Latest NewsIndiaInternational

നിത്യാനന്ദയുടെ ‘കൈലാസ’ റിപ്പബ്ലിക്കിനെ ചവറ്റുകൊട്ടയിൽ തള്ളി യുഎൻ

ജനീവ: വിവാദ ആൾ ദൈവം നിത്യാനന്ദയുടെ പ്രതിനിധി യുഎൻ യോ​ഗത്തിൽ പങ്കെടുത്തതിൽ വിശദീകരണവുമായി യുഎൻ മനുഷ്യാവകാശ വക്താവ്. നിത്യാനന്ദയുടെ പ്രതിനിധി മാ വിജയപ്രിയ മുന്നോട്ടുവെച്ച നിർദേശങ്ങൾ അപ്രസക്തമാണ്. അവരുടെ നിർദേശങ്ങൾ സമ്മേളനത്തിന്റെ അന്തിമരേഖയിൽ ഉൾപ്പെടുത്തില്ലെന്നും യുഎൻ മനുഷ്യാവകാശ കമ്മിഷൻ വക്താവ് വ്യക്തമാക്കി. മാ വിജയപ്രിയ യോ​ഗത്തിൽ പങ്കെടുത്തതായി യുഎൻ സ്ഥിരീകരിച്ചു. യോ​ഗത്തിൽ ലഘുലേഖകൾ വിതരണം ചെയ്യാനുളള മാ വിജയപ്രിയയുടെ ശ്രമങ്ങളെ തടഞ്ഞതായും യുഎൻ പറഞ്ഞു.

ഇവർ യോ​ഗത്തിൽ സംസാരിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമത്തിലൂടെ പ്രചരിച്ചതോടെയാണ് വിശദീകരണവുമായി യുഎൻ രം​ഗത്തെത്തിയിട്ടുണ്ട്. പൊതുജനങ്ങൾക്കും സന്നദ്ധ സംഘടനകൾക്കും പങ്കെടുക്കാവുന്ന പൊതുപരിപാടിയിലാണ് മാ വിജയപ്രിയ പങ്കെടുത്തത്. നിത്യാനന്ദ സ്ഥാപിച്ച സാങ്കൽപ്പിക രാഷ്ട്രമായ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസയുടെ പ്രതിനിധിയാണ് മാ വിജയപ്രിയ. തങ്ങളുടെ രാഷ്ട്രത്തിൻ്റെ സ്ഥാപകനായ നിത്യാനന്ദ പീഡിപ്പിക്കപ്പെടുകയാണെന്ന് മാ യോഗത്തിൽ പറഞ്ഞു.

സുസ്ഥിര വികസന ലക്ഷ്യങ്ങളും ഹിന്ദുമതവും തമ്മിലുള്ള ബന്ധത്തെ കുറിച്ചും അവർ സംസാരിച്ചിരുന്നു.’ഹിന്ദുമതത്തിന്റെ പരമാധികാരി നിത്യാനന്ദ പരമശിവം സ്ഥാപിച്ച കൈലാസം ഹിന്ദുമതത്തിന്റെ പ്രഥമ പരമാധികാര രാഷ്ട്രമാണ്. പ്രബുദ്ധമായ ഹിന്ദു നാഗരികതയെയും ആദി ശൈവ തദ്ദേശീയ കാർഷിക ഗോത്രങ്ങൾ ഉൾപ്പെടെയുള്ള ഹിന്ദുമതത്തിന്റെ 10,000 പാരമ്പര്യങ്ങളെയും ഇവിടെ പുനരുജ്ജീവിപ്പിക്കുന്നു. പുരാതന ഹിന്ദു നയങ്ങളും പരിഹാരങ്ങളും സുസ്ഥിര വികസനത്തിൽ ഉപകാരപ്പെട്ടിട്ടുണ്ട്.’

ഹിന്ദുമതത്തിന്റെ തദ്ദേശീയ പാരമ്പര്യങ്ങളും ജീവിതശൈലിയും പുനരുജ്ജീവിപ്പിക്കാൻ കൈലാസം തീവ്രമായ പീഡനങ്ങളിലൂടെയും മനുഷ്യാവകാശ ലംഘനങ്ങളിലൂടെയും കടന്നുപോയി. നിത്യാനന്ദയെ പ്രസംഗിക്കുന്നതിൽ നിന്ന് വിലക്കുകയും ജന്മനാട്ടിൽ നിന്ന് നാടുകടത്തുകയും ചെയ്തു’. മാ വിജയപ്രിയ പറഞ്ഞു. നിത്യാനന്ദയ്‌ക്കും കൈലാസയിലെ രണ്ട് ദശലക്ഷം ഹിന്ദു പ്രവാസികൾക്കും നേരെയുള്ള പീഡനം തടയാൻ ദേശീയ അന്തർദേശീയ തലങ്ങളിൽ എന്ത് നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് വിജയപ്രിയ യുഎന്നിനോട് ചോദിക്കുകയും ചെയ്തിരുന്നു.’

നിത്യാനന്ദ തന്നെയാണ് തന്റെ പ്രതിനിധി യോഗത്തിൽ പങ്കെടുത്തതിന്റെ ചിത്രം ട്വീറ്റ് ചെയ്തത്. ബാലപീഡനം അടക്കമുള്ള കേസുകളിലെ പ്രതിയായ നിത്യാനന്ദ 2019 മുതൽ പിടികിട്ടാപ്പുള്ളിയാണ്. 2022 ഒക്ടോബറിൽ ബ്രിട്ടിഷ് പാർലമെന്റിന്റെ ദീപാവലി ആഘോഷത്തിൽ നിത്യാനന്ദയുടെ അനുയായിയെ ക്ഷണിച്ച സംഭവം വിവാദം സൃഷ്ടിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button