KeralaLatest NewsNews

ഇന്ത്യയിലെ നീതി ന്യായ വ്യവസ്ഥയുടെ കിടപ്പുവശമെന്താണെന്ന് അറിയണമെങ്കിൽ സിദ്ദിഖ് കാപ്പനോട് ചോദിച്ചാൽ മതിയെന്ന് ഫാത്തിമ

മലപ്പുറം: രാജ്യദ്രോഹക്കുറ്റത്തിന് ഉത്തര്‍പ്രദേശിലെ ജയിലില്‍ കഴിയുകയായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ഇന്ന് രാവിലെ ജയില്‍മോചിതനായി. കാപ്പന്റെ മോചനത്തിന് പിന്നാലെ പ്രതികരണവുമായി ഫാത്തിമ തഹ്‌ലിയ. ഇന്ത്യയിലെ നീതി ന്യായ വ്യവസ്ഥയുടെ കിടപ്പുവശമെന്താണെന്നും ഇന്ത്യൻ ഭരണഘടനയിലെ Article 21 കനിഞ്ഞ് കിട്ടാൻ എന്തോരം കടമ്പയുണ്ടെന്നും അറിയണമെങ്കിൽ സിദ്ദിഖ് കാപ്പനോട് ചോദിച്ചാൽ മതിയെന്ന് ഫാത്തിമ തഹ്‌ലിയ.

’28 മാസങ്ങൾക്ക് എന്ത് ദൈർഘ്യമുണ്ട്? ഇന്ത്യൻ ഭരണഘടനയിലെ Article 21 കനിഞ്ഞ് കിട്ടാൻ എന്തോരം കടമ്പയുണ്ട്? ഇന്ത്യയിലെ നീതി ന്യായ വ്യവസ്ഥയുടെ കിടപ്പുവശമെന്താണ്? അറിയാനുള്ള അവകാശങ്ങൾ എത്ര ഗംഭീരമാണ്? ഉത്തരമറിയാൻ ഇവരോട് ചോദിച്ചാൽ മതി. റൈഹാന കാപ്പനോടും സിദ്ദീഖ് കാപ്പനോടും’, ഫാത്തിമ ഫേസ്‌ബുക്കിൽ കുറിച്ചു.

അതേസമയം, നീതി പൂര്‍ണമായി ലഭിച്ചിട്ടില്ലെന്ന് പുറത്തിറങ്ങിയ ശേഷം സിദ്ദിഖ് കാപ്പന്‍ മാധ്യമ പ്രവർത്തകരോട് വിശദീകരിച്ചു. തന്‍റെ കൂടെയുള്ള പലരും ഇപ്പോഴും കള്ളക്കേസിൽ കുടുങ്ങി ജയിലിൽ കിടക്കുകയാണെന്നും, അവർക്ക് നീതി വേണമെന്നും കാപ്പൻ ആവശ്യപ്പെട്ടു. മോചനത്തിനുള്ള ഉത്തരവ് ലക്നൗ കോടതി ജയില്‍ അധികൃതര്‍ക്ക് ഇന്നലെ അയച്ചിരുന്നു. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് എടുത്ത കേസില്‍ കഴിഞ്ഞ മാസം അവസാനമാണ് സിദ്ദിഖ് കാപ്പന് ജാമ്യം ലഭിച്ചത്.

യുപിയിലെ ഹത്രസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനുള്ള യാത്രയ്ക്കിടെയായിരുന്നു 2020 ഒക്ടോബര്‍ അഞ്ചിന് സിദ്ദിഖ് കാപ്പനെ യു.പി പൊലീസ് അറസ്റ്റുചെയ്തത്. രാജ്യദ്രോഹം, സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍, ഭീകരപ്രവര്‍ത്തനത്തിന് ഫണ്ട് സമാഹരിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് കാപ്പനെതിരെ ചുമത്തിയത്.

യുഎപിഎ കേസിൽ കാപ്പന് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നെങ്കിലും ഇഡി കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ ജയിൽ മോചനം നീണ്ടുപോകുകയായിരുന്നു. കഴിഞ്ഞ ഒക്ടോബർ 31 ന് ഇഡി കേസിൽ കാപ്പൻ നൽകിയ ജാമ്യാപേക്ഷ ലഖ്നൗ ജില്ലാ കോടതി തള്ളിയിരുന്നു. തുടർന്ന് ലഖ്നൗ ഹൈക്കോടതിയെ സമീപിച്ച് ജാമ്യം ലഭിച്ചു. ജാമ്യം ലഭിച്ചെങ്കിലും നടപടിക്രമം നീണ്ടു പോയതിനെ തുടർന്ന് മോചനം വൈകുകയായിരുന്നു. യുപി പൊലീസിന്റേയും ഇഡിയുടേയും വെരിഫിക്കേഷൻ നടപടികൾ പൂർത്തിയായതോടെ റിലീസിങ് ഓർഡർ ജയിലിലെത്തുകയായിരുന്നു. പിന്നാലെയാണ് ജാമ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button