KeralaLatest News

കലാമണ്ഡലത്തില്‍ മദ്യലഹരിയില്‍ ഡിജെ പാര്‍ട്ടി നടത്തിയവർക്കെതിരെ നടപടി വേണം: അഡ്വ കെ കെ അനീഷ് കുമാര്‍

തൃശൂര്‍: കേരള കലാമണ്ഡലത്തില്‍ മദ്യലഹരിയില്‍ ഡിജെപാര്‍ട്ടി നടത്തിയതിനെതിരെ ബിജെപി. ജനുവരി 31ന് പുലര്‍ച്ചെ ഒരു മണിക്കാണ് ഡിജെ ആഘോഷം നടന്നത്. വൈസ് ചാന്‍സിലര്‍ ഡോ.എം.വി നാരായണനും രജിസ്ട്രാറും ഫിനാന്‍സ് ഓഫീസറും ആഘോഷത്തില്‍ പങ്കെടുത്ത് ആടിക്കുഴയുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലായി. തുടർന്ന്, ഭരണസമിതി അംഗങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ പ്രതിഷേധവുമായി എത്തിയതോടെ സംഭവം വിവാദമാവുകയാണ്. ഭരണസമിതിയുടേയോ പോലീസിന്റെയോ അനുമതി ഇല്ലാതെയാണ് അര്‍ദ്ധരാത്രിയില്‍ ആഘോഷം നടത്തിയതെന്ന് പറയുന്നു.

കലാമണ്ഡലത്തിന്റെ അന്തസിന് ചേരാത്ത നടപടിയാണ് വൈസ് ചാന്‍സലര്‍ അടക്കമുള്ളവരില്‍ നിന്നുണ്ടായതെന്നും അന്വേഷണം വേണമെന്നും കലാകാരന്മാരും ആവശ്യപ്പെടുന്നു. കലാമണ്ഡലത്തില്‍ ആഭാസ നൃത്തം നടത്തിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി രംഗത്തു വന്നു. സംഭവത്തിൽ പരാതി നൽകാനൊരുങ്ങുകയാണ് ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്‍റ് അഡ്വ കെ കെ അനീഷ് കുമാര്‍.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

കലാമണ്ഡലത്തിൽ ആഭാസ നൃത്തം നടത്തിയവർക്കെതിരെ നടപടി വേണം.
ജനുവരി 30 ന് നടന്ന നിള ദേശീയ നൃത്തോത്സവത്തിന് ശേഷം കേരള കലാമണ്ഡലത്തിൽ അരങ്ങേറിയ ആഭാസ നൃത്തം കലാമണ്ഡലത്തെ സ്നേഹിക്കുന്ന യഥാർത്ഥ കലാസ്നേഹികളുടെ മനസ്സിനെ ആഴത്തിൽ മുറിവേൽപ്പിക്കുന്നതാണ്. വള്ളത്തോളും മുകുന്ദരാജയും ചേർന്ന് കലാമണ്ഡലം രൂപീകരിച്ചത് കേരളത്തിലെ പാരമ്പര്യ കലകളുടേയും ഭാരതീയമായ ശാസ്ത്രീയ കലകളുടേയും പഠനത്തിനും പ്രോത്സാഹനത്തിനുമായാണ്.

ആ മഹത്തായ ഉദ്ദേശലക്ഷ്യങ്ങൾ നിറവേറ്റിക്കൊണ്ടാണ് ഇതുവരെയും കലാമണ്ഡലം പ്രവർത്തിച്ചിരുന്നത്. എന്നാൽ മല്ലികാ സാരാഭായി കലാമണ്ഡലം ചാൻസിലറായതോടെ അതിൽ നിന്നെല്ലാം മാറി JNU സർവ്വകലാശാല പോലെ കേരള കലാമണ്ഡലത്തിലും എന്തുമാവാമെന്ന അവസ്ഥ വന്നിരിക്കുന്നു. ഭാരതീയമായ പാരമ്പര്യവും പൈതൃകവും കുടികൊള്ളുന്ന കലാമണ്ഡലത്തിൽ അരങ്ങേറിയത് ലഹരി നിശാപാർട്ടികൾക്ക് സമാനമായ ആഭാസ നൃത്തമാണ്.

പവിത്രമായ കൂത്തമ്പലത്തിലും പരിസരത്തും ഡിജെ പാർട്ടി വെച്ച് ആഭാസ നൃത്തം സംഘടിപ്പിക്കുകയും ആഭാസ നൃത്തം ചെയ്യുകയും ചെയ്ത വൈസ് ചാൻസിലറേയും രജിസ്ട്രാറെയും ഇതിന് ഒത്താശ ചെയ്ത ചാൻസിലറേയും തൽസ്ഥാനങ്ങളിൽ നിന്ന് പുറത്താക്കണം. കലാമണ്ഡലത്തിൽ നട്ടപ്പാതിരയ്ക്ക് ആഭാസനൃത്തം നടത്തിയവർക്കെതിരെ നടപടിയെടുക്കണമെന്നും കലാമണ്ഡലത്തിൻ്റെ പാരമ്പര്യവും തനിമയും പരിശുദ്ധിയും നിലനിർത്തണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും കേന്ദ്ര സാംസ്കാരിക വകുപ്പ് മന്ത്രിക്കും പരാതി നൽകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button