Latest NewsKeralaNews

അന്തർ സംസ്ഥാന മയക്കുമരുന്ന് സംഘത്തിലെ മുഖ്യകണ്ണി: മൂന്ന് വർഷത്തോളം ഒളിവിലായിരുന്ന 24കാരൻ പിടിയിൽ

തിരുവനന്തപുരം: മൂന്നു വർഷത്തോളം ഒളിവിൽകഴിഞ്ഞ മയക്കുമരുന്ന് കേസിലെ പ്രതിയെ ബാംഗ്ലൂരിലെ ഒളിത്താവളത്തിൽ നിന്ന് പിടികൂടി. അന്തർ സംസ്ഥാന മയക്കുമരുന്ന് സംഘത്തിലെ മുഖ്യകണ്ണിയെയാണ് പിടികൂടിയത്. ദക്ഷിണേന്ത്യയിലെ വിവിധ ഭാഗങ്ങളിലേക്ക് ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ മുഖ്യ സൂത്രധാരൻ കോഴിക്കോട് പുതിയങ്ങാടി കൊരണി വയൽ സ്വദേശി അനഗേഷ് എന്ന 24കാരനാണ് അറസ്റ്റിലായത്. ബാംഗ്ലൂരിലെ ഒളിത്താവളത്തിൽ നിന്നും ജില്ല ഡെപ്യൂട്ടി കമ്മീഷണർ കെ ഇ ബൈജു ഐപിഎസിന്റെ കീഴിലുള്ള സ്‌പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ചേവായൂർ സബ്ബ് ഇൻസ്‌പെക്ടർ നിമിൻ കെ ദിവാകരനും ചേർന്നാണ് ഇയാളെ പിടികൂടിയത്. ഇയാളെ ചേവായൂർ സ്റ്റേഷനിലെത്തിച്ച് മെഡിക്കൽ കോളേജ് എസിപി കെ സുദർശന്റെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്ത ശേഷം ചേവായൂർ ഇൻസ്‌പെക്ടർ ആഗേഷ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Read Also: നെല്ലിന് കീടനാശിനി തളിക്കുന്നതിനിടെ അവശനായി ചികിത്സയിലായിരുന്ന യുവകർഷകൻ മരിച്ചു: രണ്ടുപേരുടെ നില ഗുരുതരം

2020 നവംബർ മാസം 17-ാം തീയതി ചേവായൂർ പോലീസും ഡൻസാഫും ചേർന്ന് 16 കിലോഗ്രാം കഞ്ചാവ് പാറോപ്പടിയിലെ ആളൊഴിഞ്ഞ റൂമിൽ നിന്നും പിടികൂടിയിരുന്നു. എന്നാൽ ഈ റൂം അനഗേഷ് വാടകക്ക് എടുത്തതായിരുന്നു. ഈ റൂമിൽ വെച്ചായിരുന്നു കഞ്ചാവ് വിൽപന നടത്തിയിരുന്നത്. കേസിൽ പ്രതി ചേർന്നിരുന്ന അനഗേഷ് പോലീസിനെ വെട്ടിച്ച് മുങ്ങുകയായിരുന്നു. ഈ കേസിൽ നാലു പേർ അറസ്റ്റിലായിരുന്നു.

മാസങ്ങൾക്ക് മുമ്പ് രഹസ്യവിവരത്തെ തുടർന്ന് പോലീസ് ഇയാളെ അന്വേഷിച്ചു ബാംഗ്ലൂരിൽ എത്തിയെങ്കിലും പോലീസിനെ കണ്ട് ഇയാൾ കാറിൽ രക്ഷപ്പെടുകയായിരുന്നു. അതിനു ശേഷം സ്ഥിരമായി ഒരുസ്ഥലത്ത് തങ്ങാതെ പലയിടങ്ങളിൽ സംഘാംഗങ്ങളുടെ കൂടെ മാറിമാറി താമസിക്കുകയായിരുന്നു. രക്ഷപ്പെട്ട കാർ പിന്നീട് കാമുകിയുടെ സഹോദരനും സുഹൃത്തും നാട്ടിലെത്തിക്കുകയും ചെയ്തു. ലഹരിക്കടിമകളായ നിരവധി യുവാക്കളെ പോലീസിന്റെ സാന്നിദ്ധ്യമുണ്ടായാൽ അറിയിക്കാൻ പല സ്ഥലങ്ങളിലും നിയോഗിച്ചിരുന്നു. ഡെപ്യൂട്ടി കമ്മീഷണറുടെ നിർദ്ദേശപ്രകാരം സിറ്റി സ്‌പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് ഇയാളെ കുറിച്ച് അന്വേഷിക്കുകയും ബാംഗ്ലൂരിൽ തിരിച്ചെത്തിയതായ വിവരങ്ങൾ ലഭിക്കുകയും ചെയ്തു. തുടർന്ന് പ്രത്യേക അന്വേഷണ സംഘം ബാംഗ്ലൂരിലേക്ക് തിരിക്കുകയും ദിവസങ്ങളോളം നിരീക്ഷിച്ച് താവളം കണ്ടെത്തുകയും നാലാം നിലയിലുള്ള റൂമിൽ നിന്നും പിടികൂടുകയുമായിരുന്നു.

തുടർന്ന് പ്രതിയെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നും കുറ്റം സമ്മതിക്കുകയും പോലീസിന്റെ കൈയ്യിൽ നിന്നും രക്ഷപ്പെട്ട ശേഷം തിരുപതിയിൽ എത്തുകയും അവിടെ ഒരാഴ്ച നിന്ന ശേഷം മുംബെയിൽ എത്തുകയും പിന്നീട് സുഹൃത്തിന്റെ സഹായത്തോടെ ഹിമാചൽ പ്രദേശിൽ ഒളിവിൽ കഴിയുകയുമായിരുന്നു. നാലു മാസത്തിനു ശേഷം വീണ്ടും ബാംഗ്ലൂരിൽ എത്തുകയും പഴയതാമസ സ്ഥലത്ത് നിന്നും മാറി ബാംഗ്ലൂരിലെ സംഘാംഗങ്ങളുടെ കൂടെ ഉൾപ്രദേശങ്ങളിൽ മാറി മാറി ഒളിവിൽ കഴിയുകയുമായിരുന്നു. ഇയാളുടെ സംഘത്തിൽപ്പെട്ട ചിലർ കോഴിക്കോട് കേന്ദ്രീകരിച്ച് രാസലഹരി വിപണനം ചെയ്യുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചു വരികയാണ്. കൂടാതെ ഫോൺ പരിശോധിച്ചതിൽ കണ്ട പണമിടപാടുകളെ കുറിച്ചും പോലീസ് അന്വേഷിച്ചു വരുന്നുണ്ട്.

Read Also: വ്യാജ ഷോപ്പിംഗ് സൈറ്റുകൾക്കെതിരെ ജാഗ്രത പാലിക്കണം: മുന്നറിയിപ്പുമായി പോലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button