
ചെന്നൈ: ബിരിയാണി ഒറ്റയ്ക്ക് കഴിച്ചതിനെ ചൊല്ലിയുളള തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി. എന്നാല്‍ തീ കൊളുത്തിയ ഭര്‍ത്താവും സംഭവത്തില്‍ മരണപ്പെട്ടു. ചെന്നൈയിലെ അയണാവാരത്താണ് സംഭവം. ശരീരത്തില്‍ ആളിക്കത്തിയ തീയുമായി ഭാര്യ ഭര്‍ത്താവിനെ കെട്ടിപ്പിടിച്ചതോടെ ഇരുവര്‍ക്കും പോളളലേല്‍ക്കുകയായിരുന്നു. കരുണാകരന്‍ (74) ഭാര്യ പത്മാവതി (70) എന്നിവരാണ് മരിച്ചത്.
സംഭവം ആത്മഹത്യ ആണെന്നാണ് പൊലീസ് അദ്യം കരുതിയത്. എന്നാല്‍ പത്മാവതിയുടെ മരണ മൊഴിയില്‍ നിന്നാണ് കാര്യങ്ങള്‍ വ്യക്തമായത്. പതാമാവതിയും കരുണാകരനും വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. നാല് മക്കളുണ്ടെങ്കിലും എല്ലാവരും കുടുംബങ്ങളായി വേറെ ആയിരുന്നു താമസം. പ്രായമായ തങ്ങളെ നോക്കാന്‍ മക്കളാരും കൂടെയില്ലെന്ന വിഷമം ഇവര്‍ക്കുണ്ടായിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു. സംഭവം ഇങ്ങനെ, കരുണാകരന്‍ ഹോട്ടലില്‍ നിന്നും ബിരിയാണി വാങ്ങി വീട്ടില്‍ കൊണ്ടുവന്ന് കഴിച്ചു. തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം.
ഇത് കണ്ട പത്മാവതി തനിക്ക് ബിരിയാണി നല്‍കാതെ ഒറ്റയ്ക്ക് കഴിച്ചതിന് കരുണാകരനെ ചോദ്യം ചെയ്തു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം രൂക്ഷമായി. ഇതെ തുടര്‍ന്നാണ് ഭര്‍ത്താവ് ഭാര്യ പത്മാവതിയുടെ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. എന്നാല്‍ പത്മാവതി കരുണാകരനെ തീ ആളിക്കത്തുന്നതിനിടെ കെട്ടിപ്പിടിച്ചു. ഇതോടെ ഇരുവരുടെയും നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തി. തുടര്‍ന്ന് നാട്ടുകാര്‍ ഇവരെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ കരുണാകരന് 50 ശതമാനവും ഭാര്യയ്ക്ക് 65 ശതമാനവും പൊളളലേറ്റിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ വെച്ച് ഇരുവരും മരിക്കുകയായിരുന്നു.
Post Your Comments