മധുര പലഹാരങ്ങള്‍ ഇല്ലാതെ എന്തു ആഘോഷമല്ലേ… എന്നാല്‍ ഇതിന്‍റെ ഫലമായി മുഖക്കുരു അടക്കമുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ ചിലരെ എങ്കിലും ബാധിച്ചേക്കാം. ആരോഗ്യകരമായ ഭക്ഷണത്തിന് ചര്‍മ്മ സംരക്ഷണത്തില്‍ വലിയ പങ്കുണ്ട്.
ഗ്ലൈസെമിക് ഇൻഡക്സ് കൂടിയ ഭക്ഷണ പദാർഥങ്ങള്‍ അതായത് നല്ല ഒന്നാന്തരം മധുര പലഹാരങ്ങള്‍, പഞ്ചസാരയുടെ അമിത ഉപയോഗം എന്നിവ മുഖക്കുരുവിന് കാരണമായേക്കാം എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അതിനാല്‍ പഞ്ചസാര, മധുര പലഹാരങ്ങള്‍, ജ്യൂസുകള്‍ എന്നിവ അധികം കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയാണ് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലത്.
മുഖക്കുരു അകറ്റാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…
മുഖക്കുരുവിന്‍റെ പ്രധാന ശത്രുവാണ് വെള്ളം. അതിനാല്‍ വെള്ളം ധാരാളം കുടിക്കുക. അത് ചര്‍മ്മത്തിന്‍റെയും ശരീരത്തിന്‍റെയും ആരോഗ്യത്തിന് ഏറെ നല്ലതാണ്.
പ്രോബയോട്ടിക്സ് അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ദഹനം എളുപ്പമാകുന്നതോടൊപ്പം മുഖക്കുരു അടക്കമുള്ള ചര്‍മ്മപ്രശ്നങ്ങളെ തടയാന്‍ സഹായിക്കും.
മുഖക്കുരു അകറ്റാന്‍, കൂടാതിരിക്കാന്‍ എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കാം. ഇവയില്‍ എണ്ണയുടെ അളവ് വളരെ കൂടുതലാണ്. ഇത് മുഖക്കുരു വരാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ശരീരത്തിലെ കൊഴുപ്പിനെയും കലോറിയെയും ഉയര്‍ത്തുകയും ചെയ്യുന്നു. അതിനാല്‍ എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക എന്നതാണ് മുഖക്കുരുവിനെ തടയാനും ശരീരത്തിന്‍റെ ആരോഗ്യത്തിനും നല്ലത്.
പാലുൽപ്പന്നങ്ങൾ ഒഴിവാക്കുന്നതും മുഖക്കുരുവിനെ തടയാന്‍ സഹായകമാണ്. പാലുൽപ്പന്നങ്ങൾ ശരീരഭാരം കൂട്ടുമെന്ന് മാത്രമല്ല, ഇവ ചര്‍മ്മത്തിനും ദോഷകരമാണ്. ചര്‍മ്മത്തിലെ എണ്ണമയം വര്‍ധിപ്പിക്കുന്ന ചില ഘടകങ്ങള്‍ പാലുല്‍പ്പന്നങ്ങളില്‍ വളരെ കൂടുതലാണ്.
കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെയും ബാധിക്കും. അതിനാല്‍ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്ന് പരമാവധി ഒഴിവാക്കാം.
പഴങ്ങളും പച്ചക്കറികളും ധാരാളമായി ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇവ ചര്‍മ്മത്തിന്‍റെ മാത്രമല്ല, ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്.
Post Your Comments