
തിരുവനന്തപുരം: ഗര്‍ഭിണിയെയും ഭര്‍ത്താവിനെയും പൊലീസ് അപമാനിച്ചതായി പരാതി. ചൊവ്വാഴ്ച വൈകീട്ട് തിരുവനന്തപുരം കിഴക്കേകോട്ട താലൂക്ക് ഓഫീസിന് സമീപത്തായി നടന്ന വാഹന പരിശോധനക്കിടെയായിരുന്നു സംഭവം നടന്നത്. കിഴക്കേകോട്ടയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് സൗത്ത് യൂണിറ്റിലെ എസ് ഐയ്ക്ക് എതിരെ നെടുമങ്ങാട് സ്വദേശികളായ ദമ്പതികളാണ് പരാതി നല്‍കിയിരിക്കുന്നത്.
Read Also: സെൻസെക്സ് മുന്നേറി, നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
നെടുമങ്ങാട് കരിക്കുഴി സ്വദേശി വിജിത്തും ഭാര്യയുമാണ് പരാതിക്കാര്‍. ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികള്‍ താലൂക്ക് ഓഫീസിന് സമീപത്തുനിന്ന് മണക്കാട് റോഡിലേയ്ക്ക് പ്രവേശിക്കുന്നതിനിടെ പൊലീസ് തടഞ്ഞു. പിന്നാലെ ഇത് വണ്‍വേയാണെന്നും നിയമം ലംഘിച്ചതിനാല്‍ 1000 രൂപ പിഴയടയ്ക്കണമെന്നും എസ് ഐ ആവശ്യപ്പെട്ടു.
തുടര്‍ന്ന് വണ്‍വേയാണെന്ന് അറിയാതെ റോഡിലേയ്ക്ക് കയറിയതാണെന്ന് വിജിത്ത് പൊലീസിനോട് പറഞ്ഞു. കൈയില്‍ പണമില്ലാത്തതിനാല്‍ തുക കോടതിയില്‍ കെട്ടിവയ്ക്കാമെന്നും അറിയിച്ചു. എന്നാല്‍ പൊലീസുകാര്‍ ഇതിന് വഴങ്ങിയില്ലെന്നും ഇരുവരെയും പിടിച്ചുനിര്‍ത്തുകയും ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു.
ഭാര്യ ഗര്‍ഭിണിയാണെന്ന് പറഞ്ഞിട്ടും പൊലീസ് വിട്ടയയ്ക്കാന്‍ തയ്യാറായില്ലെന്ന് വിജിത്ത് പരാതിയില്‍ വ്യക്തമാക്കുന്നു. ഇവള്‍ ഗര്‍ഭിണിയായിട്ടാണോ ജീന്‍സും വലിച്ചുകേറ്റി ചുണ്ടില്‍ ചായവും പൂശി നടക്കുന്നതെന്ന് എസ് ഐ പറഞ്ഞതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. എസ് ഐ അപമര്യാദയായി പെരുമാറിയെന്ന് കാട്ടി വിജിത്തും ഭാര്യയും മുഖ്യമന്ത്രിയ്ക്കും ഡി ജി പിയ്ക്കും ഇമെയില്‍ വഴി പരാതി നല്‍കിയിരിക്കുകയാണ്.
Post Your Comments