മേപ്പാടി: 59 പേരുടെ ജീവനെടുത്ത കവളപ്പാറ ദുരന്തത്തിനും 17 പേരുടെ ജീവനെടുത്ത പുത്തുമല ദുരന്തത്തിനും ഇന്ന് അഞ്ചാണ്ട്. 2019 ഓഗസ്റ്റ് എട്ടിനായിരുന്നു മേപ്പാടി പച്ചക്കാട് ഉണ്ടായ ഉരുള്‍പൊട്ടല്‍ പുത്തുമലയില്‍ വന്‍ നാശം വിതച്ചത്. 58 വീടുകള്‍ പൂര്‍ണമായും 20 ലേറെ വീടുകള്‍ ഭാഗികമായും തകര്‍ത്താണ് പുത്തുമലയിലൂടെ ചെളിയും കല്ലുകളും കുത്തിയൊലിച്ചിറങ്ങിയത്. അപകടത്തില്‍പ്പെട്ട 5പേരെ കണ്ടെത്താന്‍ കഴിയാതെയാണ് അന്ന് തിരച്ചില്‍ അവസാനിപ്പിച്ചത്.
പുത്തുമലയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ മാത്രം അകലെയാണ് ഇപ്പോള്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ മുണ്ടക്കൈയും ചൂരല്‍മലയും. ഉരുള്‍പ്പൊട്ടിയതിനെ തുടര്‍ന്ന് പുത്തുമലയില്‍ നിന്ന് നേരത്തെ കുടുംബങ്ങള്‍ കുടിയൊഴിഞ്ഞുപോയ ഭൂമിയിലാണ് മുണ്ടക്കൈ അപകടത്തില്‍ മരിച്ചവരില്‍ മൃതദേഹം സംസ്‌കരിക്കുന്നത്.
കവളപ്പാറയില്‍ 59 പേരുടെ ജീവനെടുത്ത ഉരുള്‍പൊട്ടലില്‍ 11പേര്‍ കണ്ടെത്താനാവാതെ ഇപ്പോഴും ദുരന്തഭൂമിയില്‍ മണ്ണിനടിയിലാണ്. അഞ്ചുവര്‍ഷം മുമ്പ് ഇതേദിവസം ഒരു രാത്രിയിലാണ് ഒരു ഗ്രാമം തന്നെ മണ്ണിടിഞ്ഞ് ഇല്ലാതായത്. 2019 ഓഗസ്റ്റ് 8ന് രാത്രി ഏഴരയോടെയാണ് മുത്തപ്പന്‍ കുന്ന് കവളപ്പാറ ഗ്രാമത്തിന് മുകളിലേക്ക് പതിച്ചത്.രണ്ട് ദിവസമായി നിലയ്ക്കാതെ പെയ്ത മഴയിലാണ് മുകളിലെ കുന്ന് ഇടിഞ്ഞ് താഴെ താമസിക്കുന്നവരുടെ ജീവനെടുത്തത്. പിറ്റേന്ന് വെളുപ്പിനാണ് രാത്രിയുണ്ടായ അപകടം പുറം ലോകം അറിഞ്ഞത്.
20 ദിവസം നീണ്ട തിരച്ചില്‍ 48 മൃതദേഹങ്ങള്‍ മണ്ണിനടിയില്‍ നിന്ന് കിട്ടി.11 പേര്‍ ഇപ്പോഴും മണ്ണിനടിയില്‍ ഉറങ്ങുന്നു.
Post Your Comments