KeralaLatest NewsNews

ഭൂമിയുടെ വില വര്‍ധിക്കും: പെട്രോളിനും ഡീസലിനും രണ്ട് രൂപ കൂടും, മദ്യവില വീണ്ടും വര്‍ധിക്കും

തിരുവനന്തപുരം: ഭൂമിയുടെ ന്യായവില 20 ശതമാനം വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി. വിപണിമൂല്യവും ന്യായവിലയും തമ്മിലുള്ള അന്തരം നികത്താനാണ് വില വര്‍ധിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. വിവിധ കാരണങ്ങളാല്‍ വിപണിമൂല്യം വര്‍ധിച്ച പ്രദേശങ്ങളിലെ ഭൂമിയുടെ ന്യായവില 30 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ 2022ല്‍ ഫിനാന്‍സ് ആക്ടിലൂടെ നിയമനിര്‍മാണം നടപ്പിലാക്കിയിരുന്നു. ഇതിനായി പുതിയ മാനദണ്ഡം കൊണ്ടുവരും.

തദ്ദേശസ്ഥാപനങ്ങളിലെ കെട്ടിടനികുതി കൂട്ടി പരിഷ്‌കരിക്കും. കെട്ടിട നികുതി, അപേക്ഷാഫീസ്, പരിശോധന ഫീസ്, പെര്‍മിറ്റ് ഫീസ് എന്നിവയാണ് പരിഷ്കരിക്കുക. ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒന്നിലധികം വീടുകള്‍ക്കും പുതുതായി നിര്‍മിച്ചതും ദീര്‍ഘകാലമായി ഒഴിഞ്ഞുകിടക്കുന്നതുമായ വീടുകള്‍ക്കും പ്രത്യേക നികുതി ചുമത്തും. കൂടാതെ, പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തി. ഇതിലൂടെ അധികമായി 750 കോടി രൂപ സാമൂഹ്യ സുരക്ഷാ ഫണ്ടിലേക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ.

വൈദ്യുതി തീരുവ അഞ്ച് ശതമാനവും കൂട്ടി. വരുമാനം വര്‍ധിപ്പിക്കാന്‍ മദ്യത്തിനും അധിക സാമൂഹ്യസുരക്ഷാ സെസ് ഏര്‍പ്പെടുത്തി. സമീപകാലത്ത് വില വര്‍ധിപ്പിച്ച മദ്യത്തിന് സെസ് ഏര്‍പ്പെടുത്തിയതോടെ വില വീണ്ടും കൂടും. ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള ഫോസില്‍ ഫ്യുവല്‍ വാഹനങ്ങളുടെ നികുതി വർധിപ്പിച്ചു. ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കുറച്ചു. പുതുതായി വാങ്ങുന്ന രണ്ട് ലക്ഷം രൂപ വരെ വിലയുള്ള മോട്ടോര്‍ സൈക്കിളുകളുടെ നികുതി രണ്ട് ശതമാനം വർധിപ്പിച്ചു.

shortlink

Related Articles

Post Your Comments


Back to top button