
തിരുവനന്തപുരം: ഇക്കുറിയും പതിവ് തെറ്റിക്കാതെ കുടിച്ച് റെക്കോർഡിട്ട് മലയാളി. ഓണം, ക്രിസ്തുമസ്, വിഷു തുടങ്ങിയ ആഘോഷ നാളുകളിൽ ഗംഭീര വിൽപ്പനയാണ് സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലെറ്റുകളിൽ ഉണ്ടാകാറ്. ഇക്കുറിയും അതിന് മാറ്റമൊന്നുമില്ല. ഈ ഓണക്കാലത്ത് ഏഴ് ദിവസം കൊണ്ട് വിറ്റത് 624 കോടി രൂപയുടെ മദ്യമാണ്. ഉത്രാടം ദിനമായ ബുധനാഴ്ച 117 കോടി രൂപയുടെ മദ്യമാണ് ബെവ്കോ ഔട്ട്ലെറ്റുകൾ വഴി വിറ്റഴിച്ചത്.
തിരുവോണത്തലേന്ന് മാത്രം 118.87 കോടിരൂപയുടെ മദ്യമാണ് വിറ്റത്. എട്ടു ദിവസം കൊണ്ടു മാത്രം 550 കോടി രൂപയാണ് നികുതിയിനത്തില്‍ സര്‍ക്കാര്‍ ഖജനാവിലെത്തിയത്. കൊല്ലം ജില്ലയിലെ ആശ്രാമത്ത് സ്ഥിതി ചെയ്യുന്ന ബെവ്കോ ഔട്ട്‍ലെറ്റിലാണ് ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്. ഇവിടെ മാത്രം 1.06 കോടി രൂപയുടെ മദ്യം വിറ്റു. ഇതോടൊപ്പം ഇരിങ്ങാലക്കുട, ചേർത്തല കോർട്ട് ജംഗ്ഷൻ, പയ്യന്നൂർ എന്നിവിടങ്ങളിലെ ഔട്ട്‍ലെറ്റുകളിൽ മദ്യവിൽപ്പന ഒരുകോടി രൂപയ്ക്കു മുകളിലെത്തി.
കഴിഞ്ഞ വര്‍ഷം ഓണനാളിലെ ഏഴുദിവസം കൊണ്ടു വിറ്റത് 529 കോടിരൂപയുടെ മദ്യമായിരുന്നെങ്കില്‍ ഇക്കുറിയത് 624 കോടിയാക്കിയിരിക്കുകയാണ് മലയാളി. കഴിഞ്ഞ തവണത്തേതില്‍ നിന്നു 95 കോടി രൂപയുെട മദ്യം അധികം വിറ്റു. തിരുവോണദിവസം സംസ്ഥാനത്തെ എല്ലാ ബെവ്‍കോ ഔട്ട്ലെറ്റുകൾക്കും അവധി പ്രഖ്യാപിച്ചിരുന്നു. ഇതോടെ, ഉത്രാട നാളിൽ തിക്കും തിരക്കുമായിരുന്നു. തിരക്ക് ഒഴിവാക്കാനായി കൂടുതൽ കൗണ്ടറുകളും പ്രീമിയം കൗണ്ടറുകളും തുറന്നിരുന്നു. സംസ്ഥാനത്ത് ബിവറേജസ് കോർപറേഷനു കീഴിൽ 267 ഔട്ടലെറ്റുകളാണ് പ്രവർത്തിക്കുന്നത്. 96 സെൽഫ് സർവീസ് ഔട്ട്‍ലെറ്റുകളും ബെവ്കോ നടത്തുന്നുണ്ട്.
Post Your Comments