Latest NewsIndiaInternational

ഐക്യരാഷ്‌ട്രസഭയിൽ റഷ്യയ്‌ക്കെതിരെ ആദ്യമായി വോട്ട് രേഖപ്പെടുത്തി ഇന്ത്യ: വിട്ടുനിന്ന് ചൈന

വാഷിങ്ടൺ: യുക്രെയ്ൻ വിഷയത്തിൽ ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ ഇതാദ്യമായി റഷ്യയ്‌ക്കെതിരെ വോട്ട് രേഖപ്പെടുത്തി ഇന്ത്യ. 15 അംഗ യുഎൻ കൗൺസിൽ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയെ, മീറ്റിംഗ് അഭിസംബോധന ചെയ്യാൻ ക്ഷണിച്ചിരുന്നു. സെലൻസ്‌കിയെ യോഗത്തിന്റെ ഭാഗമാക്കുന്നതിനെതിരെ റഷ്യ നിലപാടെടുത്തിരുന്നു. നടപടി ക്രമങ്ങളുടെ ഭാഗമായി വോട്ടെടുപ്പ് നടത്തിയപ്പോഴാണ് സെലൻസ്‌കി വീഡിയോ കോൺഫറൻസിംഗ് വഴി യോഗത്തിൽ പങ്കെടുക്കുന്നതിനെ അനുകൂലിച്ച് ഇന്ത്യ വോട്ട് രേഖപ്പെടുത്തിയത്.

ഫെബ്രുവരിയിൽ യുക്രെയ്‌നിൽ റഷ്യ സൈനിക നടപടി ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് വിഷയത്തിൽ റഷ്യക്കെതിരെ ഇന്ത്യ വോട്ട് ചെയ്യുന്നത്. ആറ് മാസമായി തുടരുന്ന യുദ്ധത്തെ കുറിച്ച് ചർച്ച ചെയ്യാനാണ് കഴിഞ്ഞ ദിവസം സുരക്ഷാ കൗൺസിൽ യോഗം ചേർന്നത്. യോഗം ആരംഭിച്ചപ്പോഴാണ് വീഡിയോ കോൺഫറൻസിംഗ് വഴി സെലൻസ്‌കി പങ്കെടുക്കുന്നതിനെ വിമർശിച്ച് ഐക്യരാഷ്‌ട്രസഭയിലെ റഷ്യൻ അംബാസഡർ വാസിലി എ നെബെൻസിയ രംഗത്തെത്തിയത്.

സെലെന്‍സ്‌കിയുടെ പങ്കാളിത്തത്തെ റഷ്യ എതിര്‍ക്കുന്നില്ലെന്നും, എന്നാല്‍ പങ്കാളിത്തം വ്യക്തിപരമായിരിക്കണമെന്നും നെബെന്‍സിയ ആവശ്യപ്പെട്ടു. യുക്രെയ്ന്‍ യുദ്ധത്തിലാണെന്നും ഈ സാഹചര്യത്തില്‍ പ്രസിഡന്റ് അവിടെ ഉണ്ടായിരിക്കണമെന്നും അല്‍ബേനിയയുടെ അംബാസഡര്‍ ഫെറിറ്റ് ഹോക്‌സ വാദിച്ചു. തുടർന്ന് സെലൻസ്‌കിയുടെ പങ്കാളിത്തത്തിനെതിരെ റഷ്യ വോട്ട് രേഖപ്പെടുത്തി. അതേ സമയം ചൈന വിട്ടു നിന്നു. ഇന്ത്യയുൾപ്പെടെ 12 രാജ്യങ്ങൾ അനുകൂലമായി വോട്ട് രേഖപ്പെടുത്തി. റഷ്യക്കെതിരെ രൂക്ഷ വിമർശനമാണ് യോഗത്തിൽ സെലൻസ്‌കി ഉന്നയിച്ചത്.

റഷ്യയെ ഇപ്പോൾ നിയന്ത്രിച്ചില്ലെങ്കിൽ നാളെ മറ്റ് രാജ്യങ്ങൾക്കും തങ്ങളുടെ സ്ഥിതി ഉണ്ടായേക്കാമെന്ന് സെലൻസ്‌കി ആരോപിച്ചു. ‘ ലോകത്തിന്റെ ഭാവി തീരുമാനിക്കേണ്ടത് ഇപ്പോൾ യുക്രെയ്‌നിൽ വച്ചാണ്. ഞങ്ങളുടെ സ്വാതന്ത്ര്യം എന്ന് പറയുന്നത് നിങ്ങളുടെ കൂടി സുരക്ഷയാണ്. സപ്പോരിജിയ ആണവനിലയത്തെ അവർ യുദ്ധമേഖലയാക്കി മാറ്റി. ലോകത്തെ ആണവ ദുരന്തത്തിന്റെ വക്കിലേക്കാണ് റഷ്യ കൊണ്ടു പോകുന്നത്. പ്ലാന്റിന് ആറ് റിയാക്ടറുകളാണുള്ളത്. ഒന്ന് മാത്രമാണ് ചെർണോബിലിൽ പൊട്ടിത്തെറിച്ചത്. അന്താരാഷ്‌ട്ര ആണവോർജ്ജ ഏജൻസി വിഷയത്തിൽ അടിയന്തിരമായി ഇടപെടണം’- സെലൻസ്‌കി ആരോപിച്ചു.

യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും സപ്പോരിജിയ ആണവനിലയത്തിലെ സുരക്ഷാ പ്രശ്‌നങ്ങളിൽ ആശങ്ക രേഖപ്പെടുത്തി. പ്ലാന്റിന്റെ പ്രവർത്തനം ലോകത്തിനാകെ ഭീഷണിയാകുന്ന തരത്തിലേക്ക് മാറ്റുന്ന പ്രവർത്തനങ്ങളെ ഒരു രീതിയിലും അംഗീകരിക്കാനാകില്ല. പ്ലാന്റിന്റെ സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button