
ആഭ്യന്തര കലാപം മൂലം കലുഷിതമായ മണിപ്പൂരിൽ ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനം ജൂൺ 10 വരെ തുടരും. മണിപ്പൂർ സർക്കാരാണ് ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനം ജൂൺ 10 വരെ വീണ്ടും നീട്ടിയത്. കമ്മീഷണർ (ഹോം) എച്ച് ഗ്യാൻ പ്രകാശ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, ബ്രോഡ്ബാൻഡ് ഉൾപ്പെടെയുള്ള മൊബൈൽ ഡാറ്റ സേവനങ്ങളുടെ സസ്പെൻഷൻ ജൂൺ 10ന് ഉച്ചകഴിഞ്ഞ് 3 മണി വരെയാണ് നീട്ടിയിരിക്കുന്നത്. മെയ് 3 മുതലാണ് സംസ്ഥാനത്ത് ഇന്റർനെറ്റ് സേവനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്.
മെയ്തേയ് സമുദായത്തിന്റെ പട്ടികവർഗ്ഗ പദവി ആവശ്യത്തിൽ പ്രതിഷേധിച്ച് മലയോര ജില്ലകളിൽ ‘ആദിവാസി ഐക്യദാർഢ്യ മാർച്ച്’ സംഘടിപ്പിച്ചതിന് പിന്നാലെയാണ് മെയ് 3 മുതൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഒരുമാസത്തോളം നീണ്ടുനിന്ന വംശീയ കലാപത്തിൽ 98 പേർക്ക് ജീവൻ നഷ്ടപ്പെടുകയും, 310 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ ഇടപെടലിനെ തുടർന്ന് മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. കൂടാതെ, സംഘർഷവുമായി ബന്ധപ്പെട്ട് പ്രത്യേക പാനൽ ഉടൻ അന്വേഷണം ആരംഭിക്കുന്നതാണ്.
Post Your Comments