
സിഡ്‌നി: എലിസബത്ത് രാജ്ഞിയുടെ ഛായാചിത്രം കറൻസി നോട്ടിൽ നിന്നും മാറ്റി ഓസ്‌ട്രേലിയ. A$5 കറൻസിയിൽ നിന്നാണ് എലിസബത്ത് രാജ്ഞിയുടെ ഛായാചിത്രം മാറ്റിയത്. രാജ്യ സംസ്‌കാരത്തിന്റെ ചരിത്രത്തെ പ്രതിഫലിപ്പിക്കുന്നതിനും ബഹുമാനിക്കുന്നതിനുമായി നോട്ടിന് പുതിയ രൂപകൽപന നൽകുമെന്നാണ് ഓസ്‌ട്രേലിയൻ സെൻട്രൽ ബാങ്കിന്റെ പ്രഖ്യാപനം.
ഫെഡറൽ സർക്കാരുമായി കൂടിയാലോചന നടത്തിയ ശേഷമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തതെന്ന് റിസർവ് ബാങ്ക് ഓഫ് ഓസ്ട്രേലിയ വ്യക്തമാക്കി. അതേസമയം, നോട്ടിന്റെ മറുവശത്ത് ഓസ്ട്രേലിയൻ പാർലമെന്റിന്റെ ചിത്രം തന്നെ തുടരും. എലിസബത്ത് രാജ്ഞിയുടേതിന് പകരം ചാൾസ് രാജാവിന്റെ ചിത്രം A$5 നോട്ടുകളിൽ വരില്ലെന്ന് 2022 സെപ്തംബറിൽ ഓസ്‌ട്രേലിയ വ്യക്തമാക്കിയിരുന്നു. പകരം ഓസ്ട്രേലിയൻ വ്യക്തിത്വങ്ങളുടെ ചിത്രങ്ങൾ വന്നേക്കാമെന്നും ഓസ്‌ട്രേലിയ അറിയിച്ചിരുന്നു. പുതിയ 5 ഡോളർ നോട്ട് രൂപകൽപന ചെയ്യുന്നതിൽ തദ്ദേശീയ ഗ്രൂപ്പുകളുമായി കൂടിയാലോചിക്കുമെന്ന് റിസർവ് ബാങ്ക് വിശദമാക്കിയിട്ടുണ്ട്. പുതിയ നോട്ട് രൂപകൽപന ചെയ്ത് അച്ചടിക്കാൻ വർഷങ്ങളെടുക്കും. അതുവരെ നിലവിലെ നോട്ട് വിതരണം തുടരുമെന്നും അധികൃതർ പറഞ്ഞു.
Post Your Comments