KeralaLatest NewsNews

മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യം ഉത്സവം ആരംഭിച്ചു

ഹരിപ്പാട്: മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യം ഉത്സവം ആരംഭിച്ചു. ശ്രീകോവിലിലെ നെയ് വിളക്കിൽ നിന്നുള്ള ദീപം ഇളയ കാരണവർ എം.കെ കേശവൻ‌ നമ്പൂതിരി തെളിച്ചതോടെ മഹാദീപക്കാഴ്ചയ്ക്ക് തുടക്കമായി. ഇല്ലത്തെ കുടുംബാംഗങ്ങളും ഭക്തരും വിളക്കുകളെല്ലാം തെളിയിച്ചു.

തുടർന്ന്, ക്ഷേത്രത്തിൽ ദീപാരാധന നടന്നു. പാരമ്പര്യ വിധിപ്രകാരം ആയില്യത്തിനു മുന്നോടിയായി നാഗരാജാവിനും സർപ്പയക്ഷിയമ്മയ്ക്കും ചാർത്തുന്ന നാലു ദിവസത്തെ കളഭമുഴുക്കാപ്പും കാവിൽ പൂജയും പൂർണമാകുന്ന പുണർതം നാളിലെ മഹാദീപക്കാഴ്ചയ്ക്ക് നൂറുകണക്കിന് ഭക്തർ വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയിരുന്നു.

ശ്രീനാഗരാജ പുരസ്കാര സമർപ്പണ സമ്മേളനം മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ ഉദ്ഘാടനം ചെയ്തു. മുതിർന്ന കുടുംബാംഗം എം.ജി ജയകുമാർ അധ്യക്ഷത വഹിച്ചു. സദനം വാസുദേവൻ, ഡോ. ടി.വി ഗോപാലകൃഷ്ണൻ, കലാമണ്ഡലം ശിവൻ നമ്പൂതിരി, കലാമണ്ഡലം സുഗന്ധി എന്നിവരെ എം.ജി ജയകുമാർ ശ്രീനാഗരാജ പുരസ്കാരം നൽകി ആദരിച്ചു. 25000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.

പുരസ്കാര ജേതാക്കൾക്ക് നഗരസഭാ ചെയർമാൻ കെ.എം രാജു നാടിന്റെ ആദരവ് സമർപ്പിച്ചു. മുതിർന്ന കുടുംബാംഗം എം.എസ് വാസവൻ പ്രശംസാപത്രം നൽകി. കലാ ഗവേഷകൻ സജനീവ് ഇത്തിത്താനം, എൻ. ജയദേവൻ, എസ്. നാഗദാസ്, എസ്. കൃഷ്ണകുമാർ, അമ്പലപ്പുഴ വിജയകുമാർ, കലാമണ്ഡലം ജിഷ്ണു പ്രതാപ്, ഹരിപ്പാട് എം.എസ് രാജു എന്നിവർ പ്രസംഗിച്ചു.

shortlink

Post Your Comments


Back to top button