Latest NewsKeralaNews

കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞു; പോപ്പുലർ ഫ്രണ്ട്‌ നേതാവിന്റെ സ്വന്തം വീടും ഭാര്യയുടെ പേരിലുള്ള പുരയിടവും ജപ്തി ചെയ്തു

ചെങ്ങന്നൂർ: പോപ്പുലർ ഫ്രണ്ടിന്റെ മിന്നൽ ഹർത്താലിലെ നാശനഷ്ടങ്ങൾക്ക് പകരമായി ആലപ്പുഴയിൽ അഞ്ചിടത്ത് സ്വത്ത് കണ്ടുകെട്ടി. ഹർത്താലിനിടെ കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞ പോപ്പുലർ ഫ്രണ്ട് നേതാവ് നൗഫലിന്റെ വീട് കണ്ടുകെട്ടി. കൂടാതെ, ഇയാളുടെ ഭാര്യയുടെ പേരിലുള്ള പുരയിടവും ജപ്തി ചെയ്തു. ജപ്തിക്കായുള്ള നോട്ടീസ് ഉദ്യോഗസ്ഥർ വീടിനു മുന്നിൽ പതിപ്പിച്ചു. മണ്ണഞ്ചേരി, മുളക്കുഴ, വണ്ടാനം, പാണാവള്ളി, പൂച്ചാക്കൽ എന്നിവിടങ്ങളിലാണിത്.

ജപ്തി നടപടി 3 മാസത്തിനു ശേഷമേ ഉണ്ടാകൂ എന്ന് അധികൃതർ പറഞ്ഞു. അതിനകം വില്ലേജ് ഓഫീസർമാർ സ്ഥലത്തിന്റെ സ്കെച്ച്, വാല്യുവേഷൻ തയാറാക്കൽ തുടങ്ങിയ കാര്യങ്ങൾ ചെയ്യും. അതേസമയം, മിന്നൽ ഹർത്താൽ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടാൻ നടപടിയെ വിമർശിച്ച് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി രംഗത്തെത്തിയിരുന്നു. തീർത്തും വിവേചനപരവും വംശീയ വേർതിരിവുമുളള തീരുമാനമാണ് ഹൈക്കോടതിയിൽ നിന്ന് ഉണ്ടായിരിക്കുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം.

ആലപ്പുഴ കൂടാതെ, കോവളത്തും ജപ്തി നോട്ടീസ് പതിപ്പിച്ചിരുന്നു. ഹർത്താൽ ദിനത്തിൽ ബസിന്റെ ചില്ല് തകർത്ത സംഭവത്തിൽ പൂവാറിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകന്റെ ഭൂമിയാണ് അധികൃതർ ജപ്‌തി ചെയ്തത്. കലക്‌ടറുടെയും നെയ്യാറ്റിൻകര റവന്യു റിക്കവറി തഹസിൽദാരുടെയും നിർദേശപ്രകാരം പൂവാർ വില്ലേജ് ഓഫീസറാണ് പൂവാർ എലിത്തോപ്പ് കോയവീട്ടിൽ ഫസലുദീന്റെ മൂന്ന്‌ സെന്റ്‌ ഭൂമി ജപ്‌തി ചെയ്‌തത്. വെള്ളി രാവിലെ എത്തിയ ഉദ്യോഗസ്ഥർ അര മണിക്കൂറിൽ നടപടികൾ പൂർത്തീകരിച്ച് മടങ്ങി.

റിപ്പോർട്ട് തഹസിൽദാർ മുഖേന കലക്‌ടർക്ക് കൈമാറും. ഹർത്താൽ ദിനത്തിൽ ഫസലുദ്ദീനും സുഹൃത്തും ചേർന്ന് കെഎസ്ആർടിസി ബസിന്റെ ചില്ല് തകർത്തിരുന്നു. സംഭവത്തിൽ 218000 രൂപയുടെ നഷ്‌ടം കണക്കാക്കി. തുക കെട്ടിവയ്ക്കാൻ അനുവദിച്ച സമയം കഴിഞ്ഞ സാഹചര്യത്തിലാണ് ജപ്‌തി. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇവരെ സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോൺ ലൊക്കേഷനും സഞ്ചരിച്ചിരുന്ന വാഹനവും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടികൂടാനായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button