Latest NewsIndia

‘യുവതലമുറ വഴിതെറ്റാതിരിക്കാൻ അർബൻ നക്സലുകളെ ഇല്ലാതാക്കണം, ഒന്നിച്ചു പൊരുതണം’: മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യ സുരക്ഷക്കായി എല്ലാ തരത്തിലുമുളള മാവോയിസവും ഇല്ലാതാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തീവ്രവാദത്തിനെതിരെ സർക്കാർ പൂർണ അസഹിഷ്ണുതയാണ് പുലർത്തുന്നതെന്നും യുവതലമുറയെ വഴിതെറ്റിക്കാതിരിക്കാൻ അർബൻ നക്‌സലുകൾക്കും പേനയേന്തിയ മാവോയിസ്റ്റുകൾക്കുമെതിരെയും കടുത്ത നടപടികളാണ് സ്വീകരിക്കുന്നതെന്നും മോദി ചൂണ്ടിക്കാട്ടി.

സർക്കാർ മാവേയിസ്റ്റ് ബാധിത ജില്ലകളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുമ്പോൾ, പേനയേന്തിയ മാവോയിസ്റ്റുകൾ ബൗദ്ധിക വൃത്തങ്ങളിൽ വർധിക്കുകയാണെന്നും അവിടെയുള്ള പുതുതലമുറയിൽ വികല ചിന്താഗതി സൃഷ്ടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ നീക്കം സമൂഹത്തിൽ വിള്ളലുണ്ടാക്കുമെന്നും പ്രധാനമന്ത്രി വിമർശിച്ചു. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് ഹരിയാനയിലെ സൂരജ് കുണ്ടിൽ ഇന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് നടത്തിയ ചിന്തൻ ശിബിരിലാണ് പ്രധാനമന്ത്രിയുടെ അഭിപ്രായപ്രകടനം.

മുഖ്യമന്ത്രിമാരും സംസ്ഥാനങ്ങളിലെ ആഭ്യന്തര മന്ത്രിമാരും പരിപാടിയിൽ പങ്കെടുത്തിരുന്നു.മാവേയിസത്തെ വിദഗ്ധർ ബുദ്ധിപരമായി നേരിടേണ്ടതുണ്ടെന്നും അവരുടെ മുഖവും പ്രവർത്തനവും വ്യത്യസ്തമാണെന്നും സുരക്ഷാ ഏജൻസികൾ ഇക്കാര്യം മനസ്സിലാക്കണമെന്നും പ്രധാനമന്ത്രി മോദി ഓർമിപ്പിച്ചു. മാവോയിസ്റ്റുകൾക്ക് വിദേശ സഹായം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരെയും അഴിമതിക്കെതിരെയും കേന്ദ്രസർക്കാർ കടുത്ത നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഭീകരതയുടെ ശൃംഖല തകർക്കുന്നതിന്റെ ആവശ്യകത എല്ലാ സംസ്ഥാനങ്ങളും മനസ്സിലാക്കുന്നുണ്ടെന്നും പറഞ്ഞു. ഉദ്ദേശിച്ച ലക്ഷ്യം നേടാനായി എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഏജൻസികളും ഒന്നിച്ചു പൊരുതണമെന്നും ഓർമ്മിപ്പിച്ചു. ചർച്ചയിൽ ജമ്മു കശ്മീർ വിഷയവും പ്രത്യേകമായി പ്രതിപാദിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button