ശ്രീനഗർ: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. പുല്‍വാമയിലെ പരിഗാം മേഖലയിലാണ് ഏറ്റുമുട്ടല്‍ തുടരുന്നത്. കശ്മീര്‍ സോണ്‍ പോലീസാണ് ഇക്കാര്യം പുറത്തുവിട്ടത്. ഷോപ്പിയാനില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പുതിയ സംഭവവികാസം.
ഒക്ടോബർ 26 പുലർച്ചെ കതോഹലനിൽ ഉണ്ടായ ഏറ്റുമുട്ടലിൽ മൈസർ അഹമ്മദ് ദർ എന്ന ഭീകരനാണ് കൊല്ലപ്പെട്ടത്. മൈസർ അഹമ്മദിന് ഭീകര സംഘടനയായ ദ റെസിസ്റ്റൻസ് ഫ്രണ്ടുമായി ബന്ധമുണ്ടെന്നും സുരക്ഷാ സേന വ്യക്തമാക്കിയിരുന്നു.
നേരത്തെ, രാംഗഡ് സെക്ടറിലെ അന്താരാഷ്ട്ര അതിർത്തിയിലുണ്ടായ വെടിവയ്പ്പിൽ ബിഎസ്എഫ് ജവാന് പരിക്കേറ്റിരുന്നു. ചൊവ്വാഴ്‌ച, ജമ്മു കശ്മീർ താഴ്‌വരയിൽ ഭീകരർ നടത്തിയ ആക്രമണങ്ങളിൽ ഒരു പോലീസുകാരനും ഒരു പ്രാദേശിക തൊഴിലാളിയും കൊല്ലപ്പെട്ടതിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് 10 ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ഒക്‌ടോബർ 30 മുതൽ മൂന്ന് ദിവസങ്ങളിലായി തുടർച്ചയായി നടന്ന ഭീകരാക്രമണങ്ങളെ കുറിച്ച് വിശ്വസനീയമായ വിവരങ്ങൾ നൽകുന്നവർക്ക് പോലീസ് 10 ലക്ഷം രൂപ വീതം പാരിതോഷികം നൽകുമെന്നാണ് പൊതു അറിയിപ്പിൽ പറയുന്നത്.
Post Your Comments