽപ്പുറം തേടുമെന്ന അടയാളപ്പെടുത്തൽ അവനുണ്ടായി കഴിഞ്ഞിരിക്കുന്നു. ശരിക്കും പറ്റിച്ചത് ആപ്പല്ല! ആപ്പിലായത് വിനീതുമല്ല. ഫിൽറ്ററിട്ട ചുവന്ന ചുണ്ട് കണ്ട് റീൽസൻ്റെ കൂട്ടിലേയ്ക്ക് പറന്നു കയറിയ കാന്താരി കിളികൾക്കാണ്. ഒരാളുടെ ജീവിതവും ഔചിത്യ ബോധവും ധാര്‍മ്മിക ചിന്തകളുമെല്ലാം ഒരു സ്മാര്‍ട്ട് ഫോണ്‍ സ്‌ക്രീനിന്റെ ഇത്തിരി ചതുരത്തിലേക്ക് ചുരുങ്ങപ്പെടേണ്ട ഒന്നല്ല എന്ന് ഇനിയെന്ന് മനസ്സിലാക്കാനാണ്? ന്യൂ ജെൻ നവോത്ഥാന -പുരോഗമനകാലത്തിനു മുന്നേ ജനിച്ചതുക്കൊണ്ടും റീൽസ് – ഫിൽറ്റർ – ഇൻസ്റ്റാ കലിപ്പൻ – കാന്താരി – യൂട്യൂബ് – ടിക് ടോക് അൽഗുലുത്തുകൾ പ്രചാരമാവുന്നതിനും മുന്നേ ജീവിച്ച പ്രണയവസന്തമായതിനാലും കാട്ടുകോഴിയെന്ന പേര് മാത്രം നേടാൻ വിധിക്കപ്പെട്ട ഹതഭാഗ്യൻ അപ്പിഹിപ്പിയെ സ്മരിച്ചുകൊണ്ട് ഇത് പോസ്റ്റുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button