KeralaLatest NewsNews

കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറച്ചത് സംസ്ഥാനത്തെ സാമ്പത്തികമായി ഞെക്കി കൊല്ലാനുള്ള ശ്രമത്തിന്റെ ഭാഗം: സിപിഎം

തിരുവനന്തപുരം: കേരളത്തിന് അർഹമായ കടമെടുപ്പ് പരിധി കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചത് സംസ്ഥാനത്തെ സാമ്പത്തികമായി ഞെക്കി കൊല്ലാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. കേരളത്തിനുള്ള ഗ്രാന്റുകളും, വായ്പകളും നിഷേധിക്കുകയും, വെട്ടിക്കുറയ്ക്കുകയും ചെയ്ത് നിരന്തരമായി സംസ്ഥാനത്തെ ദ്രോഹിക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റേതെന്ന് സിപിഎം വ്യക്തമാക്കി.

Read Also: ഡമ്മി തോക്ക് കാട്ടി ഭീഷണിപ്പെടുത്തി പർദയണിഞ്ഞെത്തിയ മോഷ്ടാക്കൾ 20 പവൻ കവർന്നു: മൂന്നു പേർ അറസ്റ്റിൽ

കേരളത്തിൽ സാധ്യതയുള്ള എല്ലാ വികസന പ്രവൃത്തികൾക്കും കേന്ദ്രം തുരങ്കം വയ്ക്കുകയാണ്. ഇതിന് പുറമെയാണ് നിർബന്ധമായും നൽകേണ്ട സാമ്പത്തിക അനുമതികളിൽ കൈകടത്തുന്നത്. നടപ്പു വർഷം 32,442 കോടി രൂപയുടെ വായ്പ എടുക്കാനുള്ള അനുമതി സാമ്പത്തിക വർഷാരംഭത്തിൽ കേന്ദ്രം നൽകിയിരുന്നതാണ്. എന്നാൽ 15,390 കോടി രൂപയുടെ അനുമതി മാത്രമാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഗ്രാന്റിനത്തിൽ 10,000 കോടിയുടെ വെട്ടിക്കുറവ് ഈ വർഷം വരുത്തിയതിന് പുറമെയാണിത്. ഇത് കേരളത്തിലെ ജനങ്ങൾക്കെതിരായുള്ള വെല്ലുവിളിയാണ്. ധന ഉത്തരവാദിത്ത നിയമ പ്രകാരവും, കേന്ദ്ര ധനക്കമ്മീഷന്റെ നിർദ്ദേശപ്രകാരം പരിശോധിച്ചാലും കേന്ദ്രസർക്കാർ നടപടി ശരിയല്ലെന്ന് കാണാം. രാജ്യത്തെ സാമ്പത്തിക മാനേജ്മെന്റ് കൂടുതൽ സുതാര്യമാക്കുന്നതിനാണ് ഈ ആക്ട്. അത് പോലും കേന്ദ്രം അംഗീകരിക്കുന്നില്ല. കടമെടുപ്പ് പരിധി വെട്ടിക്കുറവ് വരുത്തിയതിനുള്ള കാരണമെന്തെന്ന് പോലും വ്യക്തമാക്കാൻ കേന്ദ്രം തയ്യാറായിട്ടില്ലെന്ന് സിപിഎം വിമർശിച്ചു.

മുൻപ് ഇക്കാര്യങ്ങൾ വിശദമാക്കാനെങ്കിലും തയ്യാറായിട്ടുണ്ട്. കഴിഞ്ഞ ഏഴ് വർഷമായി കേന്ദ്രസർക്കാർ തുടരുന്ന സമീപനം കേരളത്തെ എങ്ങിനെയൊക്കെ ബുദ്ധിമുട്ടിക്കാമെന്നതിലുള്ള ഗവേഷണമാണ്. രാജ്യത്തെ ഭരണഘടനയേയോ ജനാധിപത്യ മൂല്യങ്ങളേയോ ഫെഡറൽ തത്വങ്ങളേയോ മാനിക്കാൻ ബിജെപി ഭരിക്കുന്ന കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. കഴിഞ്ഞ സാമ്പത്തിക വർഷം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലും സംസ്ഥാനം ജനങ്ങളെ ഒരുവിധത്തിലും ബുദ്ധിമുട്ടിക്കാതെ കഴിയാവുന്നത്ര ക്ഷേമ-വികസന പദ്ധതികൾ നടപ്പാക്കുകയാണ് ചെയ്തത്. അതൊന്നും ദഹിക്കാത്തതുകൊണ്ടാണ് കൂടുതൽ ഞെരുക്കുന്ന സമീപനം കേന്ദ്രം സ്വീകരിക്കുന്നത്. സംസ്ഥാനത്തിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുക എന്ന രാഷ്ട്രീയ ലക്ഷ്യമാണ് ഇതിനു പിന്നിൽ. ഇത് സംസ്ഥാനത്തെയാകെ പ്രതിസന്ധിയിലാക്കും. ജനങ്ങളാകെ ഒരുമിച്ചും, രാഷ്ട്രീയ ഭിന്നതകൾ മാറ്റിവെച്ചും സംസ്ഥാന താൽപര്യം ഉയർത്തിപ്പിടിക്കേണ്ട ഘട്ടമാണിതെന്ന് സിപിഎം ചൂണ്ടിക്കാട്ടി.

കർണാടക തോൽവിയോടെ നിലതെറ്റിയ അവസ്ഥയാണ് ബിജെപിയ്ക്ക്. രാജ്യത്താകെ ഉയരുന്ന വർഗീയ വിരുദ്ധ മുന്നണിക്ക് സിപിഎമ്മും ഇടതുപക്ഷവും ശക്തമായ പ്രേരണയും, നേതൃത്വവും നൽകുന്നു. ന്യൂനപക്ഷ വേട്ടയ്ക്കും, കോർപറേറ്റ് സേവയ്ക്കുമെതിരെ ശക്തമായ നിലപാടാണ് എൽഡിഎഫ് സ്വീകരിച്ചു പോരുന്നത്. കർണാടക തെരഞ്ഞെടുപ്പ് വേളയിൽ കേരളത്തെ അപമാനിക്കുക ലക്ഷ്യമിട്ട് സംഘപരിവാർ പിന്തുണയോടെ പുറത്തിറക്കിയ ദി കേരള സ്റ്റോറി സിനിമയടക്കം ബിജെപിയുടെ പൊള്ളത്തരങ്ങൾ തുറന്നു കാണിക്കാൻ സിപിഎമ്മും, ഇടതുപക്ഷവും മുന്നിൽ നിന്നിരുന്നു. ജനങ്ങളോടൊപ്പം നിന്ന് ഉയർത്തിപ്പിടിക്കുന്ന ഇത്തരം നിലപാടുകൾക്കെതിരായ പ്രതികാരം കൂടിയാണ് കേരളത്തിനെതിരായ കേന്ദ്ര നീക്കമെന്നുവേണം സംശയിക്കാൻ. സാമ്പത്തികമായി കടുത്ത വിലക്ക് ഏർപ്പെടുത്തുന്നതിന് സമാനമായ നിലപാടാണ് കേന്ദ്രത്തിന്റേത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും സിപിഎം ആവശ്യപ്പെട്ടു.

Read Also: ബാർബി ഡോളിനെ പോലെയാകാൻ യുവതി ചെലവഴിച്ചത് 82ലക്ഷം രൂപ: മൂക്ക്, ചുണ്ട്, മാറിടം എന്നിവിടങ്ങളിൽ സൗന്ദര്യ ശസ്ത്രക്രിയ

shortlink

Related Articles

Post Your Comments

Related Articles


Back to top button