Latest NewsKerala

‘കിഫ്‌ബി വന്നിട്ട് 4 വർഷമേ ആയുള്ളൂ, 10 വർഷത്തെ എന്റെ അക്കൗണ്ട് ഡീറ്റയിൽസ് ഇ.ഡിയ്ക്ക് എന്തിന്?’ തോമസ് ഐസക്ക്

തിരുവനന്തപുരം: കിഫ്ബി കേസിലെ ഹൈക്കോടതി നടപടി സ്വാഗതാര്‍ഹമെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. എന്നാൽ ഇ.ഡിയ്ക്കെതിരെ അദ്ദേഹം രൂക്ഷ വിമർശനമാണ് നടത്തിയത്.
മാന്യതയില്ലാതെയാണ് ഇ.ഡി തന്നോട് പെരുമാറിയതെന്നും മൗലിക അകാശങ്ങളെ ഹനിക്കാൻ ഇ.ഡി ശ്രമിക്കുകയാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടെന്നും തോമസ് ഐസക് ആരോപിച്ചു.

ഇ.ഡി തന്നെ വിരട്ടാൻ നോക്കേണ്ട. രാഷ്ട്രീയ പ്രേരിതമായ അന്വേഷണമാണ് ഇ.ഡി നടത്തുന്നത്. ഇ.ഡിക്ക് എന്തും അന്വേഷിക്കാമെന്ന രീതി ശരിയല്ല. കിഫ്ബിയെ തകർക്കാനുള്ള ശമമാണ് ഇ.ഡി നടത്തുന്നത്. സമൻസ് തനിക്ക് നൽകുംമുമ്പ് മാധ്യമങ്ങൾക്ക് ചോർത്തിയിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഇ.ഡി അന്വേഷണത്തെയും സമൻസുകളെയും ചോദ്യം ചെയ്ത് മുൻ ധനമന്ത്രി തോമസ് ഐസകും, കിഫ്ബിയും സമർപ്പിച്ച ഹർജികളിൽ ഹൈക്കോടതി നിലപാട് വ്യക്തമാക്കിയിരുന്നു.

ഇ.ഡി അന്വേഷണത്തിൽ ഇപ്പോൾ ഇടപെടേണ്ട സാഹചര്യമില്ലെന്നും രണ്ട് മാസത്തേക്ക് തോമസ് ഐസക്കിനെ ഹാജരാകാൻ പറയരുതെന്നും ഹൈക്കോടതി വ്യക്തമാക്കി. അതേസമയം, 10 വർഷക്കാലത്തെ തന്റെ ബാങ്ക് വിവരങ്ങൾ, മക്കളുടെ, ഭാര്യയുടെ, താൻ ഡയറക്ടറായിട്ടുള്ള കമ്പനികളുടെ ഫിനാൻഷ്യൽ അക്കൗണ്ട് തുടങ്ങി 12 സ്റ്റേറ്റ്‌മെന്റുകളാണ് എൻഐഎ ആവശ്യപ്പെട്ടതെന്ന് ഐസക്ക് ചൂണ്ടിക്കാട്ടി. ഇ.ഡിയുടെ നടപടി സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു.

അതേസമയം മസാലബോണ്ടുകൾ ഇറക്കിയതിൽ വിദേശനാണ്യ വിനിമയ നിയമത്തിൻറെ ലംഘനമുണ്ടോയെന്ന അന്വേഷണത്തിന്റെ ഭാഗമായാണ് ഇഡി മുൻ ധനമന്ത്രിക്ക് സമൻസ് നൽകിയത്.  വിഷയത്തിൽ കോടതി ഇടപെടരുതെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചിരുന്നത്. അന്വേഷണത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമമാണ് തോമസ് ഐസക്ക് നടത്തുന്നതെന്ന് നേരത്തെയും ഇ.ഡി ചൂണ്ടിക്കാട്ടിയിരുന്നു.

അന്വേഷണത്തിന്റെ ഭാഗമായി വിവരശേഖരണത്തിന് ഹാജരാകാൻ നോട്ടീസ് അയച്ചപ്പോൾതന്നെ ഇതിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ്. അന്വേഷണം പ്രാഥമികഘട്ടത്തിലാണ്. ഇതിൻറെ പേരിൽ ഹർജിക്കാർക്ക് ഒരു നഷ്ടവും ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. അതിനാൽ, നിലവിലെ അവസ്ഥയിൽ ഹർജി അപക്വമാണെന്നായിരുന്നു ഇ.ഡിയുടെ വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button