
ഇ-മെയിലുകൾ ഉപയോഗിക്കുന്നവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ. ഇ-മെയിൽ അക്കൗണ്ടുകൾക്ക് വെരിഫൈഡ് ചെക്ക് മാർക്ക് നൽകാനാണ് ഗൂഗിൾ പദ്ധതിയിടുന്നത്. ട്വിറ്റർ, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയകളിലെ ബ്ലൂ ടിക്കിന് സമാനമായ രീതിയിലാണ് ഇ-മെയിലിലും വെരിഫൈഡ് ചിഹ്നം എത്തുന്നത്. സന്ദേശം അയച്ച ആളുടെ പേരിന് നേരെയാണ് വെരിഫൈഡ് ചെക്ക് മാർക്ക് ദൃശ്യമാകുക.
2021-ൽ ജിമെയിലിൽ അവതരിപ്പിച്ച ബ്രാൻഡ് ഇൻഡിക്കേറ്റർസ് ഫോർ മെസേജ് ഐഡന്റിഫിക്കേഷൻ ഫീച്ചറിന്റെ ഭാഗമായി ഇമെയിൽ സന്ദേശമയക്കുന്നവരെ തിരിച്ചറിയാനുള്ള സംവിധാനങ്ങൾ ഉൾക്കൊള്ളിച്ചിരുന്നു. പുതിയ നീക്കത്തിലൂടെ ഇമെയിൽ വഴിയുള്ള തട്ടിപ്പുകൾ കുറയ്ക്കാൻ കഴിയുമെന്നാണ് കമ്പനിയുടെ വിലയിരുത്താൻ. ഇതോടെ, യഥാർത്ഥ ഇ-മെയിൽ ഐഡികളാണോയെന്ന് ഒറ്റനോട്ടത്തിൽ തന്നെ ഉപഭോക്താക്കൾക്ക് തിരിച്ചറിയാൻ സാധിക്കും.
ഗൂഗിൾ വർക്ക് സ്പേസ് ഉപഭോക്താക്കൾക്കാണ് ചെക്ക് മാർക്ക് ലഭിക്കുക. കൂടാതെ, ജി സ്യൂട്ട് ബേസിക്, ബിസിനസ് ഉപഭോക്താക്കൾക്കും പേഴ്സണൽ ഗൂഗിൾ അക്കൗണ്ട് ഉള്ളവർക്കും പുതിയ ഫീച്ചർ ലഭിക്കുന്നതാണ്. വിവിധ തരത്തിലുള്ള സ്പാം അക്കൗണ്ടുകളെ തിരിച്ചറിയുന്നതിനായി വെരിഫൈഡ് സംവിധാനം ഉപയോഗപ്പെടുത്താവുന്നതാണ്.
Post Your Comments