
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം സമ്പൂർണ ബജറ്റ് നാളെ. സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വിവിധ സേവന നിരക്കുകൾ വർധിപ്പിക്കാൻ സാധ്യതയുണ്ട്. മദ്യവില, ക്ഷേമ പെൻഷൻ എന്നിവ വർധിപ്പിക്കില്ല. എൽഡിഎഫ് അംഗീകരിച്ച വികസന രേഖയുടെ അടിസ്ഥാനത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് പ്രത്യേക പ്രഖ്യാപനങ്ങൾ ബജറ്റില്‍ ഉണ്ടായേക്കും.
ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ മൂന്നാമത്തെ ബജറ്റ് ഇത്. സമാനതകളില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം മുന്നോട്ടുപോകുന്നത്. സാമ്പത്തിക പ്രതിസന്ധിക്ക് തത്കാലത്തേക്ക് എങ്കിലും പരിഹാരം കണ്ടെത്താൻ വിവിധ സേവന നിരക്കുകൾ വർധിപ്പിക്കാനാണ് സർക്കാർ ആലോചന. വില്ലേജ്, താലൂക്ക് തദ്ദേശ സ്ഥാപനങ്ങളിലെ വിവിധി സേവന സർട്ടിഫിക്കറ്റ് നിരക്കുകൾ. കെട്ടിട നികുതി. സ്റ്റാമ്പ് ഡ്യൂട്ടി തുടങ്ങിയവയിലെല്ലാം വർധനവ് വന്നേക്കും. ഭൂമിയുടെ ന്യായവില പരിഷ്‌കരിക്കാനുള്ള ആലോചന സജീവമാണ്. ഭൂമിയുടെ വിപണി വിലയിലുള്ള വർധനവിന്റെ അടിസ്ഥാനത്തിൽ രജിസ്‌ട്രേഷൻ ഫീസിനത്തിൽ വർധനവ് വരുത്താനാണ് നീക്കം.
പ്രഫഷണൽ ടാക്‌സ് വർധിപ്പിക്കുന്നതും സർക്കാരിന്റെ പരിഗണനയിലുണ്ട് .നികുതി പിരിവ് കാര്യക്ഷമമാക്കാനുള്ള പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും. മദ്യത്തിന്റെ വിറ്റുവരവ് നികുതി കുറച്ചുനാളുകൾക്കു മുമ്പ് വർധിപ്പിച്ചത് കൊണ്ട് ബജറ്റിൽ മദ്യവില കൂടാൻ സാധ്യതയില്ല. ക്ഷേമപെൻഷൻ അഞ്ചുവർഷത്തിനുള്ളിൽ 2500 ആക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇത്തവണയും വർധനവ് ഉണ്ടാവില്ല. ഉന്നത വിദ്യാഭ്യാസ മേഖലക്ക് പ്രത്യേക ഊന്നൽ ബജറ്റിൽ ഉണ്ടായേക്കും. പരമ്പരാഗ വ്യവസായം കൃഷി വ്യവസായ മേഖലകൾക്കും ഊന്നിൽ ഉണ്ടാകും.
Post Your Comments