KeralaLatest NewsNews

ഒന്നേ  കാല്‍ കോടിയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ചു, യുവാവ് പിടിയില്‍

പാലക്കാട് : തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് രേഖകളില്ലാതെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവാവിനെ ചിറ്റൂര്‍ പോലീസ് പിടികൂടി. തമിഴ്നാട് മധുര സ്വദേശി 141 കെ.കെ. നഗര്‍, രങ്കമ്മ ഇല്ലം അരിയമിത്രന്‍ (ഗോകുല്‍-33) ആണ് പിടിയിലായത്. പാലക്കാട് നല്ലേപ്പിള്ളി കോട്ടപ്പള്ളത്ത് നിന്നാണ് രണ്ട് കിലോഗ്രാം തൂക്കംവരുന്ന സ്വര്‍ണക്കട്ടികളുമായി ഇയാളെ പിടികൂടിയത്.

Read Also: ചരിത്രപരമായ തീരുമാനവുമായി ഇന്ത്യൻ നാവികസേന: ഇനി വനിതകൾക്കും എലൈറ്റ് സ്‌പെഷ്യൽ ഫോഴ്‌സ് ആയ ‘മാർക്കോസ്’ ആവാം

ശനിയാഴ്ച രാത്രി നല്ലേപ്പിള്ളി കോട്ടപ്പള്ളത്ത് മീന്‍വളര്‍ത്തുന്ന കുളത്തിന് സമീപം വാഹനം നിര്‍ത്തി യുവാവ് ഇറങ്ങിപ്പോകുന്നത് പ്രദേശവാസികള്‍ കണ്ടിരുന്നു. സംശയം തോന്നി സമീപത്ത് തിരച്ചില്‍ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും ശ്രമം വിഫലമായി. ഇയാള്‍ സഞ്ചരിച്ചിരുന്ന വാഹനവും വാഹനത്തിലുണ്ടായിരുന്ന മൊബൈല്‍ ഫോണും ആറായിരം രൂപയും പോലീസ് കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ച രാവിലെ ഇതേസ്ഥലത്ത് പോലീസ് നടത്തിയ തിരച്ചിലിലാണ് അരിയമിത്രനെ സ്വര്‍ണവുമായി പിടികൂടിയത്. യാതൊരു രേഖയും ഇയാളുടെ കൈവശമുണ്ടായിരുന്നില്ലെന്നും ഇയാളെയും സ്വര്‍ണവും പാലക്കാട് സെഷന്‍സ് കോടതി മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കുമെന്നും പോലീസ് പറഞ്ഞു.

തമിഴ്നാട്ടില്‍ നിന്ന് സ്വര്‍ണം ആഭരണമാക്കി പണികഴിപ്പിക്കുന്നതിന് വേണ്ടി കൊണ്ടുവരികയായിരുന്നു. ഇതിനിടെ ആരോ പിന്തുടരുന്നതായി തോന്നിയപ്പോള്‍ കാര്‍ നിര്‍ത്തി സ്വര്‍ണം കുഴിച്ചിട്ട് രാത്രിയില്‍ ഒളിച്ചുകഴിയുകയായിരുന്നു എന്ന് ഇയാള്‍ പോലീസില്‍ മൊഴി നല്‍കി. ഇതിനിടെ ഇയാളുടെ പക്കലുണ്ടായിരുന്ന 35 ഗ്രാം വരുന്ന സ്വര്‍ണമാല നഷ്ടപ്പെട്ടിരുന്നു. ഇത് പിന്നീട് പോലീസ് കോട്ടപ്പള്ളത്ത് നിന്ന് കണ്ടെടുത്തു. പരസ്പര വിരുദ്ധമായാണ് ഇയാള്‍ സംസാരിക്കുന്നതെന്ന് ചിറ്റൂര്‍ എസ്.ഐ. എം. മഹേഷ് കുമാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button