
ടെക് ലോകം ആകാംക്ഷയോടെ കാത്തിരുന്ന സാംസംഗിന്റെ എസ്23 സീരീസ് സ്മാർട്ട്ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചു. സാംസംഗ് ഗാലക്സി എസ്23, സാംസംഗ് ഗാലക്സി എസ്23 പ്ലസ്, സാംസംഗ് ഗാലക്സി എസ്23 അൾട്രാ എന്നിങ്ങനെ മൂന്ന് മോഡലാണ് പുറത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഈ മോഡലുകൾ വിപണിയിൽ പുറത്തിറക്കുമെന്നത് സംബന്ധിച്ചുള്ള സൂചനകൾ സാംസംഗ് നൽകിയിരുന്നു.
ഫെബ്രുവരി 2 മുതലാണ് ഉപയോക്താക്കൾക്ക് ഈ ഹാൻഡ്സെറ്റുകൾ ഇന്ത്യയിൽ നിന്നും പ്രീ- ഓർഡർ ചെയ്യാൻ സാധിക്കുക. സാംസംഗിന്റെ ഔദ്യോഗിക വെബ്സൈറ്റ് മുഖാന്തരം പ്രീ- ഓർഡർ നൽകുന്നവർക്ക് 5,000 രൂപ വിലമതിക്കുന്ന ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്. 1,999 രൂപയാണ് പ്രീ- ഓർഡർ ചെയ്യാനായി നൽകേണ്ടത്. കൂടാതെ, എക്സ്ചേഞ്ച് ഓഫർ മുഖാന്തരം മറ്റ് മികച്ച ഓഫറുകളും ലഭിക്കുന്നതാണ്.
സാംസംഗ് ഗാലക്സി എസ്23 സ്മാർട്ട്ഫോണുകളുടെ 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള മോഡലിന് 74,999 രൂപയും 8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള മോഡലിന് 79,999 രൂപയുമാണ് വില. സാംസംഗ് ഗാലക്സി എസ്23 പ്ലസ് ഹാൻഡ്സെറ്റുകളുടെ 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് 94,999 രൂപയും 8 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള ഹൈ എൻഡ് മോഡലിന് 1,04,999 രൂപയുമാണ് വില.
12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള സാംസംഗ് ഗാലക്സി എസ്23 അള്‍ട്രയുടെ അടിസ്ഥാന മോഡലിന് 1,24,999 രൂപയാണ് വില. അതുപോലെ ഗാലക്സി എസ് 23 അൾട്രായുടെ 512 ജിബി, 1 ടിബി വേരിയന്‍റുകൾ യഥാക്രമം 1,34,999 രൂപയ്ക്കും 1,54,999 രൂപയ്ക്കും ലഭിക്കും.
Post Your Comments