KeralaLatest NewsNews

കേരളത്തിനെതിരേ വിദ്വേഷ പ്രചരണം; ‘ദി കേരള സ്റ്റോറി’ക്കെതിരെ വ്യാപക പ്രതിഷേധം

റിലീസിന് മുമ്പ് തന്നെ വിവാദം സൃഷ്ടിച്ച ‘ദി കേരള സ്റ്റോറി’ക്കെതിരെ വ്യാപക പ്രതിഷേധം. ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവന്നതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് തുടങ്ങിയവർ സിനിമയ്‌ക്കെതിരെ രംഗത്തെത്തി. ദി കേരള സ്റ്റോറിയെന്ന പ്രൊപ്പഗണ്ട സിനിമ വിവിധ മതവിശ്വാസികൾക്കിടയിൽ വെറുപ്പും വിദ്വേഷവുമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും, സംവിധായകൻ സുദിപ്തോ സെന്നിനെതിരെ കേസെടുക്കണമെന്നും ഫിറോസ് പറഞ്ഞു.

‘കേരളത്തിൽ ഇസ്‌ലാമിക് സ്റ്റേറ്റ് സ്ഥാപിക്കാൻ വേണ്ടി മുസ്ലിംകൾ രാഷ്ട്രീയമായി പണിയെടുക്കുന്നുവെന്ന വ്യാജ ആരോപണമാണ് സിനിമയുടെ ട്രെയിലറിലുള്ളത്. ലൗ ജിഹാദെന്ന ഉണ്ടയില്ലാ വെടി സാക്ഷാൽ സുപ്രീം കോടതി പോലും തള്ളിക്കളഞ്ഞതാണ്. പക്ഷെ ഹിന്ദുക്കളായ സ്ത്രീകളെ വശീകരിച്ചു മതം മാറ്റി കല്യാണം കഴിച്ച് തീവ്രവാദത്തിലേക്ക് കടത്തുകയും ഇത്തരത്തിൽ കേരളത്തിൽ മുപ്പത്തിനായിരത്തിലേറെ പേരെ വഞ്ചിക്കുകയും ചെയ്തുവെന്ന ഗുരുതരമായ ആരോപണമാണ് ഇതിലുള്ളത്. ഇസ്‌ലാം മതം പോലും ഇത്തരം വശീകരണ തന്ത്രങ്ങൾ നിഷിദ്ധമായി കാണുമ്പോൾ മതാനുശാസനം അനുസരിച്ച് വിശ്വാസത്തിന്റെ ഭാഗമായി മുസ്ലിംകൾ എന്തോ പുണ്യപ്രവൃത്തി പോലെ ഇത് ചെയ്യുന്നുവെന്നു വിശ്വസിക്കാൻ ആരെങ്കിലും തയ്യാറാവുമോ?’, ഫിറോസ് ചോദിക്കുന്നു.

Also Read:സിനിമാമേഖലയിൽ ലഹരി ഉപയോഗിക്കുന്ന നടീനടൻമാർക്കെതിരെ നടപടിയെടുക്കാൻ സംഘടനകൾ സഹകരിക്കുന്നില്ല: എക്‌സൈസ്

‘നിങ്ങള്‍ പറയുന്ന ‘ദി കേരള സ്റ്റോറി’ ഞങ്ങളുടെ കേരളത്തിന്റെ സ്റ്റോറിയല്ല. ഈ കേരളം നിങ്ങളുടെ സംഘപരിവാര്‍ ഭാവനയില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന കേരളമാണ്. ആ കേരളമാകുവാന്‍ ഞങ്ങള്‍ക്ക് സാധ്യമല്ല. സിനിമയിലൂടെ നിങ്ങള്‍ പറഞ്ഞ് വെക്കുന്നത് ഫസ്റ്റ് ക്ലാസ്സ് അപരവത്കരണമാണ്. ലക്ഷണമൊത്ത ഫാഷിസ്റ്റ് സ്ട്രാറ്റജി തന്നെ’, രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു.

മുസ്‌ലിം വിദ്വേഷം പ്രചരിപ്പിക്കുന്ന ‘കേരള സ്റ്റോറി’ക്കെതിരെ പരാതി നൽകിയിട്ടും നടപടിയെടുക്കാത്തത് പ്രതിഷേധാർഹമാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ്. പച്ചക്കള്ളവും വിദ്വേഷവുമാണ് സിനിമ പ്രചരിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി തമിഴ് മാധ്യമ പ്രവർത്തകനായ ബി.ആർ അരവിന്ദാക്ഷൻ കേരള മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിരുന്നു. പരാതിയിൽ കേസെടുക്കാൻ ഡി.ജി.പി അനിൽ കാന്ത് സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദേശം നൽകിയിട്ടും ഇതുവരെയും നടപടി ഒന്നും ഉണ്ടാകാത്തതിന്റെ തുടർന്നാണ്, വിമർശനവുമായി സോളിഡാരിറ്റി രംഗത്ത് വന്നത്.

അതേസമയം, ആദാ ശർമ്മ നായികയായ ‘ദി കേരള സ്റ്റോറി’ മെയ് 5ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. അസ്മ, ലഖ്‌നൗ ടൈംസ്, ദി ലാസ്റ്റ് മങ്ക് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സുദീപ്തോ സെൻ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. ബുർഖ ധരിച്ച ഒരു സ്ത്രീയുടെ ചിത്രമുള്ള, ‘മറച്ചുവെച്ച സത്യം വെളിവാക്കുന്നു’ എന്ന ടാഗ്‌ലൈനോടുകൂടിയ പോസ്റ്ററോടെയാണ് നിർമ്മാതാക്കൾ റിലീസ് തീയതി പ്രഖ്യാപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button