KeralaLatest News

തിരുവല്ല മിന്നൽ പരിശോധന: മന്ത്രി സ്പോട്ടിൽ സ്ഥലംമാറ്റിയത് നേരത്തെ സ്ഥലം മാറിയ ഡോക്ടറെ!

പത്തനംതിട്ട : ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ മിന്നൽ പരിശോധനയെ തുടർന്ന് ശിക്ഷാ നടപടിയുടെ ഭാഗമായി സ്ഥലംമാറ്റിയത് നേരത്തേ സ്ഥലം മാറിയ ഡോക്ടറെ. തിരുവല്ല താലൂക്ക് ആശുപത്രിയിലായിരുന്നു കഴിഞ്ഞ ദിവസം മന്ത്രിയുടെ മിന്നൽ പരിശോധന. ആശുപത്രി നടത്തിപ്പിൽ അപാകത ആരോപിച്ച് സൂപ്രണ്ട് ഡോ. അജയമോഹനെ ചെങ്ങന്നൂരിലെ ജില്ലാ ആശുപത്രിയിലേക്ക് ശിക്ഷാ നടപടിയായി മന്ത്രി സ്പോട്ടിൽ സ്ഥലം മാറ്റുകയായിരുന്നു.

എന്നാൽ, കഴിഞ്ഞ മാസം 28ന് ഇറങ്ങിയ ആരോഗ്യവകുപ്പിലെ അഡ്മിനിസ്ട്രേറ്റീവ് കേഡറിലെ മെഡിക്കൽ ഓഫീസർമാരുടെ ജനറൽ ട്രാൻസ്ഫർ പട്ടികയിൽ ഇദ്ദേഹത്തിന്റെ പേരും ഉൾപ്പെട്ടിരുന്നു. ചെങ്ങന്നൂർ ആശുപത്രിയിലേക്കു തന്നെയായിരുന്നു സ്ഥലംമാറ്റവും. ഇദ്ദേഹത്തിന് പകരം വർക്കലയിലെ ഡോ. ബിജു നെൽസനെ തിരുവല്ലയിലേക്കു നിയമിച്ചതായും പട്ടികയിലുണ്ട്. അദ്ദേഹം ചുമതലയേൽക്കുന്നതു വരെ താൽക്കാലികമായി ഡോ . അജയമോഹൻ തിരുവല്ലയിൽ തുടരുകയായിരുന്നു.

തിരുവല്ല ആശുപത്രി സൂപ്രണ്ടിനെ ഡപ്യൂട്ടി സൂപ്രണ്ടായി തരംതാഴ്ത്തി ട്രാൻസ്ഫർ ചെയ്തു എന്ന തരത്തിലായിരുന്നു പിന്നീട് നടന്ന പ്രചാരണം. എന്നാൽ സ്ഥലം മാറിയ ഇടത്തിലും സൂപ്രണ്ട് ആയിത്തന്നെയാണ് അദ്ദേഹത്തിന്റെ പദവി. അതേസമയം, ഡോ. അജയമോഹനെ സ്ഥലം മാറ്റിയ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നടപടിക്കെതിരെ കേരള ഗവ.മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ) രംഗത്തെത്തി.

ആശുപത്രി സൂപ്രണ്ടിനെതിരെ ഉണ്ടായത് വ്യക്തിഹത്യയാണെന്നും സ്ഥലം മാറ്റിയ നടപടിക്കെതിരെ തിങ്കളാഴ്ച തിരുവല്ലയിൽ കരിദിനം ആചരിക്കുമെന്നും കെജിഎംഒഎ അറിയിച്ചു. മരുന്നു ക്ഷാമം കേരളത്തിലെ എല്ലാ ആശുപത്രികളിലും ഉള്ളതാണെന്നും, ഡോക്ടർമാർക്കെതിരായ അക്രമങ്ങൾക്ക് എണ്ണയിട്ട് കൊടുക്കുകയായിരുന്നു എന്നും അസോസിയേഷൻ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button