പുതുവർഷത്തിൽ കെ-സ്മാർട്ട് പദ്ധതിക്ക് തുടക്കമിട്ട് സംസ്ഥാന സർക്കാർ. തദ്ദേശ വകുപ്പിന്റെ സേവനങ്ങൾ ലഭ്യമാകുന്ന കെ-സ്മാർട്ട് പദ്ധതി കൊച്ചി ഗോകുലം കൺവെൻഷനിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ആദ്യ ഘട്ടത്തിൽ 8 സേവനങ്ങളാണ് കെ-സ്മാർട്ട് ആപ്പ് മുഖാന്തരം ഉപഭോക്താക്കൾക്ക് ലഭിക്കുക. സേവനങ്ങൾക്കായി സർക്കാർ ഓഫീസുകളിലേക്ക് എത്തുന്ന ജനങ്ങളെ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്ന് കെ-സ്മാർട്ട് പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വ്യക്തമാക്കി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള സേവനങ്ങൾ സമയബന്ധിതമായി ഓഫീസുകളിൽ പോകാതെ തന്നെ ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുന്ന തരത്തിലാണ് കെ-സ്മാർട്ട് ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിലവിൽ, കോർപ്പറേഷനുകൾ, നഗരസഭകൾ എന്നിവിടങ്ങളിലാണ് കെ-സ്മാർട്ടിന്റെ സേവനം ലഭിക്കുക. തുടർന്ന് ഏപ്രിൽ 1 മുതൽ മുഴുവൻ പഞ്ചായത്തുകൾ കൂടി കെ-സ്മാർട്ട് പരിധിയിലേക്ക് എത്തിക്കുന്ന തരത്തിലാണ് പ്രവർത്തനം.
കെ-സ്മാർട്ട് ആപ്പിലൂടെ സമർപ്പിക്കുന്ന അപേക്ഷകളുടെയും പരാതികളുടെയും നിലവിലെ സ്ഥിതി വിവരങ്ങൾ അപേക്ഷകന് വാട്സ്‌ആപ്പ്, ഇ-മെയിൽ എന്നിവയിൽ കൂടി എളുപ്പത്തിൽ ലഭിക്കുന്നതാണ്. തുടക്കത്തിൽ ജനന-മരണ, വിവാഹ രജിസ്‌ട്രേഷൻ, വ്യാപാര- വ്യവസായ ലൈസൻസ്, വസ്തു നികുതി, യൂസർ മാനേജ്‌മെന്റ്, ഫയൽ മാനേജ്‌മെന്റ്, ഫിനാൻസ് മോഡ്യൂൾ, കെട്ടിട നിർമ്മാണ അനുമതി, പൊതുജന പരാതി പരിഹാരം എന്നീ സേവനങ്ങളായിരിക്കും ലഭിക്കുക.
Post Your Comments