
കാസര്‍കോട്: മഹാരാജാസ് കോളേജ് വ്യാജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ കുറ്റാരോപിതയായ കെ വിദ്യ മുന്‍പും ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചെന്ന് കണ്ടെത്തല്‍. കാസര്‍കോട് കരിന്തളം ഗവണ്‍മെന്റ് കോളേജില്‍ വിദ്യ ജോലി നേടിയതും വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചായിരുന്നു. 2022 ജൂണ്‍ മുതല്‍ 2023 മാര്‍ച്ച് വരെ ഗസ്റ്റ് ലക്ച്ചററായാണ് ജോലി ചെയ്തത്. മഹാരാജാസ് കോളേജിന്റെ പേരിലുള്ള വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റാണ് വിദ്യ ഹാജരാക്കിയതെന്ന് കരിന്തളം ഗവണ്‍മെന്റ് കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് സ്ഥിരീകരിച്ചു.
Read Also: ജോലി നൽകാമെന്ന് പറഞ്ഞ് വിളിച്ചു കൊണ്ടുപോയി പണവും മൊബൈൽ ഫോണും മോഷ്ടിച്ചു : പ്രതി അറസ്റ്റിൽ
മഹാരാജാസ് കോളജിലെ പൂര്‍വ വിദ്യാര്‍ഥിനിയായിരുന്നു കാസര്‍കോട് സ്വദേശി വിദ്യ കെ. 2018 മുതല്‍ 2021 വരെ മഹാരാജാസ് കോളേജില്‍ താത്കാലിക അധ്യാപികയായിരുന്നു എന്ന വ്യാജ രേഖയാണ് വിദ്യ ഉപയോഗിച്ചത്. പ്രിന്‍സിപ്പലിന്റെ ഒപ്പും സീലും ഉള്‍പ്പെടുത്തി ഉണ്ടാക്കിയെടുത്ത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പാണ് വിദ്യ പാലക്കാട് അട്ടപ്പാടി ഗവ കോളജിലെ താല്‍ക്കാലിക അധ്യാപക നിയമനത്തിന് ഹാജരാക്കിയത്. സംശയം തോന്നിയ അധ്യാപകര്‍ മഹാരാജാസ് കോളേജില്‍ വിവരം അറിയിച്ചതോടെ സംഭവം പുറത്തായി.
മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിന്റെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അട്ടപ്പാടി പൊലീസിന് കൈമാറും. ഇതിന് പിന്നാലെയാണ് വിദ്യ മുന്‍പ് ജോലി ചെയ്ത കരിന്തളം ഗവണ്‍മെന്റ് കോളേജിലും അന്വേഷണം നടന്നത്. ഇവിടെയും വ്യാജരേഖ ഉപയോഗിച്ചെന്ന് വ്യക്തമായതോടെ വിദ്യക്കെതിരെ കൂടുതല്‍ ശക്തമായ അന്വേഷണം വരും. അതേസമയം വിദ്യയെ അറിയാമെന്നും എന്നാല്‍ വ്യാജരേഖ ചമച്ചതില്‍ പങ്കില്ലെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ അറിയിച്ചു.
Post Your Comments