Life StyleHealth & Fitness

പക്ഷാഘാത ലക്ഷണങ്ങള്‍ കരുതിയിരിക്കുക

നമ്മുടെ തലച്ചോറിന് സുഗമമായി പ്രവര്‍ത്തിക്കാന്‍ തുടര്‍ച്ചയായി ഉള്ള ഓക്സിജന്‍ വിതരണവും പോഷകവും ആവശ്യമാണ്. ഇവയുടെ വിതരണം തടസപ്പെടുകയോ നിലയ്ക്കുകയോ ചെയ്യുമ്പോള്‍ തലച്ചോറിലെ കോശങ്ങള്‍ നശിച്ചു തുടങ്ങുന്നു. ഇത് പക്ഷാഘാതത്തിലേക്ക് നയിക്കുന്നു. പക്ഷാഘാതം പ്രധാനമായും രണ്ട് തരത്തിലാണുള്ളത്.

ഒന്നാമത്തേത് ഇസ്‌കീമിക് സ്ട്രോക്. 85 ശതമാനത്തില്‍ അധികം സ്ട്രോക്കുകളും ഈ വിഭാഗത്തില്‍പ്പെടുന്നു. തലച്ചോറിലേക്കുള്ള രക്തധമനികള്‍ ചുരുങ്ങുകയോ രക്തം കട്ടപിടിച്ച് രക്തത്തിന്റെ ഒഴുക്ക് തടസപ്പെടുകയോ ചെയ്യുന്നതിനെയാണ് ഇസ്‌കീമിക് സ്ട്രോക്ക് എന്ന് പറയുന്നത്.

രണ്ടാമത്തേത് ഹെമറാജിക് സ്ട്രോക്. തലച്ചോറിലെ രക്തക്കുഴല്‍ പൊട്ടി രക്തസ്രാവമുണ്ടാകുന്നതാണ് ഹെമറാജിക് സ്ട്രോക്ക് എന്ന് പറയുന്നത്. ഇവ കൂടാതെ വളരെ കുറച്ചുസമയത്തേക്ക് മാത്രം ലക്ഷണങ്ങള്‍ പ്രകടമാക്കുന്ന മിനി സ്ട്രോക് /ട്രാന്‍സിയന്റ് ഇസ്‌കീമിക് അറ്റാക് എന്ന മറ്റൊരവസ്ഥയും കണ്ടു വരുന്നു. ഈ അവസ്ഥയെ അര്‍ഹിക്കുന്ന ഗൗരവത്തോടെ കാണുകയും ശരിയായ ചികിത്സ എടുക്കേണ്ടതും അത്യാവശ്യമാണ്.

ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് രോഗിക്ക് ഉടനടി വൈദ്യസഹായം ലഭ്യമാക്കുന്നത് ജീവന്‍ രക്ഷിക്കാനും ആഘാതം കുറയ്ക്കാനും സഹായിക്കും. പക്ഷാഘാതം ബാധിച്ചാല്‍ ആദ്യത്തെ മൂന്ന് മണിക്കൂറിനുള്ളില്‍ ചികിത്സ ലഭിക്കേണ്ടത് അത്യാവശ്യമാണ്. ഇനി പറയുന്ന ലക്ഷണങ്ങള്‍ പക്ഷാഘാതം വന്നതിന്റെയും വരാന്‍ പോകുന്നതിന്റെയും സൂചനകളാണ്.

1. പെട്ടെന്നുണ്ടാകുന്ന കടുത്ത തലവേദന. ഇത് രാത്രിയില്‍ അസഹനീയമാകും
2. ഛര്‍ദ്ദിയും മനംമറിച്ചിലും
3. ഇടയ്ക്കിടെ വരുന്ന ബോധക്ഷയം
4. കൈകാലുകളും മുഖവും പെട്ടെന്ന് മരവിക്കുന്ന അവസ്ഥ
5. സംസാരിക്കാന്‍ ബുദ്ധിമുട്ട്, സംസാരിക്കുമ്പോള്‍ നാക്ക് കുഴഞ്ഞ് പോകല്‍
6. കാഴ്ച നഷ്ടമാകുന്ന അവസ്ഥ
7. ശരീരത്തിന്റെ ബാലന്‍സ് നഷ്ടമാകല്‍

 

shortlink

Related Articles

Post Your Comments

Related Articles


Back to top button