Latest NewsKeralaNews

പുഴ മുതല്‍ പുഴ വരെ എന്ന രാമസിംഹന്റെ സിനിമ പരാജയപ്പെട്ട ഹിന്ദുവിന്റെ ചരിത്രം: ടി.ജി മോഹന്‍ദാസ്

102 വര്‍ഷങ്ങള്‍ക്ക് ശേഷം ഹിന്ദു ഉറക്കെ കരയുകയാണ്: ടി.ജി മോഹന്‍ദാസ്

തിരുവനന്തപുരം: രാമസിംഹന്‍ സംവിധാനം ചെയ്ത 1921 പുഴ മുതല്‍ പുഴ വരെ എന്ന സിനിമ പരാജയപ്പെട്ട ഹിന്ദുവിന്റെ ചരിത്രമാണെന്ന് ടി.ജി മോഹന്‍ദാസ്. എട്ടു ദിക്കും പൊട്ടുന്ന ശബ്ദത്തില്‍ നിലവിളിച്ചിട്ടും ഒരു ദൈവവും തുണയ്ക്കെത്താതെ നിസ്സഹായമായിപ്പോയ ഒരു സമാജത്തിന്റെ കഥയാണ് ഇതെന്ന് മോഹന്‍ദാസ് ചൂണ്ടിക്കാട്ടുന്നു. നൂറ്റിരണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഹിന്ദു ഒന്ന് ഉറക്കെ കരയുകയാണ്. ചെവി പൊത്തേണ്ടവര്‍ പൊത്തിക്കോളൂ എന്നും ഈ ഹൃദയവിലാപം ആരും താങ്ങുകയില്ലെന്നും ടി.ജി മോഹന്‍ദാസ് പറഞ്ഞു. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് സിനിമയെ കുറിച്ചുള്ള നിരീക്ഷണം അദ്ദേഹം പങ്കുവെച്ചത്.

Read Also: പ്രധാനമന്ത്രിയുടെ പ്രസ്താവന അതിരുകവിഞ്ഞ മോഹം: വർഗീയ ശക്തികൾക്ക് കേരളത്തിന്റെ മണ്ണിൽ സ്ഥാനമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം..

‘ആകസ്മികവും ശുഭപര്യവസായിയുമായ ഒരു നിഷ്‌കളങ്ക തീര്‍ത്ഥാടനത്തിന്റെ കഥയായിരുന്നു മാളികപ്പുറം. അയ്യപ്പന്‍ എന്ന പവിത്ര ശക്തി കനിഞ്ഞനുഗ്രഹിച്ച സിനിമ. ഒരു നല്ല സിനിമ. സ്വാഭാവികമായും ആ കഥയും ആഖ്യാനവും ജനങ്ങളില്‍ ഭാവാത്മകമായ പ്രതികരണമുണ്ടാക്കി. സിനിമ വിജയിച്ചു. 1921 പുഴ മുതല്‍ പുഴ വരെ എന്ന സിനിമ, പക്ഷേ പരാജയപ്പെട്ട ഹിന്ദുവിന്റെ ചരിത്രമാണ്. എട്ടു ദിക്കും പൊട്ടുന്ന ശബ്ദത്തില്‍ നിലവിളിച്ചിട്ടും ഒരു ദൈവവും തുണയ്ക്കെത്താതെ നിസ്സഹായമായിപ്പോയ ഒരു സമാജത്തിന്റെ കഥ. അവന്റെയും അവളുടെയും കഥയല്ല, ചരിത്രം. ഇത് പരാജയത്തിന്റെ, പലായനത്തിന്റെ ചരിത്രം’ അദ്ദേഹം ചൂണ്ടിക്കാട്ടി.

‘തന്റെ ശരീരം അവര്‍ കടിച്ചു പറിച്ചപ്പോള്‍ തൊണ്ടക്കുഴിയില്‍ നിന്ന് പുറപ്പെടാന്‍ പോലും ധൈര്യമില്ലാതെ പോയ ഒരു കരച്ചിലിന്റെ കഥ. വാളിന്റെ ശീല്‍ക്കാരത്തില്‍ ഒരു ആര്‍ത്തനാദം പോലും പുറപ്പെടുവിക്കാതെ നടുങ്ങുന്ന ശിരസ്സായും പിടയ്ക്കുന്ന കബന്ധമായും കിണറിന്റെ അഗാധതയിലേക്ക് തള്ളപ്പെട്ടവന്റെ ഒരു ചെറിയ ഞരക്കം. അവന്റെ കഥ! എന്തുകൊണ്ടാണ് ദൈവം നിലവിളി കേള്‍ക്കാഞ്ഞത്? ഭക്തിയുടെ കുറവോ? ആചാരങ്ങളുടെ ലോപമോ? അനുഷ്ഠാനങ്ങളിലെ വീഴ്ചയോ? ഇതൊന്നുമല്ല. കേട്ടിട്ടില്ലേ, അശ്വം നൈവ ഗജം നൈവ വ്യാഘ്രം നൈവച നൈവച അജാപുത്രം ബലിം ദദ്ധ്യാത ദേവോ ദുര്‍ബല ഘാതകഃ, അതായത് ദൈവത്തിന് ബലി കൊടുക്കുന്നത് കുതിരയെ അല്ല; ആനയെ അല്ല; കടുവയെ അല്ലേയല്ല! ആടായാലോ? വേണ്ട. ആടിന്റെ കുട്ടിയെ മതി. ദൈവം പോലും ദുര്‍ബലനെയാണ് ബലിയായി സ്വീകരിക്കുന്നത് ഹിന്ദു എപ്പോഴെങ്കിലും ഒരു സമാജമായി ജീവിച്ചിരുന്നുവോ? ശക്തിയെ ഉപാസിക്കുമ്പോഴും ശക്തരാകാന്‍ ശ്രമിച്ചിരുന്നുവോ? ഇല്ലെന്ന തിരിച്ചറിവാണ് പുഴ മുതല്‍ പുഴ വരെ എന്ന സിനിമ നമുക്ക് നല്‍കുന്നത്. സിനിമയെ ശാസ്ത്രീയമായി വിലയിരുത്തുന്നവര്‍ ഇവിടെയുണ്ട് എന്ന് എനിക്കറിയാം. ഇഴകീറി പരിശോധിച്ച് വിമര്‍ശിക്കുന്നവര്‍.. അവരോടൊന്നും ഞാന്‍ തര്‍ക്കത്തിനില്ല. ഈ സിനിമ തലച്ചോറുകൊണ്ടല്ല, ഹൃദയം കൊണ്ട് കാണണം എന്ന് അപേക്ഷിക്കുന്നു. വിരോധികളോടും ഒരു വാക്ക്.. നൂറ്റിരണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഹിന്ദു ഒന്ന് ഉറക്കെ കരയുകയാണ്! ചെവി പൊത്തിക്കോളൂ.. താങ്ങുകയില്ല നിങ്ങള്‍ ഈ ഹൃദയവിലാപം!നിങ്ങള്‍ക്ക് ഒരിക്കലും ഇത് പരിചിതമല്ലല്ലോ.. ഞങ്ങള്‍ക്കും. പക്ഷേ നമ്മള്‍ രണ്ടു കൂട്ടര്‍ക്കും പരിചിതമായ ഒന്നുണ്ട് – നിങ്ങള്‍ക്ക് ഞങ്ങളോടുള്ള പുച്ഛം, പരിഹാസം, അവജ്ഞ!. പരിചിതമായതിനാല്‍ ഞങ്ങള്‍ അത് കാര്യമാക്കുന്നില്ല. എന്നാല്‍ എന്തുകൊണ്ടോ. മെല്ലെ ഞങ്ങള്‍ക്കും ചില അവകാശങ്ങള്‍ ഉണ്ട് എന്ന് ഞങ്ങള്‍ക്ക് തോന്നിത്തുടങ്ങിയിരിക്കുന്നു!. അതിനാല്‍ ഞങ്ങള്‍ ആദ്യമായി. പരസ്യമായി ഒന്ന് കരയട്ടെ. അസൗകര്യത്തിന് മാപ്പ്’

 

shortlink

Related Articles

Post Your Comments


Back to top button