Latest NewsIndia

ബം​ഗാളിൽ സിപിഎം – ബിജെപി സഖ്യം തൃണമൂലിനെ തോൽപ്പിച്ച് മുഴുവൻ സീറ്റും തൂത്തുവാരി: അന്വേഷണവുമായി പാർട്ടി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സിപിഎം – ബിജെപി സഖ്യത്തെ കുറിച്ച് പാർട്ടി അന്വേഷിക്കുമെന്ന് സിപിഎം നേതൃത്വം. പൂർവമേദിനിപുർ ജില്ലയിലെ നന്ദകുമാറിൽ നടന്ന സഹകരണ സൊസൈറ്റി തിരഞ്ഞെടുപ്പിലാണ് സിപിഎമ്മും ബിജെപിയും സഖ്യമായി മത്സരിച്ചത്. സംഭവം വിവാദമായതോടെയാണ് അന്വേഷണത്തിനായി സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗത്തിന്റെ നേതൃത്വത്തിലുള്ള കമ്മിഷനെ പാർട്ടി നിയോഗിച്ചിട്ടുള്ളത്.

സഹകരണതിരഞ്ഞെടുപ്പിൽ ‘പശ്ചിമബംഗാൾ സമവായ് ബച്ചാവോ സമിതി’ എന്ന പേരിലായിരുന്നു സി.പി.എം-ബി.ജെ.പി സഖ്യം. തൃണമൂൽ കോൺ​ഗ്രസുമായിട്ടായിരുന്നു സഖ്യത്തിന്റെ മത്സരം. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ സി.പി.എം-ബി.ജെ.പി. സഖ്യം ആകെയുള്ള 63 സീറ്റും നേടിയിരുന്നു. തൃണമൂലിന് ഒറ്റസീറ്റും ലഭിച്ചില്ല. സഹകരണ തിരഞ്ഞെടുപ്പിൽ പാർട്ടി ചിഹ്നങ്ങളിൽ അല്ല മത്സരമെന്നും ഒരു സഖ്യവും ബി.ജെ.പി.യുമായി ഉണ്ടായിട്ടില്ലെന്നുമാണ് സി.പി.എമ്മിന്റെ പരസ്യനിലപാട്.

എന്നാൽ, നന്ദകുമാറിൽ താഴെത്തട്ടിലുണ്ടായ ഈ കൂട്ടായ്മയെപ്പറ്റി പാർട്ടിക്ക് ആശങ്കകളുണ്ട്. നിയമന അഴിമതിയും തൃണമൂൽ നേതാക്കളുടെ അനധികൃത സ്വത്തുസമ്പാദനവുമെല്ലാം മുൻനിർത്തി തുടർച്ചയായി സി.പി.എം. പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചുവരികയാണ്. ഇതിന്റെയെല്ലാം പരമാവധി നേട്ടം വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ആർജിക്കാൻ ശ്രമിക്കുന്നതിനിടെ ഇത്തരം കൂട്ടായ്മകൾ തെറ്റായ സന്ദേശം നൽകുമെന്നതിനാലാണ് നന്ദകുമാർ മോഡലിനെക്കുറിച്ച് പാർട്ടിയന്വേഷിക്കുന്നത്.

തൃണമൂലിന്റെ അക്രമ രാഷ്ട്രീയത്തിന്റെ പൊതു ഇരകൾ എന്ന നിലയിൽ താഴെത്തട്ടിലുള്ള പ്രതിപക്ഷ കക്ഷികൾ തമ്മിൽ ഒരടുപ്പം ഉണ്ടാവാൻ സാധ്യതയുണ്ട്. എന്നാൽ, യാതൊരു കാരണവശാലും ഇത് സംസ്ഥാനതലത്തിൽ ഒരു പ്രവണതയായി വളരാൻ പാടില്ലെന്ന് സംസ്ഥാന നേതൃത്വത്തിന് നിർബന്ധമുണ്ട്. അതിനാലാണ് സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കമ്മിഷനെ നിയോഗിച്ചത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button