KeralaLatest News

കോടാലി കൊണ്ട് ഉറങ്ങിക്കിടന്ന ചെല്ലപ്പനെ ഭാര്യ ലൂർദ്ദ് മേരി കൊലപ്പെടുത്തിയതിന് പിന്നിൽ..

തിരുവനന്തപുരം: കരിപ്പെട്ടി ബിസിനസുമായി ബന്ധപ്പെട്ട സാമ്പത്തിക ബാദ്ധ്യതയെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ അര്‍ദ്ധരാത്രി വീട്ടമ്മ കോടാലികൊണ്ട് വെട്ടിക്കൊന്നു.
ഉദിയന്‍കുളങ്ങര പുതുക്കുളങ്ങര ബ്രബിന്‍ കോട്ടേജില്‍ കരിപ്പെട്ടി ബിസിനസുകാരന്‍ ചെല്ലപ്പനാണ് (56) മരിച്ചത്. ഭാര്യ ലൂര്‍ദ്ദ് മേരിയെ (53) പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച പുലര്‍ച്ചെ ഒന്നിനായിരുന്നു സംഭവം.

തലയിലും മുഖത്തും ആഴത്തില്‍ വെട്ടേറ്റ നിലയിലായിരുന്നു മൃതദേഹം. മൂന്ന് വെട്ടുകളാണ് ശരീരത്തിലുള്ളത്. ആദ്യം തലയിലാണ് വെട്ടിയത്. നിലവിളിച്ചതോടെ വായിലും വെട്ടിയെന്ന് ലൂര്‍ദ്ദ് മേരി പൊലീസിന് മൊഴി നല്‍കി. വെട്ടാനുപയോഗിച്ച കോടാലി കട്ടിലിന് സമീപത്തുനിന്ന് കണ്ടെത്തി.
സംഭവസമയം ഇരുവരേയും കൂടാതെ മൂന്നാമത്തെ മകള്‍ ഏയ്ഞ്ചല്‍ മേരിയുമാണ് വീട്ടിലുണ്ടായിരുന്നത്. അച്ഛനമ്മമാരുടെ കിടപ്പുമുറിയില്‍ നിന്ന് നിലവിളി കേട്ട് ഏയ്ഞ്ചല്‍ ഉണര്‍ന്നപ്പോള്‍ മുറിയില്‍ നിന്ന് പുറത്തുവന്ന അമ്മയെയാണ് കണ്ടത്. ചോദിച്ചപ്പോള്‍ ഞാന്‍ നിന്റെ അച്ഛനെ കൊന്നുവെന്നായിരുന്നു മറുപടി.

ഏയ്ഞ്ചലിന്റെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികള്‍ ലൂര്‍ദ്ദ് മേരിയെ അടുത്ത മുറിയില്‍ പൂട്ടിയിട്ടു. തുടര്‍ന്ന് പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
വീടിന് സമീപം വര്‍ഷങ്ങളായി കരിപ്പെട്ടി നിര്‍മ്മാണ യൂണിറ്റ് നടത്തി വരികയായിരുന്ന ചെല്ലപ്പന് മൂത്തമകളുടെ വിവാഹം നടത്തിയതുള്‍പ്പെടെ ഒരു കോടിയോളം രൂപയുടെ സാമ്പത്തിക ബാദ്ധ്യതയുണ്ടായിരുന്നു. പലിശക്കാര്‍ വീട്ടിലെത്തി ബഹളം വച്ചിരുന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.

പലിശക്കാരെ കൊണ്ട് പൊറുതിമുട്ടിയാണ് കൃത്യം നടത്തിയതെന്നും ഭര്‍ത്താവിനെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നതെന്നും ലൂര്‍ദ്ദ് മേരി മൊഴി നല്‍കി. നാലഞ്ചു മാസമായി ലൂര്‍ദ്ദ് മേരി മാനസിക രോഗത്തിന് ചികിത്സയിലാണെന്ന് ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

തമിഴ്നാട് വള്ളിയൂര്‍ സ്വദേശിയാണ് ചെല്ലപ്പന്‍. ഉദിയന്‍കുളങ്ങര സ്വദേശിയായ ലൂര്‍ദ്ദ് മേരിയെ വിവാഹം കഴിച്ചതോടെയാണ് ഇവിടെ താമസമാക്കിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഉദിയന്‍കുളങ്ങര ആനക്കുന്ന് ആര്‍.സി ചര്‍ച്ച്‌ സെമിത്തേരിയില്‍ സംസ്‌കരിച്ചു. ബ്രബിന്‍ (അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ), സുമി എന്നിവരാണ് മറ്റുമക്കള്‍. മരുമക്കള്‍: വര്‍ഷ, റോബിന്‍രാജ്.

 

 

shortlink

Post Your Comments


Back to top button