KeralaLatest NewsNews

ശബരിമലയില്‍ തിരക്ക്; ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്

പത്തനംതിട്ട: ശബരിമലയില്‍ തിരക്ക് വര്‍ധിച്ചതോടെ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ദര്‍ശന സമയം നീട്ടുന്നതടക്കമുള്ള കര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും.

രാവിലെ 11 ന് നിയമസഭാ മന്ദിരത്തിലെ ചേംബറിലാണ് യോഗം നടക്കുക. ശബരിമല തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായ സാഹചര്യത്തില്‍ സ്വീകരിക്കേണ്ട തുടര്‍ നടപടികള്‍ യോഗം ചര്‍ച്ച ചെയ്യും. തിരക്ക് നിയന്ത്രിക്കാനുള്ള ഹൈക്കോടതി നിര്‍ദേശങ്ങളില്‍ ക്രമീകരണങ്ങള്‍ വിലയിരുത്തും.

തീര്‍ത്ഥാടകരുടെ എണ്ണം ദിനംപ്രതി 85000 ആക്കി നിജപ്പെടുത്തണമെന്ന പൊലീസ് റിപ്പോര്‍ട്ടും യോഗത്തില്‍ ചര്‍ച്ചയാകും. അതേസമയം ദര്‍ശന സമയം നീട്ടിയിട്ടുണ്ടെന്നും ഇനിയും സമയം ദീര്‍ഘിപ്പിക്കുന്നത് പരിഗണനയിലില്ലെന്നും ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരര് പറഞ്ഞു.

ഇന്ന് 1,07,260 പേരാണ് ദര്‍ശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന ബുക്കിങ്ങാണിത്. തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭക്തരെ പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് ഘട്ടം ഘട്ടമായേ കടത്തി വിടൂ. ഇതിനായി കൂടുതല്‍ പൊലീസുകാരെ നിയോഗിച്ചു. ക്യൂവില്‍ നില്‍ക്കുന്ന ഭക്തര്‍ക്ക് ലഘുഭക്ഷണവും കുടിവെള്ളവും ലഭ്യമാക്കും. പൊലീസിന് പുറമെ ആര്‍.എ.എഫ്, എന്‍.ഡി.ആര്‍.എഫ് സേനാംഗങ്ങളേയും തിരക്ക് നിയന്ത്രിക്കാന്‍ ഉപയോഗിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button