KeralaLatest NewsNews

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം: ഇതുവരെ മരണം 413: സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നാളെ വയനാട്ടിലേയ്ക്ക്

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കുള്ള തെരച്ചില്‍ ഇന്ന് പത്താം ദിവസവും തുടരും. ഇന്നലെ മൃതദേഹഭാഗം കിട്ടിയ സണ്‍റൈസ് വാലി കേന്ദ്രീകരിച്ച് ഇന്ന് കൂടുതല്‍ പരിശോധന നടത്താനാണ് തീരുമാനം. തെരച്ചിലിന് കഡാവര്‍ നായകളും ഉണ്ടാകും. ചൂരല്‍മല, മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലും ചാലിയാര്‍ കേന്ദ്രീകരിച്ചും പതിവ് തെരച്ചില്‍ ഉണ്ടാകും. ആറ് സോണുകളായി തിരിഞ്ഞാകും തെരച്ചില്‍.

Read Also; സാക്ഷരതാമിഷൻ അതോറിറ്റിയിൽ അവസരം : അധ്യാപക പാനലിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

ശനിയാഴ്ച പ്രധാനമന്ത്രി എത്തുന്നതിന് മുന്നോടിയായുള്ള സുരക്ഷാ പരിശോധനകളും ഇന്ന് തുടരും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു ഇന്ന് വയനാട്ടിലെത്തും. ഇതുവരെ 413 മരണമാണ് സ്ഥിരീകരിച്ചത്. 16 ക്യാംപുകളിലായി 1968 പേരുമുണ്ട്. ഇവരുടെ പുനരധിവാസത്തിനായി വാടക വീടുകള്‍ കണ്ടെത്തുന്ന നടപടികളും തുടരുകയാണ്.

ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടിലേക്കുളള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തില്‍ കേരളം വലിയ പ്രതീക്ഷയിലാണ്. ഏറ്റവും തീവ്രതയുള്ള ദുരന്തമെന്ന നിലയില്‍ എല്‍ ത്രീ ദുരന്തമായി വയനാട് ഉരുള്‍പൊട്ടലിനെ പ്രഖ്യാപിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. പ്രധാനമന്ത്രിയുടെ വരവോടെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കില്‍ പുനരധിവാസത്തിന് വേണ്ട തുകയുടെ 75 ശതമാനം ദേശീയ ദുരന്ത നിവാരണ നിധിയില്‍ നിന്ന് കിട്ടും. കേന്ദ്ര സഹായം കൂട്ടണമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയടക്കം ലോക്‌സഭയില്‍ ആവശ്യപ്പെട്ടിരുന്നു. ദുരന്തമുണ്ടായത് മുതല്‍ സൈന്യത്തെ അയച്ചതിലടക്കം കേന്ദ്രത്തിന്റെ ഇടപെടലിനെ മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ പ്രതിപക്ഷവും അഭിനന്ദിച്ചിരുന്നു.

കേന്ദ്രവും സംസ്ഥാനവും കൈകോര്‍ത്തുള്ള വയനാട്ടിലെ ദൗത്യം തുടരുന്നതിനിടെയാണ് മോദിയുടെ സന്ദര്‍ശനം. രാജ്യത്തെ തന്നെ സമാനതകളില്ലാത്ത വലിയ ദുരന്തമുണ്ടായ വയനാട്ടിലേക്കാണ് ശനിയാഴ്ച പ്രധാനമന്ത്രിയെത്തുന്നത്. ഡല്‍ഹിയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിലാണ് ആദ്യം മോദിയെത്തുക. പിന്നീട് ഹെലികോപ്റ്ററില്‍ വയനാട്ടിലേക്ക് തിരിക്കും. ബെയ്‌ലി പാലത്തിലൂടെ ചൂരല്‍മലയിലേക്കെത്തി പ്രധാനമന്ത്രി നേരിട്ട് സ്ഥിതി വിലയിരുത്തുമെന്നാണ് വിവരം. അതിന് ശേഷം ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിക്കും. സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളെയും പങ്കെടുപ്പിച്ചുള്ള യോഗത്തിനും സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button