Latest NewsNewsUKInternational

പുരുഷ പൈലറ്റുമാർക്കും ക്രൂ അംഗങ്ങൾക്കും കമ്മലും കൺമഷിയും അണിയാം: ജൻഡർ ന്യൂട്രലാകാൻ ഒരുങ്ങി ബ്രിട്ടീഷ് എയർവേയ്‌സ്

ലണ്ടൻ: ജൻഡർ ന്യൂട്രലാകുന്നതിന്റെ ഭാഗമായി പുരുഷ പൈലറ്റുമാർക്കും കാബിൻ ക്രൂവിലെ പുരുഷ അംഗങ്ങൾക്കും മേക്കപ്പും ആഭരണങ്ങളും അണിയാൻ അനുവദിച്ച് ബ്രിട്ടീഷ് എയർവേയ്‌സ്. ആദ്യമായാണ് ഇത്തരം കാര്യങ്ങൾ പുരുഷന്മാർക്ക് അനുവദിക്കുന്നത്. ജൻഡർ ന്യൂട്രൽ നിലപാട് സ്വീകരിക്കുന്നത് സംബന്ധിച്ച് യുകെയിലെ ഔദ്യോഗിക വിമാന കമ്പനി ആഭ്യന്തര മെമ്മോ അയച്ചു.

യൂണിഫോമിലുള്ള എല്ലാ ജീവനക്കാർക്കും തിങ്കളാഴ്ച മുതൽ കൺമഷി, കൺപീലി അലങ്കാര വസ്തു, കമ്മൽ തുടങ്ങിയവ അണിയാമെന്നും ഹാൻഡ് ബാഗടക്കമുള്ള വസ്തുക്കൾ കൊണ്ടുനടക്കാമെന്നും മെമ്മോയിൽ പറയുന്നു. പുരുഷന്മാരുടെ ‘മാൻ ബൺ’ മുടി അലങ്കാരവും നഖം പോളിഷ് ചെയ്യുന്നതും അനുവദിക്കുമെന്നും പറഞ്ഞു. ‘ബോൾഡായിരിക്കുക, അഭിമാനത്തോടെയിരിക്കുക, നിങ്ങളായിരിക്കുക’ എന്ന് കമ്പനി മെമ്മോയിൽ വ്യക്തമാക്കുന്നു.

പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ലിംഗം, ലിംഗ സ്വത്വം, വംശം, സാമൂഹിക പശ്ചാത്തലം, സംസ്‌കാരം, ലൈംഗിക ഐഡന്റിറ്റി എന്നീ വേർതിരിവുകളില്ലാതെ എല്ലാവരും സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു. എന്നാൽ മേക്കപ്പ് ചെയ്യുമ്പോൾ സ്വാഭാവിക രൂപം ലഭിക്കുന്ന തരത്തിൽ ചെയ്യാൻ എയർവേയ്‌സ് നിർദ്ദേശിച്ചതായി ദി ഇൻഡിപെൻഡൻറ് റിപ്പോർട്ട് ചെയ്തു.

എല്ലാവരെയും ഉൾക്കൊള്ളുന്ന തൊഴിൽ സാഹചര്യം സൃഷ്ടിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ജീവനക്കാർക്ക് പുതിയ മാനദണ്ഡങ്ങളൊരുക്കി അവരായി തന്നെ ജോലിക്കെത്താൻ അവസരം ഒരുക്കുകയാണെന്നും ബ്രിട്ടീഷ് എയർവേയ്‌സ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button