Latest NewsKeralaNews

എഐ ക്യാമറ പെറ്റി തുണയായി: യുവാവിന്റെ പേരില്‍ 13 വര്‍ഷം മുമ്പ് വ്യാജമായി രജിസ്റ്റര്‍ ചെയ്ത ബൈക്ക് പിടികൂടി

പത്തനംതിട്ട: യുവാവിന്റെ പേരില്‍ 13 വര്‍ഷം മുമ്പ് വ്യാജമായി രജിസ്റ്റര്‍ ചെയ്ത ബൈക്ക് പൊലീസ് പിടികൂടി. പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ  ആസിഫ് അബൂബക്കര്‍ എന്ന യുവാവിന്റെ പേര് ഉപയോഗിച്ച് വ്യാജമായി രജിസ്റ്റർ ചെയ്ത ബൈക്ക് ആണ് പൊലീസ് പിടികൂടി.

എന്നാല്‍, ഈ ബൈക്ക് രജിസ്റ്റര്‍ ചെയ്യുകയും ഉപയോഗിക്കുകയും ചെയ്തിരുന്ന പ്രതികളെ കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. പല സ്ഥലങ്ങളിലുള്ള എഐ ക്യാമറകളിൽ നിന്ന് നിരന്തരം പെറ്റി കിട്ടിയപ്പോഴാണ് തന്റെ പേരിൽ വ്യാജമായി ബൈക്ക് രജിസ്റ്റർ ചെയ്ത കാര്യം ആസിഫ് തിരിച്ചറിഞ്ഞത്.

തന്റെ പേരിൽ വ്യാജ രജിസ്ട്രേഷന്‍ എടുത്ത ബൈക്ക് പിടികൂടണമെന്നാവശ്യപ്പെട്ട് ആസിഫ് അബൂബക്കർ മോട്ടോർ വാഹന വകുപ്പിലും പൊലീസ് സ്റ്റേഷനുകളിലും നിരവധി പരാതികള്‍ നല്‍കിയിരുന്നു. ഒടുവിൽ എസ്പിക്ക് പരാതി നൽകിയതോടെയാണ് കാര്യങ്ങൾ നീങ്ങിത്തുടങ്ങിയത്. അടൂർ സിഐ കഴിഞ്ഞ ദിവസം ബൈക്ക് കസ്റ്റഡിയിലെടുത്തു. എന്നാൽ, 13 കൊല്ലം മുമ്പ് വ്യാജമായി ബൈക്ക് രജിസ്റ്റർ ചെയ്തവരെ കണ്ടെത്താനായില്ലെന്നാണ് പൊലീസ് പറയുന്നത്.

ബൈക്ക് ഇപ്പോൾ ഉപയോഗിച്ചുവരുന്ന ആളെ കണ്ടു പൊലീസ് ചോദ്യംചെയ്തു. ഒരു സുഹൃത്തിന്റെ കൈയ്യിൽ നിന്ന് ഏഴു കൊല്ലം മുൻപ് ബൈക്ക് വാങ്ങിയെന്ന് മാത്രമാണ് അയാളുടെ മൊഴി. മോട്ടോർ വാഹനവകുപ്പ് എങ്ങനെ വ്യാജരേഖകൾ വെച്ച് ബൈക്ക് രജിസ്റ്റർ ചെയ്തു നൽകി, ഉദ്യോഗസ്ഥരെ ആരെങ്കിലും സ്വാധീനിച്ചോ തുടങ്ങിയ കാര്യങ്ങൾ ഇനിയും കണ്ടെത്താനുണ്ടെന്ന് പൊലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button